
ഇതുവരെ പുറത്തിറങ്ങിയതിൽ ഏറ്റവും നൂതനമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡൽ എന്ന് അവകാശപ്പെട്ടാണ് ചൈനീസ് എഐ സ്റ്റാർട്ടപ്പായ മൂൺഷോട്ട് കിമി കെ3 എന്ന എഐ മോഡൽ അവതരിപ്പിച്ചത്. എന്നാൽ പുറത്തിറക്കി ദിവസങ്ങൾക്കുള്ളിൽ തന്നെ പുതിയ പെയ്ഡ് സബ്സ്ക്രിപ്ഷനുകൾ കമ്പനിക്ക് നിർത്തിവെക്കേണ്ടി വന്നു. കേൾക്കുമ്പോൾ മോഡൽ വൻ പരാജയമായെന്ന് തോന്നിയെങ്കിൽ തെറ്റി, കിമി കെ3യുടെ ജനപ്രതി അതിവേഗം വർധിച്ചതാണ് കാരണം. കമ്പനിയുടെ കംപ്യൂട്ടിങ് ശേഷിക്ക് താങ്ങാവുന്നതിലുമപ്പുറം ആളുകൾ പുതിയ എഐ മോഡൽ ഉപയോഗിക്കാൻ ഇരച്ചുകയറിയതാണ് കമ്പനി ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ കാരണമായത്.
“കഴിഞ്ഞ 48 മണിക്കൂറായി, ആവശ്യക്കാരുടെ എണ്ണത്തിലുണ്ടായ വർധന ഞങ്ങളുടെ നിലവിലെ ശേഷിയുടെ പരിധിക്കടുത്തെത്തിയിരിക്കുകയാണ്. നിലവിലുള്ള വരിക്കാരുടെ സുഗമമായ അനുഭവം സംരക്ഷിക്കുന്നതിനായി, ഞങ്ങൾ പുതിയ സബ്സ്ക്രിപ്ഷനുകൾ താത്കാലികമായി നിർത്തിവെയ്ക്കുകയും കംപ്യൂട്ടിങ് ശേഷിയിൽ നിലവിലെ അംഗങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്യുന്നു. നിലവിലുള്ള വരിക്കാരായ ഉപയോക്താക്കളെ ഇത് ബാധിക്കില്ല.” മൂൺഷോട്ട് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. കൂടുതൽ കംപ്യൂട്ടിങ് ശേഷി ആർജിക്കുന്നതിനൊപ്പം പുതിയ അംഗത്വ രജിസ്ട്രേഷൻ പുനരാരംഭിക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു.
ഇത് കൂടാതെ സബ്‌സ്‌ക്രിപ്‌ഷൻ രണ്ട് പ്ലാനുകളായി തിരിക്കാനും കമ്പനി തീരുമാനിച്ചു. കിമി വെബ്, ആപ്പ്, വർക്ക് എന്നിവ ഉപയോഗിക്കുന്നതിന് വേണ്ടിയുള്ള കിമി മെമ്പർഷിപ്പ് പ്ലാൻ. കോഡിംഗ് ജോലികൾക്കും മറ്റ് ആവശ്യങ്ങൾക്കും മാത്രമായുള്ള കിമി കോഡ് മെമ്പർഷിപ്പ് പ്ലാൻ എന്നിവയാണവ. കമ്പ്യൂട്ടിംഗ് ശേഷി കൂടുതൽ കൃത്യമായി വീതിച്ചു നൽകാനും ഉപഭോക്താക്കൾക്ക് തടസ്സങ്ങളില്ലാത്ത മികച്ച അനുഭവം ഉറപ്പാക്കാനും ഈ പുതിയ മാറ്റങ്ങൾ സഹായിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
കിമി കെ3
ഷാങ് ഹായിൽ നടന്ന വേൾഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫറൻസിൽ വെച്ചാണ് മൂൺ ഷോട്ട് പുതിയ കിമി കെ3 പുറത്തിറക്കിയത്. ഓപ്പൺ എഐ, ആന്ത്രോപിക്ക് പോലുള്ള കമ്പനികൾ പുറത്തിറക്കിയ മുൻനിര യുഎസ് എഐ മോഡലുകൾക്കുള്ള ചൈനയുടെ ശക്തമായ വെല്ലുവിളി എന്ന നിലയ്ക്കാണ് കമ്പനി ഈ മോഡൽ മുന്നോട്ട് വെക്കുന്നത്.
ഇതുവരെ പുറത്തിറങ്ങിയതിൽ ഏറ്റവും കഴിവുള്ള ഫ്ളാഗ്ഷിപ്പ് എഐ മോഡൽ എന്ന നിലയ്ക്കാണ് മൂൺഷോട്ട് കിമി കെ3 യെ അവതരിപ്പിക്കുന്നത്. 2.8 ട്രില്യൺ പാരാമീറ്ററുകളുള്ള മിക്സ്ചർ-ഓഫ്-എക്സ്പെർട്ട്സ് ആർക്കിടെക്ചറിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇതിന് ഒരു മില്യൺ ടോക്കൺ കോൺടെക്സ്റ്റ് വിൻഡോ ഉണ്ട്. ടെക്സ്റ്റും ചിത്രങ്ങളും ഒരേസമയം മനസ്സിലാക്കാൻ ഇതിന് സാധിക്കും.
ഓരോ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്ന സാധാരണ ചാറ്റ്ബോട്ടുകളിൽ നിന്ന് വ്യത്യസ്തമായി, മനുഷ്യന്റെ കുറഞ്ഞ ഇടപെടലോടെ സങ്കീർണ്ണവും ദീർഘവുമായ ജോലികൾ ചെയ്യാൻ കഴിയുന്ന രീതിയിലാണ് കിമി കെ3 രൂപകൽപ്പന ചെയ്തിരിക്കുന്നത്. സോഫ്റ്റ്‌വെയർ കോഡിംഗ്, ഗവേഷണ പ്രബന്ധങ്ങളുടെ വിശകലനം, ഫിനാൻഷ്യൽ ഡാറ്റ വിശകലനം, പ്രസന്റേഷൻ തയ്യാറാക്കൽ, വീഡിയോ എഡിറ്റിംഗിനുള്ള സഹായം എന്നിവയ്ക്ക് ഇത് ഉപയോഗിക്കാം.
കിമി ഡെൽറ്റ അറ്റൻഷൻ , അറ്റൻഷൻ റെസിഡ്യുവൽസ് എന്നീ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനാൽ കമ്പ്യൂട്ടിംഗ് വിഭവങ്ങൾ കാര്യക്ഷമമായി ഉപയോഗിച്ചുകൊണ്ട് വലിയ അളവിലുള്ള വിവരങ്ങൾ വളരെ എളുപ്പത്തിൽ പ്രോസസ്സ് ചെയ്യാൻ ഇതിന് കഴിയും.
മറ്റ് പ്രമുഖ കമ്പനികളുടെ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി, ഡെവലപ്പർമാർക്ക് ഡൗൺലോഡ് ചെയ്യാനും സ്വന്തമായി മാറ്റങ്ങൾ വരുത്താനും കഴിയുന്ന രീതിയിൽ 2026 ജൂലൈ 27-ന് കിമി കെ3 ഓപ്പൺ സോഴ്സ് ആയി പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Content Highlights: Chinese AI startup Moonshot launched its advanced Kimi K3 AI model, but had to temporarily pause new paid subscriptions due to an overwhelming surge in traffic exceeding their computing capacity.
Published: 20 Jul 2026, 03:26 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented