
തൃശ്ശൂർ : പൂരത്തിന് ഇത്തവണയുണ്ടായ പ്രതിസന്ധികൾക്കുകാരണം സർക്കാർ ഉദ്യോഗസ്ഥർതന്നെയായിരുന്നു. ആദ്യം ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധിയായിരുന്നു. പൂരദിവസമാകട്ടെ, പോലീസ് ഉണ്ടാക്കിയ പ്രതിസന്ധിയും. കൂടിയാലോചയില്ലാതെയും അപ്രായോഗികവുമായ നിർദേശങ്ങളാണ് ഉദ്യോഗസ്ഥർ ഉത്തരവുകളായി ഇറക്കുന്നതെന്നതിനാൽ വളരെപ്പെട്ടെന്നുതന്നെ പിൻവലിക്കാൻ മന്ത്രിമാർ നിർബന്ധിതരാകുകയും ചെയ്യുന്നു.
ആനകളുടെ അൻപതുമീറ്റർ ചുറ്റളവിൽ തീവെട്ടി, വാദ്യങ്ങൾ, വെടിക്കെട്ട് എന്നിവ പാടില്ലെന്ന ഉത്തരവു വന്നത് ഏപ്രിൽ 11-നായിരുന്നു. 13-ന് ഈ ഭാഗം പിൻവലിച്ച് മറ്റൊരു ഉത്തരവ് ഇറങ്ങി. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി. ജയപ്രസാദാണ് രണ്ട് ഉത്തരവുകളും ഇറക്കിയത്. 50 മീറ്റർ ചുറ്റളവിൽ തീവെട്ടി പാടില്ലെന്ന നിർദേശം തീർത്തും അപ്രായോഗികമാണെന്ന് ഒറ്റനോട്ടത്തിൽ അറിയാവുന്നതാണ്. നിയമമോ കോടതിനിർദേശമോ കർശനമായി നടപ്പാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യമെങ്കിൽ അതേദിവസം പിൻവലിക്കുകയോ പിൻവലിക്കാമെന്ന് ഉറപ്പുനൽകുകയോ ചെയ്യുമായിരുന്നില്ല. എന്നാൽ, ഈ ഉത്തരവ് പുറത്തുവന്ന് മണിക്കൂറുകൾക്കകംതന്നെ ഉത്തരവ് തിരുത്തുമെന്ന മന്ത്രിമാരുടെ അഭിപ്രായം വന്നു. 13-ന് തിരുത്തുകയും ചെയ്തു.
ആനപരിശോധനയ്ക്ക് വനംവകുപ്പ് സംവിധാനം ഏർപ്പെടുത്തി ഇറക്കിയ ഉത്തരവും ഇതേ മട്ടിലായിരുന്നു. ഏപ്രിൽ 16-നാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. മൃഗസംരക്ഷണവകുപ്പിലെ ഡോക്ടർമാർ പരിശോധിക്കുന്ന ആനകളെ വനംവകുപ്പിന്റെ ഡോക്ടർമാർ രണ്ടാമതും പരിശോധിക്കണം എന്നതായിരുന്നു ഉത്തരവ്. ഈ ഉത്തരവ് പുറത്തിറങ്ങി മണിക്കൂറുകൾക്കകം ഇതു പിൻവലിക്കുമെന്ന ഉറപ്പുനൽകി. 17-ന് രണ്ടാം പരിശോധനയെന്നത് മാറ്റിക്കൊണ്ട് ഉത്തരവ് ഇറങ്ങുകയും ചെയ്തു. ഉത്തരവായി ഇറങ്ങിയിട്ടും ഇതിൽ ഉറച്ചുനിൽക്കാനുള്ള ശ്രമം ഉണ്ടായില്ല. ഒരു പ്രതിരോധത്തിനുപോലും സാധ്യതയില്ലാത്ത കാര്യങ്ങളാണ് ഉത്തരവുകളായി പുറത്തുവരുന്നത് എന്നതിന്റെ ഉദാഹരണമാണിത്.
പൂരം പ്രദര്‍ശനക്കമ്മിറ്റിക്ക് 35 ലക്ഷത്തിന്റെ നഷ്ടം
സുഗമമായുള്ള പൂരം നടത്തിപ്പിന് തടസ്സമുണ്ടാക്കിയ തൃശ്ശൂര്‍ സിറ്റി പോലീസ് പൂരംപ്രദര്‍ശനത്തിലും പ്രശ്‌നമുണ്ടാക്കി. ഇതുമൂലം സാമ്പിള്‍ വെടിക്കെട്ടുദിനത്തിലും പൂരദിനത്തിലുമായി പൂരംപ്രദര്‍ശനസംഘാടകര്‍ക്ക് 35 ലക്ഷത്തിന്റെ നഷ്ടമുണ്ടായെന്ന് ഭാരവാഹികള്‍ പറയുന്നു. അനുമതിയുണ്ടായിട്ടും സ്റ്റാളുകളും ടിക്കറ്റ് കൗണ്ടറുകളും നേരത്തേ പൂട്ടിച്ചതിലൂടെയാണ് നഷ്ടം സംഭവിച്ചത്.
സാമ്പിൾ വെടിക്കെട്ടിന്റെ ദിവസം ഒരു പറ്റം േപാലീസുകാരെത്തി വൈകീട്ട് അഞ്ചിന് പൂരം ടിക്കറ്റുവിൽപ്പനസ്റ്റാളിലെത്തി അകത്തുകടന്ന് പൂട്ടിച്ചു. പൂരംപ്രദർശന കമ്മിറ്റിയെപ്പോലും അറിയിക്കാതെയായിരുന്നു പോലീസിന്റെ നടപടി. പ്രവർത്തിപ്പിക്കാൻ ജില്ലാ കളക്ടറുടെ അനുമതിയുണ്ടെന്ന് പൂരംപ്രദർശന ഭാരവാഹികൾ അറിയിച്ചപ്പോൾ സിറ്റി േപാലീസ് കമ്മിഷണറുടെ ഉത്തരവുപ്രകാരമാണ് അടപ്പിച്ചതെന്നായിരുന്നു മറുപടി.
സാമ്പിൾ വെടിക്കെട്ട് കഴിഞ്ഞ് തുറന്ന പൂരംപ്രദർശന ശാലകൾ രാത്രി പത്തിന് പോലീസ് സംഘമെത്തി പൂട്ടിച്ചു. രാത്രി 11 വരെ പ്രവർത്തിപ്പിക്കാൻ അനുമതിയുണ്ടായിട്ടും പത്തിനെത്തി ഭീഷണിപ്പെടുത്തി പൂട്ടിക്കുകയായിരുന്നെന്ന് പ്രദർശനക്കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ടിക്കറ്റ് വിൽപ്പനയിനത്തിലും സ്റ്റാളുകളിലെ വിൽപ്പനയിനത്തിലും അന്നുമാത്രം 15 ലക്ഷം നഷ്ടമുണ്ടായി. പൂരദിവസം രാത്രി 12 വരെ സ്റ്റാളുകൾ പ്രവർത്തിപ്പിക്കാൻ ജില്ലാ കളക്ടറും ജില്ലയിലെ രണ്ടു മന്ത്രിമാരും അനുമതി നൽകിയിട്ടും പോലീസെത്തി വൈകീട്ട് ആറിന് ടിക്കറ്റ് കൗണ്ടർ അടപ്പിച്ചു.
പുലർച്ചെ മൂന്നിന് നടക്കുന്ന വെടിക്കെട്ടിന് എന്തിനാണിത്ര പെട്ടെന്ന് അടപ്പിക്കുന്നതെന്ന് ചോദിച്ചപ്പോൾ പോലീസ് കമ്മിഷണറുടെ പ്രത്യേക നിർദേശമാണെന്നായിരുന്നു മറുപടി. സ്റ്റാളുകൾ അടയ്ക്കാൻ ഉടമസ്ഥർ വിസമ്മതിച്ചപ്പോൾ ഇവിടേക്കുള്ള പ്രവേശനകവാടം അടച്ച് ജനങ്ങളെ തടഞ്ഞു. പിന്നീട് േപാലീസുകാർ രാത്രിയോടെ ഉള്ളിൽക്കയറി ഭീഷണിപ്പെടുത്തി സ്റ്റാളുകളും അടപ്പിച്ചു. ഇതുവഴി പൂരദിവസം 20 ലക്ഷത്തിന്റെ നഷ്ടവുമുണ്ടായായി ഭാരവാഹികൾ പറഞ്ഞു. പൂരംസേവനത്തിനെത്തുന്ന പോലീസുകാർക്കായി ദേവസ്വങ്ങൾ 45 ലക്ഷമാണ് ചെലവിടുന്നതെന്നും പ്രദർശനക്കമ്മിറ്റി പറയുന്നു.
നഷ്ടം കാണികള്‍ക്ക്
തൃശ്ശൂര്‍: ആകാശത്ത് വിരിയുന്ന നിറവിസ്മയങ്ങള്‍ നേരില്‍ കാണാനായി കിലോമീറ്ററുകള്‍ താണ്ടിയാണ് ആയിരങ്ങളെത്തിയത്. നേരം പുലര്‍ന്ന് നടന്ന വെടിക്കെട്ടില്‍ വലിയ നഷ്ടം കാണികള്‍ക്കുതന്നെയാണ്. പാതയോരത്തും കെട്ടിടത്തിനു മുകളിലുമൊക്കെയായി മണിക്കൂറുകളാണ് ജനം ഉറക്കമിളച്ച് കാത്തിരുന്നത്. വെള്ളംപോലും കിട്ടാതെ വലഞ്ഞിട്ടും അക്ഷമരായി അവര്‍ കാത്തിരുന്നു. അത്യുഷ്ണത്തെ അവഗണിച്ച അവര്‍ക്ക് നിരാശ മാത്രമായി ഫലം. ഇനിയൊരു പൂരത്തിന് തങ്ങളില്ലെന്നു പറഞ്ഞുകൊണ്ടാണ് പലരും ശനിയാഴ്ച രാവിലെ മടങ്ങിയത്.
പോലീസിന്റെ അമിത ഇടപെടല്‍ ഏറെ പ്രശ്‌നങ്ങളുണ്ടാക്കിയതായി മലപ്പുറം മഞ്ചേരിയില്‍നിന്നു വന്ന രോഹിണി മുത്തൂര്‍ പറഞ്ഞു. കുടമാറ്റം കാണാന്‍ സ്ത്രീകള്‍ക്കു പ്രത്യേക പവിലിയനുണ്ടായിട്ടും പ്രയോജനമുണ്ടായില്ല. വളരെ നേരത്തേയെത്തി, അവിടേക്ക് കടത്തിവിടാന്‍ രോഹിണിയും സുഹൃത്തുക്കളും ഏറെനേരം ആവശ്യപ്പെട്ടിട്ടും പോലീസ് തയ്യാറായില്ല. കണ്ണൂരില്‍നിന്നും പാലക്കാട്ടുനിന്നുമൊക്കെയായി വന്ന ഇവര്‍ കുടമാറ്റം കാണാതെയാണ് അവിടെനിന്നു മടങ്ങിയത്.

വെടിക്കെട്ട് കാണാനായി വീടിന്റെ ടെറസില്‍ പുലര്‍ച്ചെ രണ്ടോടെത്തന്നെ ഇടംപിടിച്ചിരുന്നു. കാത്തിരുന്നു വയ്യാതായപ്പോള്‍ അവിടെ പത്രം വിരിച്ചുകിടന്നു. ആദ്യമായി പൂരം കാണാന്‍ കൊല്ലങ്കോട്ടുനിന്നെത്തിയ റിട്ട. അധ്യാപിക പ്രസന്നയ്ക്കായിരുന്നു കൂട്ടത്തിലേറെ സങ്കടം.
വളരെ പ്രതീക്ഷയോടെ പൂരത്തിന് വന്ന ഓരോ പൂരപ്രേമിക്കും തികഞ്ഞ നിരാശ നല്‍കിയ പൂരമായി ഇക്കൊല്ലമെന്ന് കോഴിക്കോട് കൊയിലാണ്ടിയില്‍നിന്നെത്തിയ എന്‍.ബി. ജയറാം പറഞ്ഞു. അടുത്ത ബന്ധുക്കള്‍ക്കൊപ്പം വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിനുതന്നെ വീട്ടില്‍നിന്നിറങ്ങി രാവിലെയോടെ പൂരപ്പറന്പിലെത്തിയിരുന്നു. പിറ്റേന്നു പുലര്‍ച്ചെ വെടിക്കെട്ടും കണ്ടുമടങ്ങാനായിരുന്നു തീരുമാനം.
ഹോട്ടല്‍മുറി നേരത്തേ ബുക്ക് ചെയ്തിരുന്നു. ഉച്ചയ്ക്ക് ഇലഞ്ഞിത്തറമേളം ആസ്വദിക്കാനെത്തിയപ്പോള്‍ പോലീസിന്റെ അമിത ഇടപെടല്‍ നേരിട്ടറിഞ്ഞു. രാത്രി മണിക്കൂറുകളോളം റോഡില്‍ വെടിക്കെട്ടിനായി കാത്തിരുന്നു. രാവിലെ സൂര്യവെളിച്ചത്തില്‍ നിറം മങ്ങിയ വെടിക്കെട്ട് കണ്ട് മടങ്ങുമ്പോള്‍ കൂട്ടത്തിലെ കന്നിക്കാര്‍ക്കായിരുന്നു ഏറെ നിരാശയെന്ന് ജയറാം പറഞ്ഞു.
പൂരം പ്രതിസന്ധിക്ക് പിന്നിലാര്?
തൃശ്ശൂര്‍ : പോലീസിന്റെ വിവേകമില്ലാത്ത ഇടപെടലിലൂടെ പൂരത്തിന്റെ ശോഭ കുറഞ്ഞതിന് പിന്നാലെ രാഷ്ട്രീയ ആരോപണങ്ങള്‍ മുറുകി. പൂരത്തിന്റെ ഓരോ ചടങ്ങിലും ഒപ്പം നിന്ന് മേളമാസ്വദിച്ച വ്യത്യസ്ത രാഷ്ട്രീയനേതാക്കള്‍ പരസ്പരം കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചിനു തുടങ്ങിയ തൃശ്ശൂര്‍ പൂരത്തിന്റെ വിവിധ ചടങ്ങുകള്‍ക്കിടെ സിറ്റി പോലീസ് കമ്മിഷണര്‍ അങ്കിത് അശോകിന്റെ നേതൃത്വത്തില്‍ പോലീസ് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
എന്നാൽ, പരിചയസമ്പന്നരായ പോലീസുകാരും ദേവസ്വം പ്രതിനിധികളും ജനങ്ങളും സഹകരിച്ചതോടെ ഇരുപതോളം മണിക്കൂർ ഭംഗിയായി പൂരച്ചടങ്ങുകൾ നടന്നു. അർധരാത്രിയോടെയാണ് പൂരം താളം തെറ്റാൻ തുടങ്ങിയത്. കമ്മിഷണർ അങ്കിത് അശോകുമായുള്ള തർക്കത്തെത്തുടർന്ന് എഴുന്നള്ളിപ്പും വെടിക്കെട്ടും നിർത്തി ഉപചാരം ചൊല്ലിപ്പിരിയാൻ തിരുവമ്പാടി ദേവസ്വം തീരുമാനിച്ചപ്പോൾ പൂരത്തിന്റെ ഒഴുക്ക് നിലച്ചു.
മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ രാവിലെ എട്ടോടെ വെടിക്കെട്ട് പൊട്ടിച്ചുതീർക്കുകയായിരുന്നു. ഇതോടൊപ്പം വിവാദങ്ങളും ആരോപണങ്ങളും പടർന്നു.
പൂരത്തിൽ പ്രതിസന്ധിയുണ്ടായതെങ്ങനെ എന്നായിരുന്നു പ്രധാന ചർച്ച. പോലീസ് ഓഫീസർമാരുടെ മുഷ്‌കെന്ന് ചില കൂട്ടർ. പൂരം നിർത്താനും ഒരാഴ്‌ചമാത്രം ബാക്കിയുള്ള തിരഞ്ഞെടുപ്പിൽ മുതലെടുക്കാനും ആരോ നടപ്പാക്കിയ അജൻഡയെന്ന് മറ്റുചിലർ.
പ്രതിസന്ധിക്ക് പിന്നിൽ കൃത്യമായ അജൻഡയെന്നും പൂരം അട്ടിമറിച്ച് ബി.ജെ.പി.ക്ക് വോട്ട് ഉണ്ടാക്കാൻ ശ്രമിച്ചതാണെന്ന് സംശയമുണ്ടെന്നും ആരോപിച്ച് ആദ്യം രംഗത്തെത്തിയത് യു.ഡി.എഫ്. സ്ഥാനാർഥി കെ. മുരളീധരനാണ്. മുഖ്യമന്ത്രിയും സർക്കാരുമുള്ളിടത്ത് പോലീസ് ഇങ്ങനെ അഴിഞ്ഞാടുമോ? വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണംതന്നെ വേണം. മന്ത്രി രാജൻ സ്ഥലത്തുണ്ടായിട്ടും രാത്രിയുണ്ടായ സംഭവങ്ങൾ പരിഹരിക്കാൻ എന്തിന് പുലർച്ചെവരെ വൈകിച്ചു. ബി.ജെ.പി. സ്ഥാനാർഥി ഓടിയെത്തിയതും അജൻഡയുടെ ഭാഗമാണ് -മുരളീധരൻ ആരോപിച്ചു.
