
നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ എഐ) വിവിധ തൊഴില്‍ മേഖലകളെ എങ്ങനെ സ്വാധീനിക്കുമെന്ന പ്രവചനവുമായി മൈക്രോസോഫ്റ്റ് റിസര്‍ച്ചിന്റെ പുതിയ പഠനം. എഐ ടൂളുകള്‍ ഏറ്റവും കൂടുതല്‍ സ്വാധീനിക്കാന്‍ സാധ്യതയുള്ള ജോലികള്‍ ഏത് തരത്തിലുള്ളവയാണെന്ന് പഠനം പ്രവചിക്കുന്നു.
മാറ്റമില്ലാതെ തുടരാന്‍ സാധ്യതയുള്ള തൊഴിലുകളുടെ പട്ടികയും പഠനം പുറത്തുവിട്ടിട്ടുണ്ട്. മൈക്രോസോഫ്റ്റ് ബിംഗ് കോപൈലറ്റുമായുള്ള 2,00,000-ല്‍ അധികം ആശയവിനിമയങ്ങള്‍ മൈക്രോസോഫ്റ്റ് റിസര്‍ച്ച് വിശകലനം ചെയ്തു. ജനറേറ്റീവ് എഐ എങ്ങനെ തൊഴിലിടങ്ങളിലെ ചലനാത്മകതയെ പുനര്‍രൂപകല്‍പ്പന ചെയ്യും എന്നതിനെക്കുറിച്ചുള്ള സൂചന നല്‍കുനനതാണ് പഠനം. 'വര്‍ക്കിംഗ് വിത്ത് എഐ: മെഷറിംഗ് ദി ഒക്കുപേഷണല്‍ ഇംപ്ലിക്കേഷന്‍സ് ഓഫ് ജനറേറ്റീവ് എഐ' എന്ന തലക്കെട്ടിലുള്ള പഠനം, ഭാഷ, ഉള്ളടക്ക നിര്‍മ്മാണം, ആവര്‍ത്തന സ്വഭാവമുള്ള ആശയവിനിമയ ജോലികള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തൊഴിലുകള്‍ക്ക് ഏറ്റവും ഉയര്‍ന്ന 'എഐ പ്രായോഗികതാ സ്‌കോറുകള്‍' ഉണ്ടെന്ന് കണ്ടെത്തി. വിവരങ്ങള്‍ നല്‍കുക, എഴുതുക, ഉപദേശം നല്‍കുക, പഠിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഈ റോളുകളില്‍ ഉള്‍പ്പെടുന്നു. എഐ ചാറ്റ്ബോട്ടുകള്‍ക്ക് ഈ ജോലികളെല്ലാം എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.
എഐക്ക് പകരമാകാന്‍ കഴിയാത്ത ജോലികളും മൈക്രോസോഫ്റ്റ് റിസര്‍ച്ച് കണ്ടെത്തിയിട്ടുണ്ട്. കായികാധ്വാനം ആവശ്യമുള്ള ജോലികളെ എഐ വളരെ കുറഞ്ഞ അളവിലേ ബാധിക്കുകയുള്ളൂവെന്നാണ് പഠനം കണ്ടെത്തിയിട്ടുള്ളത്.
- ഫ്‌ളെബോട്ടമിസ്റ്റുകള്‍ (രക്തം എടുക്കുന്നവര്‍)
- നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍
- റൂഫര്‍മാര്‍ (മേല്‍ക്കൂര പണിയുന്നവര്‍)
- പാത്രം കഴുകുന്നവര്‍
- മസാജ് തെറാപ്പിസ്റ്റുകള്‍
- ട്രക്ക്, ട്രാക്ടര്‍ ഓപ്പറേറ്റര്‍മാര്‍
- ജലശുദ്ധീകരണ പ്ലാന്റ് ഓപ്പറേറ്റര്‍മാര്‍
- മരംവെട്ട് ഉപകരണ ഓപ്പറേറ്റര്‍മാര്‍
- വീട്ടുജോലിക്കാരും ശുചീകരണ തൊഴിലാളികളും
- നിര്‍മ്മാണ തൊഴിലാളികള്‍
ഈ തൊഴിലുകള്‍ക്ക് കായികാധ്വാനം, തത്സമയ തീരുമാനമെടുക്കല്‍, അല്ലെങ്കില്‍ ശാരീരിക സാന്നിധ്യം എന്നിവ ആവശ്യമാണ്, നിലവിലെ എഐ സംവിധാനങ്ങള്‍ക്ക് ഇത് അനുകരിക്കാന്‍ കഴിയില്ല.
മൈക്രോസോഫ്റ്റ് റിസര്‍ച്ച് വ്യാപകമായ തൊഴില്‍ നഷ്ടം പ്രവചിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. എഐ ടൂളുകള്‍ പ്രധാനമായും ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ സങ്കീര്‍ണ്ണവും ക്രിയാത്മകവുമായ ജോലികള്‍ ചെയ്യാന്‍ തൊഴിലാളികളെ സ്വതന്ത്രരാക്കുകയും ചെയ്യുമെന്ന് പഠനം പറയുന്നു. നിലവിലെ സാഹചര്യത്തില്‍ ഒരു ജോലിയും പൂര്‍ണ്ണമായും എഐ ചെയ്യുന്നില്ല എന്ന വസ്തുതയ്ക്ക് മൈക്രോസോഫ്റ്റ് ഊന്നല്‍ നല്‍കുന്നുണ്ട്. എഐയുടെ സ്വാധീനം കൂടുതലുള്ള മേഖലകളില്‍ പോലും, മനുഷ്യന്റെ വിവേചനാധികാരം, സര്‍ഗ്ഗാത്മകത, ധാര്‍മ്മിക മേല്‍നോട്ടം എന്നിവ നിര്‍ണായകമായി തുടരും എന്നാണ് കണ്ടെത്തിയിട്ടുള്ളത്.
Content Highlights: Microsoft Study Identifies 40 Jobs Most Susceptible to AI Influence
Published: 31 Jul 2025, 07:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented