അന്നമനട: സൗജന്യമായി ലഭിച്ച സ്ഥലത്ത് ഇൻഡോർ സ്റ്റേഡിയം എത്തിയില്ലെങ്കിലും സ്റ്റേഡിയത്തിലേക്ക് വഴിയൊരുങ്ങി. കഴിഞ്ഞ സർക്കാരിന്റെയും ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെയും കാലത്താണ് പോഴേലിപറമ്പിൽ മാർട്ടിൻ ഇൻഡോർ സ്റ്റേഡിയം നിർമിക്കാനായി 36 സെന്റ് സ്ഥലം സൗജന്യമായി വിട്ടുനൽകുന്നത്. ഇതിനു തൊട്ടു പിന്നാലെ വി.ആർ. സുനിൽകുമാർ എം.എൽ.എ. ആയിരിക്കെ ഒന്നേകാൽ കോടി രൂപയും അനുവദിച്ചിരുന്നു. വോളിബോൾ, ഷട്ടിൽ അടക്കം ഇൻഡോറായി നടത്താൻ കഴിയുന്ന കായികവിഭാഗങ്ങൾക്കായാണ് സ്റ്റേഡിയത്തിനായി പദ്ധതിയിട്ടത്. സ്റ്റേഡിയം നിർമാണത്തിനാവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി സോയിൽടെസ്റ്റും നടത്തിയിരുന്നു. സോയിൽടെസ്റ്റിന്റെ വെളിച്ചത്തിൽ 13 അടിയോളം താഴ്ചയിലാണ് പാറ കണ്ടെത്തിയത്. ഇതനുസരിച്ച് ഒൻപത് മീറ്റർ ഉയരത്തിലുള്ള ഇരുമ്പു പോളാണ് ഡിസൈൻ ചെയ്തിരുന്നത്. കൂടുതൽ സാങ്കേതിക ഉറപ്പ് കണക്കിലെടുത്ത് പരിശോധനയ്ക്കായി പൊതുമരാമത്തുവകുപ്പിന്റെ കിഴിലുള്ള സ്ട്രക്ച്ചറൽ വിഭാഗത്തിനയച്ചിരുന്നു.
എന്നാൽ, തുടർനടപടികളില്ലാതെവന്നതോടെ ഇൻഡോർ സ്റ്റേഡിയനിർമാണം അനിശ്ചിതത്വത്തിലാണ്. അതേസമയം ഇൻഡോർ സ്റ്റേഡിയം നിർമാണം മുന്നിൽക്കണ്ട് തയ്യാറാക്കിയ പദ്ധതിപ്രകാരം ഏതാണ്ട് 50 ലക്ഷം രൂപ ചെലവിട്ടുള്ള റിങ്റോഡ് നിർമാണം ഏതാണ്ട് അവാസാനഘട്ടത്തിലാണ്. ഹാർബർവികസന ഫണ്ടിൽനിന്ന് ഏതാണ്ട് 50 ലക്ഷം രൂപ ചെലവിട്ടാണ് റോഡുനിർമാണം നടക്കുന്നത്. രജിസ്ട്രാർ ഓഫീസ്മുതൽ ഓട്ടിസം സെന്റർവരെ നീളുന്ന റോഡ് നിർമാണത്തോടൊപ്പമാണ് ഇൻഡോർ സ്റ്റേഡിയവും ഉൾപ്പെടുത്തി റിങ്റോഡ് നിർമാണമാരംഭിച്ചിട്ടുള്ളത്. അന്നമനട ടൗണിനോടു ചേർന്നാണ് മികച്ച സാങ്കേതികമികവിലുള്ള കളിസ്ഥലത്തിന് പദ്ധതിയിട്ടതും ഫണ്ട് ലഭ്യമാക്കിയതും.
2024-ലാണ് പദ്ധതിക്കാവശ്യമായ ഫണ്ടനുവദിച്ചതും പ്രാഥമിക നടപടികൾ ആരംഭിച്ചതും. അടുത്ത കാലത്തായി അന്നമനട ഗ്രൗണ്ട് നവീകരണവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച പദ്ധതിയിലും വോളിബോൾകോർട്ട് നിർമാണസാധ്യതയും കേട്ടിരുന്നു. ഏതാണ്ട് അര കിലോമീറ്റർ ദൂരം മാത്രം വരുന്ന സ്ഥലങ്ങളിലാണ് ഇൻഡോർ സ്റ്റേഡിയത്തിനും അതേസമയം ഗ്രൗണ്ട് നവീകരണത്തിനും പദ്ധതികൾ വരേണ്ടത്. നിലവിലെ സ്ഥിതിയിൽ ഇൻഡോർ സ്റ്റേഡിയനിർമാണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഒഴിവാക്കണമെന്ന ആവശ്യവും ഇതിനകം ഉയരുന്നുണ്ട്.
Content Highlights: Uncertainty looms over the Annamanada indoor stadium project despite fund allocation and near completion of the ring road.
Published: 28 Nov 2026, 11:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented