വൻകിട കമ്പനികളുടെ നിർമിതബുദ്ധി (എഐ) ഉപയോഗം സംബന്ധിച്ച മുന്നറിയിപ്പുമായി പ്രമുഖ അമേരിക്കൻ സോഫ്റ്റ്‌വെയർ കമ്പനി പാലന്റീറിന്റെ സിഇഒ അലക്‌സ് കാർപ്. എഐ ലാബുകളെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് ഓഹരി ഉടമകൾക്കയച്ച കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. മാർക്‌സിസ്റ്റ് സോഷ്യലിസം ഉദയംചെയ്യുന്നതിന് കാരണക്കാരായ മുതലാളിമാർക്ക് തുല്യരാണ് എഐ കമ്പനികളെന്നും അദ്ദേഹം പറയുന്നു.

To advertise here,

അമേരിക്കൻ സൈന്യത്തിനടക്കം സാങ്കേതിക പിന്തുണ നൽകുന്ന പാലന്റീർ മുഖ്യമായും പ്രതിരോധം, രഹസ്യവിവരശേഖരണം തുടങ്ങിയ മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യു.എസ് സൈന്യം ഉപയോഗിക്കുന്ന നിർമിതബുദ്ധി സംവിധാനമായ Maven Smart System അടക്കമുള്ള പാലന്റീറിന്റെ സഹകരണത്തോടെ വികസിപ്പിച്ചതാണ്. ഇറാനിലടക്കം ആക്രമണം നടത്താൻ പാലന്റീറിന്റെ സംവിധാനങ്ങൾ അമേരിക്ക ഉപയോഗിച്ചതായി വിവരങ്ങൾ പുറത്തുവന്നിരുന്നു.

ലാർജ് ലാംഗ്വേജ് മോഡലുകൾ നിർമ്മിക്കുന്ന പല കമ്പനികളും ബോധപൂർവമോ അല്ലാതെയോ തങ്ങളുടെ പങ്കാളികളിൽ നിന്ന് ഉത്പാദന മാർഗങ്ങൾ പിടിച്ചെടുക്കാൻ ശ്രമിക്കുന്നുവെന്ന് ഓഹരി ഉടമകൾക്കയച്ച കത്തിൽ പാലന്റീർ സിഇഓ പറയുന്നു. എഐ ഉപയോഗിക്കുന്ന കമ്പനികളുടെ എതിരാളികൾക്ക് വിജയിക്കാൻ എഐ കമ്പനികൾ സഹായം നൽകുന്നു. കമ്പനികൾ എഐ ഉപയോഗത്തിന് പണം നൽകുന്നു. കമ്പനികളുടെ നിർണായക വിവരങ്ങൾ, വൈദഗ്ധ്യം, വിജ്ഞാനം എന്നിവ അവരുടെ എഐ മോഡലിലേക്ക് കൈമാറാനുള്ള അവകാശവും ഒപ്പം നൽകുന്നു. ഈ നിർണായക വിവരങ്ങളുടെ സഹായത്താൽ എഐ കമ്പനികൾക്കും സമാനമായ ബിസിനസ് അല്ലെങ്കിൽ മത്സരരംഗത്ത് അതിവേഗം മുന്നേറാൻ കഴിയുന്ന ഒരു ബിസിനസിലേക്ക് ഇറങ്ങാൻ കഴിയുമെന്നും അലക്‌സ് കാർപ്പ് ആരോപിക്കുന്നു. സോഷ്യലിസം പോലെ ഇത്തരത്തിൽ എല്ലാ കമ്പനികൾക്കും ഇടയിൽ തുല്യത സൃഷ്ടിക്കുന്ന തരത്തിലുള്ള സാഹചര്യമാണ് എഐ മുന്നേറ്റംമൂലം ഉണ്ടാകുക എന്ന തരത്തിലാണ് അലക്‌സ് കാർപ്പ് ഇക്കാര്യങ്ങൾ പറയുന്നത്.

എഐയുടെ വർധിച്ച ഉപയോഗം പാലന്റീറിന് റെക്കോർഡ് വരുമാനം നേടാൻ സഹായിച്ചുവെന്ന് അദ്ദേഹം തുറന്ന് സമ്മതിച്ചു. രണ്ടാം പാദത്തിൽ കമ്പനി 1.9 ബില്യൺ (190 കോടി) ഡോളർ വരുമാനവും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 93 ശതമാനം വരുമാന വർധനയും, 1.1 ബില്യൺ (110 കോടി) ഡോളർ ലാഭവും നേടിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

കമ്പനികളുടെ എഐ ഉപയോഗം സംബന്ധിച്ച സമാനമായ മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സിഇഓ സത്യ നാദെല്ലയും നേരത്തെ രംഗത്തെത്തിയിരുന്നു. എഐ മോഡലുകൾക്ക് സുപ്രധാന വിവരങ്ങൾ കൈമാറുന്ന കാര്യത്തിൽ ജാഗ്രത വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. പിന്നാലെയാണ് പാലന്റീർ മേധാവിയും സമാനമായ ആശങ്ക പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്.