കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയിലെ പ്രമുഖ നഗരമായ ദാറുസ്സലാമില്‍ നിന്നും ഇരുപത് മിനിട്ടു വിമാനത്തില്‍ യാത്ര ചെയ്താല്‍ സാന്‍സിബാറില്‍ എത്താം. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ വിമാന സര്‍വീസുകളില്‍ ഒന്നാണിത്. ടാന്‍സാനിയ്ക്കു കീഴിലുള്ള ഒരു സ്വയം ഭരണ പ്രദേശമാണ് സാന്‍സിബാര്‍. യുനെസ്‌കോ ലോക പൈതൃകപ്പട്ടികയില്‍പ്പെടുത്തിയിട്ടുള്ള സ്റ്റോണ്‍ടൗണ്‍ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഒരുപറ്റം ദ്വീപസമൂഹങ്ങളെയാണ് സാന്‍സിബാര്‍ എന്നറിയപ്പെടുന്നത്. ആഫ്രിക്കയുടെ സ്‌പൈസ് ദ്വീപ് എന്നറിയപ്പെടുന്ന ഈ ദ്വീപുകള്‍ സുഗന്ധ വ്യഞ്ജനങ്ങള്‍ക്കും ടൂറിസത്തിനും പേര് കേട്ടതാണ്. സാന്‍സിബാറിനെപ്പറ്റി പറയാന്‍ ഒരുപാടുണ്ടെങ്കിലും ഇവിടുത്തെ ഒരു പ്രധാന ടൂറിസ്‌ററ് ആകര്‍ഷണമായ ജയില്‍ ദ്വീപിനെ (പ്രിസണ്‍ ഐസ്ലാന്റ്) കുറിച്ചാണ് ഞാന്‍ എഴുതുന്നത്‌. 

To advertise here,

placeholder
സാന്‍സിബാറില്‍ നിന്നും അരമണിക്കൂര്‍ സ്പീഡ് ബോട്ടില്‍ യാത്ര ചെയ്താല്‍ ജയില്‍ ദ്വീപ് എന്നറിയപ്പെടുന്ന ചങ്കു ദ്വീപില്‍ എത്താം. ഗള്‍ഫ് രാജ്യങ്ങളിലൊക്കെ വ്യാപകമായി കാണുന്ന ശേരി എന്ന മീനിന്സ്വാഹിലി ഭാഷയില്‍ പറയുന്ന പേരാണ് ചങ്കു. പണ്ട് കാലങ്ങളില്‍ അനുസരണയില്ലാത്ത അടിമകളെ താമസിപ്പിക്കാന്‍ വേണ്ടിയാണത്രെ ഈ ദ്വീപ് ഉപയോഗിച്ചിരുന്നത്. 1893ല്‍ ബ്രിട്ടീഷ് മന്ത്രിയായിരുന്ന ലോയ്ഡ് മാത്യൂസ് ആണ് ഈ ദ്വീപ് അറബികളില്‍ നിന്ന് വിലക്ക് വാങ്ങി ഇന്ന് കാണുന്ന രൂപത്തിലുള്ള ഒരു ജയില്‍ കെട്ടിടം അവിടെ പണികഴിപ്പിച്ചത്. പക്ഷെ ജയില്‍പ്പുള്ളികളെ ആരെയും ഇത് വരെ അവിടെ താമസിപ്പിച്ചിട്ടില്ല. പകരം യെല്ലോഫെവര്‍ പോലുള്ള പകര്‍ച്ച വ്യാധികള്‍ പകര്‍ന്നു പിടിക്കുമ്പോള്‍ രോഗികളെ ക്വാറന്റൈന്‍ ചെയ്യാനുള്ള സ്ഥലമായാണത്രെ ഈ കെട്ടിടം ഉപയോഗിച്ചിരുന്നത്.

placeholder
ഇന്നിവിടെ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നത് ഇവിടുത്തെ ഭീമാകാരന്മാരായ ആമകള്‍ ആണ്. 1919 ല്‍ സീഷെല്‍സിലെ ബ്രിട്ടീഷ് ഗവര്‍ണറാണ് അല്‍ദബ്ര വിഭാഗത്തില്‍ പെട്ട നാല് ഭീമന്‍ ആമകളെ ഈ ദ്വീപിലേക്ക് സമ്മാനമായി നല്‍കിയത്. ഐ.യു.സി.എന്‍.ന്റെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഈ ആമകളുടെ ചെറുതും വലുതുമായി നൂറിലേറെ എണ്ണം ഇന്നീ ദ്വീപിലുണ്ട്. ആമക്കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുന്ന ചെറിയൊരു ഹാച്ചറിയും ഇവിടെ ഉണ്ട്. ഇക്വഡോറിലെ ഗാലപ്പഗോസ് ദ്വീപില്‍ കാണുന്ന ഗാലപ്പഗോസ് ആമകള്‍ കഴിഞ്ഞാല്‍ ഏറ്റവും വലിപ്പമേറിയ ആമകളാണത്രെ അല്‍ദബ്ര വിഭാഗത്തില്‍പ്പെട്ട ആമകള്‍. 

പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഈ ആമകള്‍ക്ക് ശരാശരി നൂറ്റി ഇരുപത്തി രണ്ട് സെന്റിമീറ്റര്‍ നീളവും ഇരുനൂറ്റി അമ്പതു കിലോ ഭാരവും ഉണ്ടാകുമത്രേ. ലോകത്തിലെ ഏറ്റവും ആയുസ്സ് കൂടിയ ജീവികളായി അറിയപ്പെടുന്ന ഈ ആമകള്‍ ഇരുനൂറു വര്‍ഷത്തിലേറെ ജീവിക്കും. ദ്വീപിനകത്ത് ടൂറിസ്റ്റുകള്‍ക്ക് താമസിക്കാന്‍ കോട്ടേജുകളും റസ്റ്റോറന്റ് സൗകര്യവും ഉണ്ട്. നാല് അമേരിക്കന്‍ ഡോളര്‍ ആണ് ദ്വീപിലേക്കുള്ള പ്രവേശന ഫീസ്. മുപ്പതു മുതല്‍ നാല്‍പ്പത് ഡോളര്‍ വരെയാണ് വിവിധ ടൂര്‍ ഏജന്‍സികള്‍ ഇരുവശത്തേക്കുമുള്ള ബോട്ട് യാത്രക്കായി ഈടാക്കുന്നത്.