കോന്നി: ആറ്റുകാൽ പൊങ്കാലയ്ക്ക് കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെല്ലിന്റെ പ്രത്യേക സർവീസുകളിലൂടെ ലഭിച്ചത് 40 ലക്ഷം രൂപ. 180 സ്പെഷ്യൽ ബസുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയത്.

To advertise here,

7000 യാത്രക്കാരാണ് ഈ ബസുകളിൽ പൊങ്കാലയ്ക്ക്‌ എത്തിയത്. പൊങ്കാലയുടെ തലേദിവസം ഉച്ചമുതൽ വിവിധ സ്ഥലങ്ങളിൽനിന്ന് കെ.എസ്.ആർ.ടി.സി. സ്‌പെഷ്യൽ സർവീസുകൾ പുറപ്പെട്ടിരുന്നു.

ബസുകളിൽ വരുന്ന തീർഥാടകർക്ക് തിരുവനന്തപുരം നഗരത്തിന്റെ പലഭാഗങ്ങളിലായിട്ടാണ് പൊങ്കാല അർപ്പിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തിയിരുന്നത്. റെസിഡൻസ് അസോസിയേഷൻ, ക്ഷേത്ര കമ്മിറ്റികൾ എന്നിവയുടെ സഹകരണത്തോടെ പൊങ്കാല ഇടാനുള്ള സ്ഥലങ്ങൾ കണ്ടെത്തിയിരുന്നു. അടുപ്പുകൂട്ടാനുള്ള ഇഷ്ടിക, വിറക് എന്നിവ പല റെസിഡൻസ് അസോസിയേഷൻകാരും ക്രമീകരിച്ചു.

ചുരുങ്ങിയ ദിവസംകൊണ്ട് ഇത്രയും തുക ബജറ്റ് ടൂറിസം സെല്ലിന് കിട്ടുന്നത് ആറ്റുകാൽ പൊങ്കാലയ്ക്ക് മാത്രമേയുള്ളൂ. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽനിന്ന് സ്പെഷ്യൽ ബസുകൾ ആറ്റുകാലിലേക്ക് ഉണ്ടായിരുന്നു. കൊല്ലം ജില്ലയിൽ നിന്നായിരുന്നു കൂടുതൽ ബസുകൾ. 50 എണ്ണം.

പത്തനംതിട്ട ജില്ലയിൽനിന്ന് 30, ആലപ്പുഴയിൽനിന്ന് 20, തൃശ്ശൂരിൽനിന്ന് അഞ്ച് സർവീസുകളും നടത്തി. കോഴിക്കോട്, കണ്ണൂർ, കാസർകോട്, പാലക്കാട്, വയനാട് ജില്ലകളിൽനിന്ന് ആകെ 10 സ്പെഷ്യൽ സർവീസുകൾ ആറ്റുകാലിലേക്ക് ഉണ്ടായിരുന്നു.