
സാധാരണ സഞ്ചാരികൾക്ക് കടന്ന് ചെല്ലാൻ പ്രയാസമുള്ള മേഖലയാണ് മീരത്താങ് മഞ്ഞു മലകൾ, ഹിമാലയത്തിന്റെ കിഴക്കൻ ഭാഗത്തായി അരുണാചൽ പ്രദേശിലെ തവാംഗ് ജില്ലയിൽ ചൈന അതിർത്തിയോട് ചേർന്നാണ് ഈ പ്രദേശം. അങ്ങോട്ടുള്ള യാത്ര വളരെ വെല്ലുവിളികൾ നിറഞ്ഞതായത് കൊണ്ട് തന്നെ ട്രെക്കിങ് അനുഭവമുള്ള സാഹസിക സഞ്ചാരികൾക്കാണ് അവിടെ എത്തിച്ചേരാൻ സാധിക്കുക.ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് മൗണ്ടനീറിങ് ആൻഡ് അഡ്വഞ്ചർ സ്പോർട്സിലെ (NIMAS) ഒരു മാസത്തെ മൗണ്ടനീറിങ് കോഴ്സിന്റെ ഭാഗമായാണ് ഞാൻ അവിടെ എത്തിച്ചേരുന്നത്.
യാത്രയുടെ തുടക്കം
നിമാസ് ക്യാമ്പസ് സ്ഥിതി ചെയ്യുന്നത് അരുണാചൽ പ്രദേശിലെ ദിറാങ് എന്ന സ്ഥലത്താണ്, അസമിലെ ഗുവാഹട്ടി വിമാനത്താവളത്തിൽ നിന്നും 300 കിലോമീറ്റർ യാത്ര ചെയ്തു വേണം ദിറാങ്ങിൽ എത്താൻ. ഏത് സമയവും മണ്ണിടിച്ചിലും റോഡ് തടസ്സപ്പെടാനും സാധ്യതയുമുള്ള റൂട്ടായത് കൊണ്ട് തന്നെ ടാറ്റ സുമോ പോലുള്ള വാഹനങ്ങളാണ് അങ്ങോട്ട് കൂടുതലും സർവീസ് നടത്തുന്നത്. അസമിലെ തേയിലത്തോട്ടങ്ങളിലൂടെയും അരുണാചലിലെ മലനിരകളിലൂടെയും പത്തു മണിക്കൂറോളം സഞ്ചരിച്ചാലാണ് ദിറാങ്ങിൽ എത്തിച്ചേരാനാവുക.
ആദ്യ ദിവസങ്ങൾ
ദിറാങ്ങിലെ ആദ്യ ദിവസങ്ങൾ വളരെ കൗതുകം നിറഞ്ഞതാണ്. ഇന്ത്യയിൽ സൂര്യപ്രകാശം ആദ്യം പതിക്കുന്ന മേഖലയായതിനാൽ രാവിലെ നാല് മണിക്ക് തന്നെ നേരം വെളുക്കും. അഞ്ച് മണിയോടെ വെയിൽ വന്നു തുടങ്ങും, വൈകുന്നേരം നാല് മണി മുതൽ തന്നെ ഇരുട്ട് വീഴാനും തുടങ്ങും. കൊടും തണുപ്പിലെ പ്രഭാത വ്യായാമത്തിലൂടെയാണ് ഓരോ ദിവസവും തുടങ്ങുന്നത്. പിന്നീട് ആർട്ടിഫിഷ്യൽ വാൾ ക്ലയിമ്പിങ് പരിശീലനം, പർവ്വതാരോഹണത്തെക്കുറിച്ചുള്ള ക്ലാസുൾ എന്നിവയാണ് നടക്കുക . ഇന്ത്യൻ മിലിട്ടറിയിലെ വിദഗ്ധരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ഇന്ത്യയിലെ വിവിധ സേനാ വിഭാഗങ്ങളിൽ നിന്നുള്ള അൻപത് പേരും എന്നെപ്പോലെ സിവിലിയൻമാരായ അൻപത് പേരുമാണ് ഈ ബാച്ചിലുള്ളത്. ആ വലിയ സംഘത്തെ എട്ടു പേരടങ്ങുന്ന വിവിധ ഗ്രൂപ്പുകളാക്കിയാണ് പരിശീലനം നൽകുന്നത്. ഏഷ്യയിൽ ഉയരമുള്ള പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഏറ്റവും ഉയരം കൂടിയ മനുഷ്യ നിർമിത ക്ലയിമ്പിങ് വാൾ ആണ് നിമാസിലേത്.
ദിറാങ് മൊണാസ്ട്രി
ക്യാമ്പസ്സിൽ നിന്നും ആദ്യം പോയത് ദിറാങ് മൊണാസ്ട്രിയിലേക്കാണ് "തപ്‌സുംഗ് ധർഗ്യേ ലിംഗ് മൊണാസ്ടറി" (thupsung dhargye buddhist monastery) എന്നും അറിയപ്പെടുന്ന ഇത്, മഹായാന ബുദ്ധമത പഠനത്തിന്റെ ഒരു പ്രധാന കേന്ദ്രമാണ്. തിബറ്റൻ വാസ്തുവിദ്യാ ശൈലിയിൽ നിർമിച്ച ഈ മൊണാസ്ട്രി ചുവർ ചിത്രങ്ങൾക്കൊണ്ടും സങ്കീർണമായ മരപ്പണി കൊണ്ടും ശ്രദ്ധേയമാണ്. 2017-ൽ ദലൈലാമയാണ് ഈ മൊണാസ്ട്രി ഉദ്ഘാടനം ചെയ്തത്. സന്ദർശകർക്ക് ശാന്തമായ അന്തരീക്ഷവും ആത്മീയതയും ദിറാങ് താഴ്‌വാരത്തിന്റെ മനോഹാരിതയും ഇവിടെനിന്ന് ആസ്വദിക്കാം.
അരുണാചൽ പ്രദേശിലെ ഏറ്റവും മനോഹരമായ താഴ്വരകളിൽ ഒന്നാണ് ദിറാങ് എന്ന് നിസ്സംശയം പറയാം, ഹിമാലയത്തിന്റെ താഴ്‌വരപ്രദേശമായ ഈ പ്രദേശം പ്രകൃതിസൗന്ദര്യത്തിനും സമ്പന്നമായ സംസ്കാരത്തിനും പേരുകേട്ടതാണ്.
സിൻതുങ് ഗ്രാമത്തിലേക്കുള്ള ട്രെക്കിങ് (Zimthung Village)
'നിമാസി'ലെ ആദ്യ പ്രധാന ട്രെക്കിങ് സിൻതുങ് ഗ്രാമത്തിലേക്കായിരുന്നു, തണുപ്പും പ്രകൃതിസൗന്ദര്യവും കൊണ്ട് അനുഗ്രഹീതമായ ഒരു ഗ്രാമമാണ് സിൻതുങ്! ആപ്പിൾ തോട്ടങ്ങളിലൂടെയും പൈൻ മരങ്ങൾ നിറഞ്ഞ കാടുകളിലൂടെയും ഇടവഴിയിലൂടെയും 17 കിലോമീറ്റർ അങ്ങോട്ടും തിരിച്ചുമുള്ള കൽനടയായ യാത്ര ആവിസ്മരണീയമെന്ന് പറയാതെ വയ്യ. ഗ്രാമീണ ജീവിതവും കൃഷിയും നദികളുമെല്ലാം ആസ്വദിച്ചാണ് യാത്ര. ജീവിതത്തിൽ ആദ്യമായാണ് 15 കിലോയോളം വരുന്ന ബാഗ് (റക്‌സാക്ക്) ചുമന്ന് ഇത്രയും ദൂരം നടക്കുന്നത്. ഈ യാത്രയ്ക്ക് ഇത്രയും വലിയ ബാഗ് എടുക്കേണ്ട ആവശ്യമില്ലെങ്കിലും വരാൻപോകുന്ന വലിയ ട്രക്കിങ്ങിലേക്കുള്ള പരിശീലനത്തിന്റെ ഭാഗമായി ശരീരത്തെ പാകപ്പെടുത്താനാണ് ഈ ഭാരം താങ്ങിയുള്ള യാത്ര.ആപ്പിൾ സീസണിൽ ഇവിടെ വരുന്ന സഞ്ചാരികൾക്ക് തോട്ടങ്ങളിൽ കറങ്ങാനും നേരിട്ട് ആപ്പിൾ വാങ്ങാനും കഴിയും.
ന്യൂ മെലിൻഗിലേക്ക്
ആറു ദിവസത്തെ ക്യാമ്പസിലെ പരിശീലനവും ചില ട്രക്കിങ്ങുകളും ടെസ്റ്റുകളും മെഡിക്കൽ ചെക്കപ്പുമെല്ലാം കഴിഞ്ഞു, ഇനി മഞ്ഞുമലകളിലേക്കുള്ള യാത്ര തുടങ്ങുകയാണ്. ദിറാങ്ങിൽ നിന്നും പ്രശസ്തമായ സേല പാസ് വഴി 70 കിലോമീറ്റർ സഞ്ചരിച്ചു വേണം മാഗു എന്ന സ്ഥലത്തെത്താൻ. അവിടെ നിന്നും പരിശീലനത്തിന്റെ ഭാഗമായി 20 കിലോമീറ്റർ ചെങ്കുത്തായ മലകളിലൂടെ മുഴുവൻ ലഗേജും ഉപകരണങ്ങളും ചുമന്ന് വേണം ട്രക്ക് ചെയ്യാൻ. കുത്തിയൊഴുകുന്ന ഹിമാലയാൻ നദിയായ ന്യൂമെലിങ് നദീ തീരത്തൂടെയാണ് യാത്ര.
രാവിലെ പൊതിഞ്ഞെടുത്ത ഭക്ഷണവുമായി 11 മണിയോടെ നടത്തം തുടങ്ങി. രണ്ടു മണിക്കൂറോളം നടന്ന് ഒരു ഗ്രാമത്തിലെത്തി. അവിടെയിരുന്ന് ഭക്ഷണം കഴിച്ചു. ഇനിയങ്ങോട്ട് മൊബൈൽ ഫോണുകൾക്ക് റേഞ്ച് കിട്ടില്ല. ഇനിയുള്ള 20 ദിവസം പുറംലോകവുമായി ബന്ധപ്പെടാനുള്ള സാധ്യത എമർജൻസി സാഹചര്യങ്ങളിൽ മാത്രമാണ്. അതും സാറ്റലൈറ്റ് ഫോൺ പോലുള്ള മാർഗങ്ങളിലൂടെ.
ഏറ്റവും അത്യാവശ്യമുള്ള കോളുകൾ ചെയ്ത് ഫോൺ ഓഫ് ചെയ്ത് വീണ്ടും നടത്തമാരംഭിച്ചു. ഇത്തവണ യാത്ര തീർത്തും കഠിനമായിരുന്നു, വഴിൽ ഒരു ഭാഗത്ത് കുത്തിയൊഴുകുന്ന പുഴയും മറു ഭാഗത്ത് ചെങ്കുത്തായ മലയും കുത്തനെയുള്ള കയറ്റവും. ഹിമാലയൻ മലകൾക്ക് പൊതുവേ ഉറപ്പ് കുറവായത് കൊണ്ട് തന്നെ കല്ലുകൾ മറിഞ്ഞു വീഴാനുള്ള സാധ്യതയുണ്ട്, അതുകൊണ്ട് വളരെ സൂക്ഷിച്ചു വേണം യാത്ര ചെയ്യാൻ.
ഒരുമിച്ചുള്ള നടത്തവും ചെറു വിശ്രമവും സംസാരവും കൂടെയുള്ളവരുടെ പട്ടാളക്കഥകളും കേട്ട് 4 മണിയോടെ ന്യൂ മെലിങ്ങിലെ ആദ്യ ബേസ് കാമ്പിൽ എത്തി, അപ്പോഴേക്കും ഇരുട്ട് പരന്നിരുന്നു.
ന്യൂ മെലിൻഗിലെ താമസം
ഇനിയുള്ള 5 ദിവസത്തെ താമസം പുഴവക്കിൽ കെട്ടിയുണ്ടാക്കിയ ടെൻറ്റുകളിലാണ് എട്ടു പേരടങ്ങുന്ന ഓരോ റോപ്പിനും ഓരോ ടെന്റ് അവിടെ ഒരുക്കിയിട്ടുണ്ട്. വൈദ്യുതി സൗകര്യമോ ടോയ്‌ലെറ്റോ അടുത്തില്ല. പ്രാഥമിക കാര്യങ്ങൾക്കും ഭക്ഷണം പാകം ചെയ്യാനും കഴിക്കാനും അവിടെയടുത്തുള്ള ഫോറസ്റ്റ് ഗസ്റ്റ് ഹൗസിനകത്ത് സൗകര്യം ചെയ്തിട്ടുണ്ട്.
ന്യൂ മെലിൻഗിലെ താമസം കഠിനമാണ് എന്ന് പറയാതെ വയ്യ. രാത്രി ടെന്റിനകത്ത് ആകെയുള്ള വെളിച്ചം ഹെഡ് ടോർച്ചിൽ നിന്നുള്ള വെളിച്ചം മാത്രമാണ്. എന്തെങ്കിലും ആവശ്യത്തിന് പുറത്തിറങ്ങണമെങ്കിൽ ഒറ്റയ്ക്ക് പോകാൻ പാടില്ല. പൂജ്യം ഡിഗ്രിക്ക് അടുത്താണ് തണുപ്പ്, രാത്രിയിൽ ചെറുതായി മഞ്ഞു പെയ്യുന്നുണ്ടായിരുന്നു.
ഇനി ഇവിടെയാണ് റോക്ക് ക്ലൈമ്പിങ് പരിശീലനം നടക്കുന്നത്. ഈ പരിശീലനത്തിന്റെ കൂടെ കെട്ടിടാനും ബേസ് ഉണ്ടാക്കാനും പരിശീലനം നൽകും. വിവിധതരം കെട്ടിടൽ (Hitches & Knots) പഠിക്കേണ്ടത് അത്യാവശ്യമാണ്. മല കയറുമ്പോഴും മഞ്ഞിലൂടെ സഞ്ചരിക്കുമ്പോഴും പുഴ കടക്കുമ്പോഴുമെല്ലാം ഓരോ കെട്ടിനും ഒരു ജീവന്റെ വിലയാണ്. ഈ പരിശീലനം കഴിഞ്ഞ് ചില ഗ്രാമങ്ങളിലേക്കുള്ള ട്രെക്കിങ്ങും ടെസ്റ്റുകളും ഒക്കെയായി അഞ്ചു ദിവസങ്ങൾ പെട്ടന്ന് തന്നെ കടന്നു പോയി. ഇനി അടുത്ത ഘട്ടമായ മാഗോ ഗ്രാമത്തിലേക്കുള്ള യാത്രയാണ്.
മാഗോ ഗ്രാമത്തിലേക്ക്
ന്യൂ മെലിൻങ്ങിൽ നിന്നും ഇരുപത് കിലോ മീറ്റർ കയറ്റം കയറി നടന്ന് വേണം മാഗോ ഗ്രാമത്തിലെത്താൻ, ഇപ്പോൾ ഇവിടേക്ക് ഗതാഗത സൗകര്യം ആയിത്തുടങ്ങിയിട്ടുണ്ട്.മഞ്ഞ് പുതഞ്ഞ പർവതങ്ങൾ, പച്ചപ്പാർന്ന താഴ്‌വരകൾ, തിളങ്ങുന്ന നദികൾ എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്ന ഗ്രാമ മാണ് മാഗോ. യാക്കുകൾ, കുതിരകൾ എന്നിവയാണ് ആളുകളുടെ പ്രധാന വരുമാന മാർഗ്ഗം, സഞ്ചാരികളുടെ ലഗേജ് ചുമക്കുന്നതിനും, പാലിനും മാംസത്തിനും തോലിനും എല്ലാം അവർ യാക്ക് നെ വളർത്തുന്നു, കൂടെ അരി, ഗോതമ്പ്, തിന, പച്ചക്കറികൾ എന്നിവ കൃഷിയും ചെയ്യുന്നുണ്ട് . കൃഷികൾ നടക്കാത്തതും സഞ്ചാരികൾ ഇല്ലാത്തതും പ്രതികൂല കാലാവസ്ഥയും കാരണം മഞ്ഞു കാലം ഇവരുടെ ദുരിതകാലമാണ്.
ചൈനയുമായി അതിർത്തി പങ്കിടുന്ന ഗ്രാമമായത്കൊണ്ടുതന്നെ നാട്ടുകാരേക്കാൾ കൂടുതൽ പട്ടാളക്കാരാണീ ഗ്രാമത്തിലുള്ളത്.ഇനിയുള്ള രണ്ട് ദിവസം ഇവിടുത്തെ പട്ടാള ബാരക്കുകളിലാണ് ഞങ്ങളുടെ താമസം, ഏറ്റവും തന്ത്രപ്രധാനമായ മിലിറ്ററി മേഖലയായത് കൊണ്ടുതന്നെ ഇവിടെ ഫോട്ടോ എടുക്കാൻ അനുവാദമില്ല. കാലാവസ്ഥയോട് പൊരുത്തപ്പെടാൻ ഇവിടെ രണ്ട് ദിവസം പട്ടാളക്കാരുടെ കൂടെ താമസിക്കുകയും ചില ട്രക്കിങ്ങുകൾ നടത്തുകയും വേണം.
ജിതാങ്ങിലേക്ക്
അടുത്ത ബേസ് ക്യാമ്പ് ജിതാങ് എന്ന താഴ്‌വരയിലാണ്, ഇവിടെ മനുഷ്യ താമസം വളരെ കുറവാണ്. ഇനിയുള്ള യാത്ര കുറച്ചുകൂടെ സാഹസം നിറഞ്ഞതാണ്, ഇതു വരെ മരങ്ങൾ നിറഞ്ഞ സ്ഥലങ്ങളിലൂടെയായിരുന്നു സഞ്ചാരമെങ്കിൽ ഇനിയങ്ങോട്ട് ഉയരം കൂടി വരികയാണ്. ഒരു വാഹനവും കടന്നുചെല്ലാത്ത പ്രദേശങ്ങളിലൂടെയാണ് ഇനി യാത്ര. ഉയരം കൂടുംതോറും മരങ്ങൾ കുറയുകയും തണുപ്പ് കൂടുകയും അന്തരീക്ഷത്തിൽ ഒക്സിജന്റെ അളവ് കുറയുകയും ചെയ്യും. അതുകൊണ്ടുതന്നെ ഒരുപാട് ദൂരം വേഗത്തിൽ നടക്കാനാവില്ല.
യാക്കുകളുടെയും കുതിരകളുടെയും പുറത്തു കയറ്റിയാണ് ടെൻറ്റുകളും ഭക്ഷണമുണ്ടാക്കാനുള്ള സാധനങ്ങളുമെല്ലാം കൊണ്ടുപോകുന്നത്. നിമാസിലെ മെഡിക്കൽ സംഘവും കാന്റീൻ സംവിധാനാവുമെല്ലാം എല്ലാവിധ സഹായവുമായി കൂടെയുണ്ട് എന്നത് വലിയ ആശ്വാസമാണ്.
രാത്രിയിലെ അതിജീവനം
ജിതാങ്ങിൽ സ്വന്തമായി ടെന്റ് ഉണ്ടാക്കി വേണം താമസിക്കാൻ, ആദ്യ ദിവസം ഒറ്റപ്പെട്ടു പോകുമ്പോഴുള്ള അതിജീവനം പരിശീലിപ്പിക്കുന്ന ദിവസമാണ്. വളരെ പരിമിതമായ വിഭവങ്ങളും കുറച്ചു പത്രങ്ങളും വളരെ കുറച്ചു വസ്ത്രങ്ങളും കയ്യിലെടുക്കാം. ആ രാത്രി ഓരോ ഗ്രൂപ്പും പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന വസ്തുക്കളും കയ്യിലുള്ള മാറ്റ്, റെയിൻ കോട്ട്, കയർ പോലുള്ള വസ്തുക്കൾ എന്നിവ ഉപയോഗിച്ച് ആ രാത്രി കഴിച്ചുകൂട്ടാനുള്ള താമസസൗകര്യവും സ്വന്തമായി ഭക്ഷണമുണ്ടാക്കി കഴിക്കുകയും വേണം.
പുഴയിൽ നിന്ന് വെള്ളം കൊണ്ടുവന്നു, മൈനസ് ഡിഗ്രിയിൽ ഭക്ഷണം പാകം ചെയ്ത്, കല്ലും മരക്കമ്പും ഉപയോഗിച്ച് താമസമൊരുക്കിയ ആ രാത്രി ജീവിതത്തിൽ മറക്കാനാവാത്ത ഒരു രാത്രിയാണ്. ഭക്ഷണമുണ്ടാക്കാൻ കിട്ടിയ എല്ലാ ധാന്യങ്ങളും പച്ചക്കറിയും ഉപയോഗിച്ച് അന്ന് ഉണ്ടാക്കിയ ആ ഭക്ഷണത്തോളം രുചികരമായ മറ്റൊരു ഭക്ഷണവും ഞാനിതുവരെ കഴിച്ചിട്ടില്ല.
മീറത്താങ്ങിലേക്ക്
കോഴ്സിലെ ഏറ്റവും അവസാന ബേസ് ക്യാമ്പാണ് മീറത്താങ്ങിലേത് 14500 അടി ഉയരത്തിൽ ഉള്ള ഇവിടെ മരങ്ങൾ ഒന്നും തന്നെയില്ല. ഐബെക്സ് എന്ന വർഗ്ഗത്തിൽ പെട്ട മാനുകളും ഭാരം ചുമക്കുന്ന യാക്കുകളും കുതിരകളും മാത്രമാണ് ഞങ്ങളെക്കൂടാതെ അവിടെയുള്ളത്.സ്വന്തമായി ടെന്റ് ഉണ്ടാക്കി വേണം അവിടെ താമസിക്കാൻ. രാത്രി മുഴുവൻ മഞ്ഞു പെയ്തുകൊണ്ടിരിക്കും. പ്രാഥമിക കൃത്യങ്ങൾ പുറത്താണ് ചെയ്യേണ്ടത്. ശേഷം അവ കുഴിയെടുത്ത് മണ്ണ് കൊണ്ട് മൂടണം.
മീറത്താങ്ങിൽ വെച്ചാണ് സ്‌നോ ബൂട്ട് ഉപയോഗിക്കാനും മഞ്ഞിൽ നടക്കാനും ഐസ് ആക്സ് ഉപയോഗിച്ച് മഞ്ഞുമല കയറാനും അപകടത്തിൽ പെട്ടവരെ രക്ഷപ്പെടുത്താനുള്ള പരിശീലനവുമെല്ലാം നൽകുന്നത്. മീറത്താങ് ബേസ് ക്യാമ്പിൽ നിന്നും പത്ത് കിലോമീറ്ററോളം മഞ്ഞിലൂടെ ട്രെക്ക് ചെയ്താലാണ് മീറത്താങ് ഗ്ലേഷ്യറിൽ എത്താനാവുക.
വടക്കുകിഴക്കൻ ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും ഉയർന്ന കൊടുമുടിയായ ഗോറിചെൻ മഞ്ഞുമലകളുടെ ഭാഗമാണ് ഈ ഗ്ലേഷ്യർ. അതിർത്തിയോട് ചേർന്നുകിടക്കുന്ന മഞ്ഞുമലകളായത് കൊണ്ടുതന്നെ ടൂരിസ്റ്റുകൾക്കൊന്നും ഇങ്ങോട്ട് പ്രവേശനമില്ല. കൂടുതൽ മനുഷ്യസ്പർശം ഏൽക്കാത്തതുകൊണ്ടുതന്നെ ഏറ്റവും വൃത്തിയുള്ള മഞ്ഞുമലകളാണിവിടെയുള്ളത്. 90 ഡിഗ്രിയിൽ 40 മുതൽ 120 അടി വരെ ഉയരമുള്ള ഐസ് മതിലുകളാണ് മീറത്താങ് ഗ്ലേഷ്യറിന്റെ മറ്റൊരു പ്രത്യേകത. ദുർഘടമായ വഴികളിലൂടെ 50 കിലോമീറ്റർ ട്രെക്കിങ് നടത്തി, മൂന്ന് ബേസ് ക്യാമ്പുകളിലെ താമസം, അക്ലമറ്റൈസേഷൻ, പരിശീലനങ്ങൾ എല്ലാം കഴിഞ്ഞ് ഈ ഗ്ലേഷ്യറിൽ എത്തുന്നത് പറഞ്ഞറിയിക്കാനാവാത്ത അനുഭവമാണ്.
ഇന്ത്യൻ മിലിട്ടറിയിലെ ഏറ്റവും വിദഗ്ധരായ മൗണ്ടനീയർമാരുടെ നേതൃത്വത്തിലുള്ള മൂന്ന് ദിവസത്തെ പരിശീലനമാണ് ഇവിടെ നടക്കുക, ഓരോ ദിവസവും പരിശീലനം കഴിഞ്ഞു രാത്രി ബേസ് കമ്പിൽ തിരിച്ചു വരണം, നാലാം ദിവസം ക്ലയിംബിങ് ടെസ്റ്റും ഇവിടെ നടക്കും. പരിശീലനശേഷം ഒരു ദിവസത്തെ വിശ്രമവും കഴിഞ്ഞ് പിന്നീട് തിരിച്ചുള്ള യാത്രയാണ്. രണ്ടു ദിവസം കൊണ്ട് ഏകദേശം 50 കിലോമീറ്റർ മലയിറങ്ങി ന്യൂ മെലിങ്ങിലെ ആദ്യ ബേസ് കമ്പിലെത്തണം അവിടെ വെച്ചാണ് പുഴ കടക്കാനുള്ള പരിശീലനം ലഭിക്കുന്നത്.
പുഴ കടക്കൽ
മൗണ്ടെനീറിങ് കോഴ്സിലെ പ്രധാന ഭാഗമാണ് റിവർ ക്രോസ്സിങ്. നദിയുടെ ഒഴിക്കും അപകട സാധ്യതകളുമെല്ലാം മനസ്സിലാക്കി വിവിധ രീതികളിൽ പുഴ കടക്കാനുള്ള മാർഗ്ഗങ്ങളായ Human chain,Wade in, റോപ്പുകൾ ഉപയോഗിച്ച്, ടെൻഷൻ ബ്രിഡ്ജ് ഉണ്ടാക്കി. ലാഡർ ഉപയോഗിച്ച് തുടങ്ങി വിവിധ രീതിയിൽ പുഴകടക്കൽ, മഞ്ഞു പാളിയിലെ വിള്ളലുകൾ ക്രോസ് ചെയ്യൽ , അതിലെ റെസ്ക്യൂ എന്നിവ പഠിക്കും.ഹിമാലയൻ നദിയായ Mago Chu നദിയിലായിരുന്നു ട്രെയിനിങ്, ഹിമാലയൻ നദിയായത് കൊണ്ടുതന്നെ ഉച്ച കഴിഞ്ഞാൽ മഞ്ഞുരുകുന്നതിന്റെ അളവ് കൂടുന്നതിനാൽ പുഴയിലെ ഒഴുക്ക് കൂടും, കൂടെ കൊടും തണുപ്പും!
റിവർ ക്രോസ്സിങ് ഈ കോഴ്സിന്റെ അവസാന ഭാഗത്തായതിനാൽ കുറച്ചു തമാശയും അതിന്റെ കൂടെ മനസ്സാനിധ്യം പരീക്ഷിക്കാനും വേണ്ടി എല്ലാവരെയും ആ തണുത്തുറയാറായ വെള്ളത്തിൽ ഒന്ന് മുക്കിയെടുക്കുകകൂടെ ചെയ്യും അത്രയും തണുപ്പുള്ള വെള്ളത്തിൽ മുങ്ങുന്നത്തോടെ മൈനസ് ഡിഗ്രിയിൽ താമസിക്കുമ്പോൾ തണുപ്പ് കാരണം ഒന്നു രണ്ടാഴ്ച കുളിക്കാത്തതിന്റെ ക്ഷീണമൊക്കെ മാറിക്കിട്ടുകയും ചെയ്യും.
ഈ പുഴ കടക്കലോടെ മൗണ്ടനീറിംഗ് കോഴ്സിന്റെ സഹസികതകൾ അവസാനിക്കുകയാണ്, അടുത്ത ദിവസം തിരിച്ചു ദിറാങ്ങിലേക്കുള്ള യാത്രയാണ്, പിന്നീട് ഒന്ന് രണ്ട് ദിവസങ്ങൾ എഴുത്ത് പരീക്ഷയുടെയും വൈവയുടെയും സർട്ടിഫിക്കറ്റ് വിതരണത്തിന്റെയും കോഴ്സിന്റെ ഔദ്യോഗിക പരിസമാപ്തിയുടെയും തിരിച്ചുള്ള യാത്രയുടെയും ദിവസങ്ങളാണ്. അധികമാരും കടന്നു ചെല്ലാത്ത ഭൂ പ്രദേശങ്ങളിലേക്കുള്ള യാത്രയ്ക്കുള്ള അവസരവും ഏറ്റവും സുരക്ഷിതമായ രീതിയിലുള്ള സാഹസിക യാത്രക്കുള്ള പരിശീലനവുമാണ് മൗണ്ടനീറിംഗ് കോഴ്സുകള്‍ ഒരുക്കുന്നത്, അത് കൊണ്ടുതന്നെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളുടെ കൂട്ടത്തിൽ ഈ പരിശീലന ഓർമകൾ എന്നുമുണ്ടാവും.
Content Highlights: Experience a challenging trek to Meera Tang Snow Mountains in Arunachal Pradesh
Published: 19 Dec 2024, 07:45 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented