അപൂര്‍വ ആകാശവിരുന്ന് ആസ്വിദിക്കാനൊരുങ്ങി ഇന്ത്യയിലുടനീളമുള്ള വാനനിരീക്ഷകര്‍. വര്‍ഷത്തിലെ ഏറ്റവും മനോഹരമായ ആകാശ പ്രതിഭാസങ്ങളിലൊന്നായ പെഴ്‌സീഡ് ഉല്‍ക്കാവര്‍ഷം ഓഗസ്റ്റ് 12 മുതല്‍ 13 വരെയുള്ള രാത്രിയില്‍ അതിന്റെ ഉന്നതിയിലെത്തും. വേഗമേറിയതും തിളക്കമുള്ളതുമായ ഉല്‍ക്കകളും ഇടയ്ക്കിടെയുള്ള തീഗോളങ്ങളും സൃഷ്ടിക്കപ്പെടുന്ന ഈ വാര്‍ഷിക ഉല്‍ക്കാവര്‍ഷം ജ്യോതിശാസ്ത്രജ്ഞരെയും നക്ഷത്ര നിരീക്ഷകരെയും ഒരുപോലെ ആകര്‍ഷിക്കുന്നതാണ്.
109P/Swift-Tuttle എന്ന വാല്‍നക്ഷത്രം അവശേഷിപ്പിച്ച അവശിഷ്ടങ്ങളിലൂടെ ഭൂമി കടന്നുപോകുമ്പോഴാണ് ഓരോ വര്‍ഷവും പെഴ്‌സീഡ് ഉല്‍ക്കാവര്‍ഷം സംഭവിക്കുന്നത്. ഈ വാല്‍നക്ഷത്രത്തിന്റെ ഭാഗങ്ങള്‍ സെക്കന്‍ഡില്‍ 59 കിലോമീറ്റര്‍ വേഗതയില്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കയറുന്നതോടെ അവ കത്തിത്തീരുകയും ആകാശത്ത് തിളങ്ങുന്ന പാടുകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. അനുയോജ്യമായ സാഹചര്യങ്ങളില്‍ മണിക്കൂറില്‍ 100 ഉല്‍ക്കകള്‍ വരെ കാണാന്‍ സാധിച്ചേക്കും.
ഓഗസ്റ്റ് 14 വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിനും അഞ്ചിനും ഇടയിലായിരിക്കും ഉല്‍ക്കാവര്‍ഷം ഏറ്റവും സജീവമാകുന്നത്. എന്നിരുന്നാലും ഓഗസ്റ്റ് 13-ന് രാത്രി 10 മുതല്‍ തന്നെ ഉല്‍ക്കകളുടെ മിന്നലാട്ടങ്ങള്‍ കാണാന്‍ കഴിഞ്ഞേക്കുമെന്ന് വിദഗ്ധരെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ടുചെയ്തു. രാത്രി വൈകുന്നതോടെ അവയുടെ എണ്ണം വര്‍ധിക്കും. ഈ വര്‍ഷം ചന്ദ്രന്റെ വെളിച്ചം ഉല്‍ക്കകളെ കാണുന്നതിന് തടസമായേക്കും. കാണാന്‍ കഴിയുന്ന ഉല്‍ക്കകളുടെ എണ്ണം ഇതുമൂലം കുറഞ്ഞേക്കും. ഇതൊക്കെയാണെങ്കിലും പ്രകാശ മലിനീകരണം കുറവുള്ള സ്ഥലങ്ങളില്‍ നിന്ന് നഗ്‌നനേത്രങ്ങള്‍ കൊണ്ട് പെഴ്‌സീഡുകള്‍ കാണാന്‍ സാധിക്കും. നൂറ്റാണ്ടുകളായി മനുഷ്യരാശിയെ കൗതുകപ്പെടുത്തിക്കൊണ്ടിരിക്കുന്ന ശ്രദ്ധേയമായ പ്രതിഭാസമാണിത്.
ഒരു വാല്‍നക്ഷത്രമോ ഛിന്നഗ്രഹമോ ഉപേക്ഷിച്ചുപോയ അവശിഷ്ടങ്ങളുടെ പാതയിലൂടെ ഭൂമി കടന്നുപോകുമ്പോഴാണ് ഉല്‍ക്കാവര്‍ഷം സംഭവിക്കുന്നത്. പെഴ്‌സീയിഡിന്റെ കാര്യത്തില്‍, സൂര്യനെ ചുറ്റുന്ന സ്വിഫ്റ്റ്-ടട്ടില്‍ (109P) എന്ന വാല്‍നക്ഷത്രം പൊഴിച്ച ചെറിയ പാറക്കഷണങ്ങളാണിവ. ഈ കണികകള്‍ ഉയര്‍ന്ന വേഗതയില്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഘര്‍ഷണം കാരണം അവ കത്തിത്തീരുകയും ഉല്‍ക്കകള്‍ അഥവാ 'കൊള്ളിമീനുകള്‍' എന്ന് വിളിക്കുന്ന പ്രകാശത്തിന്റെ തിളക്കമുള്ള വരകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. പെഴ്‌സീയിഡുകള്‍ അവയുടെ എണ്ണവും തിളക്കവും കാരണം വളരെ പ്രശസ്തമാണ്. ഈ ഉല്‍ക്കകളുടെ പ്രഭവസ്ഥാനം പെഴ്‌സിയസ് നക്ഷത്ര സമൂഹത്തിലാണ് എന്നതുകൊണ്ടാണ് ഈ പേര് ലഭിച്ചത്.
അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ വരെയാണ് പെഴ്‌സീഡുകള്‍ കാണാനുള്ള ഏറ്റവും നല്ല സമയം. പ്രത്യേകിച്ച് പുലര്‍ച്ചെ രണ്ടിനും അഞ്ചിനും ഇടയില്‍. രാത്രികാലത്തും വെളിച്ചം ഏറെയുള്ള നഗരങ്ങളില്‍നിന്ന് മാറി ഗ്രാമീണ മേഖലകളാണ് ഉല്‍ക്കാവര്‍ഷം കാണാന്‍ ഏറ്റവും അനുയോജ്യമായ പ്രദേശം. കുന്നുകള്‍, മലമുകളിലെ വ്യൂ പോയിന്റുകള്‍ എന്നിവ അടക്കമുള്ള ഉയര്‍ന്ന സ്ഥലങ്ങളില്‍ കാലാവസ്ഥ അനുകൂലമാണെങ്കില്‍ മികച്ച അനുഭവം നല്‍കും. ഉല്‍ക്കാവര്‍ഷം പരമാവധി പ്രയോജനപ്പെടുത്താന്‍ ദൂരദര്‍ശിനികളോ ബൈനോക്കുലറുകളോ ഉപയോഗിക്കുന്നത് ഒഴിവാക്കണം. കാരണം ഇത് കാഴ്ചയുടെ വ്യാപ്തി പരിമിതപ്പെടുത്തുകയും വേഗത്തില്‍ ചലിക്കുന്ന ഉല്‍ക്കകളെ കാണാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. പകരം നിരീക്ഷിക്കുന്നതിന് 15 മുതല്‍ 30 മിനിറ്റ് മുമ്പ് കണ്ണുകളെ ഇരുട്ടുമായി പൊരുത്തപ്പെടാന്‍ അനുവദിക്കുക. യാത്ര ചെയ്യേണ്ടതിനാലോ മേഘാവൃതമായ ആകാശം കാരണമോ ഉല്‍ക്കാവര്‍ഷം കാണാന്‍ സാധിക്കാത്തവര്‍ക്ക് വെര്‍ച്വല്‍ ടെലിസ്‌കോപ്പ് പ്രോജക്റ്റ് പോലുള്ള തത്സമയ സ്ട്രീമുകള്‍ ലഭ്യമാണ്.
Content Highlights: Witness the Perseid meteor shower peak on Aug 12-13. Find tips for best viewing
Published: 13 Aug 2025, 04:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented