ആലപ്പുഴ: ബജറ്റ് ടൂറിസത്തിലൂടെ കെ.എസ്.ആർ.ടി.സി.ക്ക് മികച്ച വരുമാനനേട്ടം. കഴിഞ്ഞവർഷത്തെ ഉല്ലാസയാത്രകൾ, തീർഥാടന പാക്കേജുകൾ, ചാർട്ടേഡ് ട്രിപ്പുകൾ എന്നിവയിലൂടെ 43 കോടി രൂപ ലഭിച്ചു. 2024-ൽ 23 കോടി രൂപയായിരുന്നു വരുമാനം. ഒരുവർഷത്തിനിടെ ഇരട്ടി വരുമാനമാണ് ബജറ്റ് ടൂറിസം സെല്ലിലൂടെ (ബി.ടി.സി.) കെ.എസ്.ആർ.ടി.സി. സ്വന്തമാക്കിയത്.

To advertise here,

കഴിഞ്ഞ ഡിസംബറിൽ മാത്രം 5.51 കോടി രൂപയായിരുന്നു വരുമാനം. ഏകദേശം 2,500 ട്രിപ്പുകളിലായി 1,16,000 പേർ യാത്രചെയ്തു. 2024 ഡിസംബറിൽ 4.5 കോടി രൂപയായിരുന്നു വരുമാനം.

വിനോദസഞ്ചാരത്തിനു മുൻഗണന നൽകി കെ.എസ്.ആർ.ടി.സി. പുറത്തിറക്കിയ പ്രത്യേക നിറത്തിലുള്ള ബസുകൾ യാത്രക്കാർ സ്വീകരിച്ചതും നേട്ടത്തിനു പ്രധാന കാരണമായി. കുറഞ്ഞ നിരക്കിൽ വിനോദയാത്ര നടത്താമെന്നാണ് ബി.ടി.സി.യുടെ മറ്റൊരാകർഷണം.അവധിക്കാല നാളുകളിൽ കൂടുതൽ സർവീസ് നടത്തിയതാണ് ഡിസംബറിലെ വരുമാന വർധനയ്ക്കു കാരണം. കുടുംബത്തോടൊപ്പവും സുഹൃത്തുക്കളുമായും യാത്രചെയ്യാൻ ഒട്ടേറേപ്പേരാണ് കെ.എസ്.ആർ.ടി.സി. തിരഞ്ഞെടുത്തത്. പ്രധാനമായും മൂന്നാർ, മലക്കപ്പാറ യാത്രകൾക്ക് ആവശ്യക്കാർ ഏറെയായിരുന്നു.

തമിഴ്നാട്ടിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായ മേഘമല, ഊട്ടി, കൊടൈക്കനാൽ, രാമേശ്വരം, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രകളും സഞ്ചാരികളെ ആകർഷിച്ചു.

കെ.എസ്.ആർ.ടി.സി.യുടെ പരിചയസമ്പന്നരായ ഡ്രൈവർമാരും ജീവനക്കാരും ഓരോ സ്ഥലത്തെക്കുറിച്ചും കൃത്യമായ വിവരങ്ങൾ നൽകുന്നതും പ്രത്യേകതയാണ്.