വടക്കന്‍ അയര്‍ലണ്ടിലെ കൗണ്ടി ഡൗണിലുള്ള മോണ്‍ പര്‍വതത്തില്‍ സ്‌പെല്‍ഗ എന്ന പേരില്‍ ഒരു അണക്കെട്ട് സ്ഥിതി ചെയ്യുന്നുണ്ട്. ഈ അണക്കെട്ട് അറിയപ്പെടുന്നത് ഒരു 'മാന്ത്രികക്കുന്ന്' (മാജിക് ഹില്‍)കാരണമാണ്. ചെരിവില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ പതിയെ സ്വയം കയറ്റം കയറിപ്പോകുന്ന ഇടം. പരിചയമില്ലാത്തവര്‍ കേള്‍ക്കുമ്പോള്‍ അമ്പരന്നേക്കാം. സത്യമാണ്. ഇവിടെ ഒരിടത്ത് ചരിവുള്ളൊരു റോഡില്‍ വാഹനം ന്യൂട്രലിലാക്കി നിര്‍ത്തിയിട്ടാല്‍ ആ വാഹനം പതിയെ പിന്നിലെ കയറ്റം കയറിപോവുന്നത് കാണാം. നിരവധി സഞ്ചാരികള്‍ ഈ പ്രതിഭാസത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
കാറുകളെ 'പിന്നോട്ട് വലിക്കുന്ന' മാജിക് ഹില്‍ പ്രതിഭാസം
സാധാരണ റോഡില്‍ ഒരു ചെരിവില്‍ ന്യൂട്രല്‍ ഗിയറില്‍ ഇട്ട് ഓഫ് ആക്കിയ വാഹനം ഇറക്കം ഇറങ്ങി താഴേക്ക് പോവുകയാണ് പതിവ്. ഗുരുത്വാകര്‍ഷണ ബലത്തിന്റെ ഫലമായി അതാണ് സംഭവിക്കുക. എന്നാല്‍ ഭൂഗുരുത്വ നിയമങ്ങള്‍ കാറ്റില്‍പറത്തുന്ന കാഴ്ചയാണ് സ്‌പെല്‍ഗ അണക്കെട്ടിനരികിലെ ആ പ്രത്യേക സ്ഥലത്തുള്ളത്. അവിടെ ചെരിവില്‍ ന്യൂട്രല്‍ ഗിയറില്‍ ഇട്ട് ഓഫ് ആക്കിയ വാഹനം പതിയെ കയറ്റം കയറിപ്പോകുന്നതായി കാണാം.
എന്താണീ മാജിക്കിന് കാരണം?
ബാന്‍ നദിക്ക് കുറുകെ 1950 കളില്‍ കെട്ടി ഉയര്‍ത്തിയ അണക്കെട്ടാണ് സ്‌പെല്‍ഗ. സ്‌പെല്‍ഗ റിസര്‍വോയര്‍ രൂപംകൊണ്ടത് അങ്ങനെയാണ്. പോര്‍ട്ടാഡൗണിലേക്കും ബാന്‍ബ്രിഡ്ജിലേക്കുമെല്ലാം വെള്ളമെത്തുന്നത് ഇവിടെ നിന്നാണ്. ഈ ഡാമിന്റെയും പരിസര പ്രദേശങ്ങളുടെയും രൂപകല്‍പനയുടെ ഫലമായി അറിഞ്ഞോ അറിയാതെയോ സൃഷ്ടിക്കപ്പെട്ട ഒരു ഒപ്റ്റിക്കല്‍ ഇലൂഷന്റെ ഫലമായാണ് കാര്‍ പിന്നോട്ട് കയറ്റം കയറിപ്പോവുന്നതായി തോന്നുന്നത്.
ചുറ്റുപാടുമുള്ള ഭൂപ്രദേശത്തിന്റെ ആകൃതിയും സ്ഥിതി ചെയ്യുന്ന രീതിയും അവിടെ പ്രകാശം പതിക്കുന്ന വിധവും റോഡിന്റെ നിര്‍മിതിയും ചെരിവുമെല്ലാം മനുഷ്യന്റെ മസ്തിഷ്‌കത്തെ തെറ്റിദ്ധരിപ്പിക്കുന്നു. അതുവഴി പ്രദേശത്തിന്റെ യഥാര്‍ഥ രൂപഘടന പെട്ടെന്ന് തിരിച്ചറിയാന്‍ നമുക്കാകില്ല. ഇക്കാരണത്താല്‍ ഇറക്കം കയറ്റമായി തോന്നുകയും താഴേക്ക് ഉരുണ്ടിറങ്ങിപ്പോവുന്ന കാര്‍ കയറ്റം കയറുന്നതായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു. സ്‌പെല്‍ഗ ഡാമിനരികില്‍ സംഭവിക്കുന്നതും ഇതാണ്.
ഒപ്റ്റിക്കല്‍ ഇലൂഷന്‍ പ്രതിഭാസം വ്യക്തമാകുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ധാരാളമായി ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ചലിക്കാത്തവ ചലിക്കുന്നതായി തോന്നുന്നതും, നിറങ്ങള്‍, വലിപ്പം, ആകൃതി എന്നിവയെല്ലാം നോക്കുമ്പോള്‍ യഥാര്‍ഥത്തില്‍ നിന്ന് വ്യത്യസ്തമായി തോന്നുന്നത് ഒപ്റ്റിക്കല്‍ ഇല്യൂ ഷന്റെ ഫലമായാണ്.
എന്നാല്‍ ഇത് സ്‌പെല്‍ഗ റിസര്‍വോയറിലെ മാത്രം കാഴ്ചയല്ല. ഗ്രാവിറ്റി ഹില്‍, മാഗ്നറ്റിക് ഹിലര്‍, മിസ്റ്ററി ഹില്‍, മിസ്റ്ററി സ്‌പോട്ട്, ഗ്രാവിറ്റി റോഡ്, ആന്റി ഗ്രാവിറ്റി ഹില്‍ എന്നെല്ലാം ഇത്തരം പ്രതിഭാസം അനുഭവപ്പെടുന്ന ഇടങ്ങളെ ആളുകള്‍ വിളിക്കുന്നുണ്ട്. കാനഡയിലെ ന്യൂ ബ്രണ്‍സ്വിക്കിലെ മോങ്ടണില്‍ മാഗ്നറ്റിക് ഹില്‍ എന്നറിയപ്പെടുന്ന ഇടമുണ്ട്. ഇവിടെ ചെരിവുള്ള റോഡില്‍ വെള്ളമൊഴിച്ചാല്‍ അത് മുകളിലേക്ക് ഒഴുകി കയറിപോവുന്നതായി തോന്നാം.
ഓസ്‌ട്രേലിയയിലെ ബോവെന്‍ പര്‍വതം, മൂണ്‍ബി, വൂഡെന്റ് ബ്രസീലിലെ പെര്‍നാമ്പുകോയിലെ എക്‌സൂ, ചിലെയിലെ ഈസ്റ്റര്‍ ഐലന്റ്, ചൈനയിലെ ലയാവോനിങ് എന്നിവിടങ്ങളിലെല്ലാം പ്രതിഭാസം അനുഭവപ്പെടുന്ന ഭൂപ്രദേശങ്ങളുണ്ട്.
Content Highlights: Witness the Spelga Dam`s optical illusion in County Down, Northern Ireland
Published: 03 Aug 2025, 04:49 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented