കൊച്ചി: കുറഞ്ഞ ചെലവിൽ പുതിയ ലൈവ് ടിവി സ്ട്രീമിംഗ് പ്ലാനുമായി റിലയൻസ് ജിയോ. 'ജിയോ ടിവി പ്രോ' എന്ന് പേരിട്ടിരിക്കുന്ന 55 രൂപയുടെ പുതിയ പാക്കാണ് അവതരിപ്പിച്ചത്. ജിയോ ടിവി ആപ്പ് വഴി ഉപഭോക്താക്കൾക്ക് 16-ലധികം ഭാഷകളിലായി 1,000-ലധികം തത്സമയ ടെലിവിഷൻ ചാനലുകൾ കാണാൻ ഈ പ്ലാൻ സൗകര്യമൊരുക്കും. 

To advertise here,

ഇന്ത്യയിലെ പ്രമുഖ ബ്രോഡ്കാസ്റ്റർമാരുടെ 150-ലധികം പ്രീമിയം ചാനലുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റാർപ്ലസ് എച്ച്ഡി, കളേഴ്സ് എച്ച്ഡി, സോണി എന്റർടെയ്ൻമെന്റ് ടെലിവിഷൻ എച്ച്ഡി, സോണി സാബ് എച്ച്ഡി, ഡിസ്കവറി, അനിമൽ പ്ലാനറ്റ്, സൺ നെറ്റ് വർക്ക്, ഇടിവി തുടങ്ങിയ ജനപ്രിയ ചാനലുകൾക്കൊപ്പം വിനോദം, സിനിമ, വാർത്ത, കുട്ടികളുടെ പരിപാടികൾ, ലൈഫ്‌സ്റ്റൈൽ, വിവിധ പ്രാദേശിക ഭാഷകളിലെ ചാനലുകൾ എന്നിവയും ലഭ്യമാണ്.

ജിയോ സ്റ്റാർ, സോണി എന്റർടെയ്ൻമെന്റ്, സൺ ടിവി നെറ്റ് വർക്ക്, വാർണർ ബ്രോസ്, ഡിസ്കവറി, ഇടിവി എന്നിവയുടെ പ്രീമിയം ചാനലുകൾ ഈ പാക്കിൽ ഒരുമിപ്പിച്ചിരിക്കുന്നു. ജിയോ സ്റ്റാർ, സോണി എന്നിവയുടെ സ്പോർട്സ് ചാനലുകൾ ഈ പാക്കിൽ ഉൾപ്പെട്ടിട്ടില്ല.

വളരെ എളപ്പത്തിൽ ഈ സേവനം സ്വന്തമാക്കാം. ₹55 പാക്ക് റീചാർജ് ചെയ്ത ശേഷം ജിയോ ടിവി ആപ്പ് തുറന്ന് നിങ്ങളുടെ ജിയോ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്താൽ മതി. പ്രത്യേക ആക്ടിവേഷൻ ആവശ്യമില്ല. റീചാർജ് വിജയകരമായ ഉടൻ തന്നെ പ്രീമിയം ചാനലുകൾ കാണാൻ കഴിയും.

ഇത് വിനോദത്തിനായി മാത്രം രൂപകൽപ്പന ചെയ്ത പാക്കാണ്. അതിനാൽ ഇതിൽ വോയ്സ് കോളോ എസ്‌എം‌എസ് ആനുകൂല്യങ്ങളോ ഉൾപ്പെടുന്നില്ല. ഈ സേവനം ഉപയോഗിക്കാൻ സജീവമായ ജിയോ പ്രീപെയ്ഡ് അല്ലെങ്കിൽ പോസ്റ്റ്പെയ്ഡ് കണക്ഷൻ ആവശ്യമാണ്.

ജിയോ ടിവി ആപ്പിലൂടെ ഒരു മൊബൈലിൽ മാത്രം ഈ പാക്ക് ഉപയോഗിക്കാം. പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് ഒരുപോലെ ഇത് ലഭ്യമാണ്. ഒന്നിലധികം തവണ റീചാർജ് ചെയ്താൽ, അധിക പാക്കുകൾ ക്യൂവിൽ ചേർന്ന് ഓരോ 30 ദിവസത്തെ കാലാവധി അവസാനിക്കുമ്പോഴും സ്വമേധയാ അടുത്തത് സജീവമാകും.