പോലീസിന്റേത് ഏകാധിപത്യപ്രവണതയാണ്. അവരെ നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടവും സംസ്ഥാന ഭരണകൂടവും ഇല്ലേ? പൂരത്തിന്റെ തുടക്കംമുതൽ എങ്ങനെ ഇല്ലാതാക്കാം എന്ന ശ്രമമാണ് നടന്നത്. കേന്ദ്രസർക്കാരിനും ഇതിൽ പങ്കുണ്ട്. ഓരോകാലത്തും കൊണ്ടുവരുന്ന നിയമങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണം -മുരളീധരൻ കുറ്റപ്പെടുത്തി.
പോലീസിന്‍റെ അനാവശ്യ ഇടപെടലാണ് വിഷയം വഷളാക്കിയതെന്നാണ് എൽ.ഡി.എഫ്. സ്ഥാനാർഥി വി.എസ്. സുനിൽകുമാറിന്റെ ആരോപണം. പുലർച്ചെ തിരുവമ്പാടി ദേവസ്വം ഓഫീസിൽ നടന്ന ചർച്ചയിൽ പ്രശ്നം പരിഹരിക്കപ്പെട്ടു. പൂരത്തിൽ രാഷ്ട്രീയം കലർത്തുന്നത് ശരിയല്ല. പോലീസിന്റെ കാർക്കശ്യമാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. -സുനിൽകുമാർ പറഞ്ഞു.
ഒരു പ്രശ്നം ഉണ്ടാക്കിയിട്ട്, പരിഹാരം ഉണ്ടാക്കിയെന്ന് വരുത്തിത്തീർക്കാനാണ് ശ്രമമുണ്ടായതെന്നും മുതലെടുക്കാൻ ശ്രമിച്ചത് എൽ.ഡി.എഫും യു.ഡി.എഫുമാണെന്നും എൻ.ഡി.എ. സ്ഥാനാർഥി സുരേഷ്ഗോപി. വോട്ട് നേടാൻ ഉണ്ടാക്കിയ തിരക്കഥയാണോ ഇതെന്ന് സംശയമുണ്ട്. ശബരിമല പോലൊരു ഓപ്പറേഷനാണോ തൃശ്ശൂരിൽ നടന്നതെന്ന് സംശയമുണ്ട്. പൂരം അലങ്കോലപ്പെടുത്തിയതിൽ രാഷ്ട്രീയമുണ്ട്. സംഭവം അറിഞ്ഞ് രാത്രി രണ്ടേമുക്കാലിനുതന്നെ അവിടെയെത്തിയിരുന്നു. -സുരേഷ്ഗോപി കൂട്ടിച്ചേർത്തു.
പോലീസ് മിതത്വം പാലിക്കണമെന്നും എല്ലാവർക്കും പൂരവും വെടിക്കെട്ടും കാണാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് ആവശ്യപ്പെട്ടു. പോലീസ് പാറമേക്കാവിന് വിഷമങ്ങൾ ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. പോലീസ് കമ്മിഷണർ അങ്കിത് അശോക് ആണ് കഴിഞ്ഞ ദിവസത്തെ സംഭവങ്ങളുടെ ഏക ഉത്തരവാദിയെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്‌കുമാർ പറഞ്ഞു.
തൃശ്ശൂർ പൂരം അടച്ചുപൂട്ടി നടത്തേണ്ടതല്ല. രാത്രി പഞ്ചവാദ്യസമയത്ത്, റോഡ് അടയ്ക്കരുതെന്ന് എല്ലാ യോഗങ്ങളിലും ആവശ്യപ്പെട്ടിരുന്നു. പരിഹരിക്കാമെന്നു പറയുന്നതല്ലാതെ ഒന്നുമുണ്ടായില്ല-ഗിരീഷ്‌കുമാർ പറഞ്ഞു.
Content Highlights: what went wrong at thrissur pooram
Published: 21 Apr 2024, 07:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented