നിർമിത ബുദ്ധി മനുഷ്യരുടെ ജോലികൾ വ്യാപകമായി ഇല്ലാതാക്കുമെന്ന ആശങ്കകളെ തള്ളിക്കളഞ്ഞ് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്. പാരീസിൽ നടന്ന വിവടെക് (VivaTech) കോൺഫറൻസിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്. നിർമിത ബുദ്ധി കാരണം മനുഷ്യരുടെ പ്രസക്തി നഷ്ടപ്പെടുമെന്ന വാദത്തോട് താൻ പൂർണമായും വിയോജിക്കുന്നുവെന്നും യഥാർത്ഥത്തിൽ നിർമിത ബുദ്ധി പുതിയ അവസരങ്ങൾ തുറന്നിടുകയും വലിയൊരു തൊഴിലാളി ക്ഷാമത്തിന് (labor shortage) വഴിയൊരുക്കുകയും ചെയ്യുമെന്നാണ് ബെസോസ് അഭിപ്രായപ്പെട്ടത്.

To advertise here,

ജൂൺ ആദ്യം പുറത്തുവന്ന റോയിട്ടേഴ്സ്/ഇപ്‌സോസ് സർവേ പ്രകാരം, അമേരിക്കക്കാരിൽ പകുതിയോളം പേരും നിർമിത ബുദ്ധി തങ്ങളുടെ തൊഴിലിനെയും വരുമാനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്കപ്പെടുന്നുണ്ട്. എന്നാൽ സാങ്കേതികവിദ്യ പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കുന്നത് കൂടുതൽ എളുപ്പമാക്കുമെന്നും അതുവഴി ബിൽഡർമാർ, ക്രിയേറ്റർമാർ, സംരംഭകർ പോലുള്ളവർക്ക് വലിയ ഡിമാൻഡ് ഉണ്ടാകുമെന്നുമാണ് ബെസോസ് ചൂണ്ടിക്കാട്ടുന്നത്.

മനുഷ്യർക്ക് പുതിയതായി കണ്ടെത്താൻ അനന്തമായ കാര്യങ്ങളുണ്ടെന്ന് ബെസോസ് പറഞ്ഞു. നമ്മുടെ ഭാവനയ്ക്ക് പരിധിയില്ല, എന്നാൽ നമ്മൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്ക് പരിധിയുണ്ട്. പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടും സാമ്പത്തിക ലാഭമില്ലാത്തതുകൊണ്ടും മാത്രം ആളുകളുടെ പല മികച്ച ആശയങ്ങളും അവരുടെ മനസ്സിൽ തന്നെ ഒതുങ്ങിപ്പോകുന്നുണ്ട്. എന്നാൽ, നിർമിത ബുദ്ധിയുടെ സഹായത്തോടെ ഏത് ആശയവും യാഥാർത്ഥ്യമാക്കാൻ സാധിക്കും. അപ്പോൾ നമ്മുടെ പരിമിതി നമ്മുടെ കഴിവുകളായിരിക്കില്ല, മറിച്ച് നമ്മുടെ ഭാവനകൾ മാത്രമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിർമിത ബുദ്ധിയുടെ മറ്റൊരു വലിയ സാധ്യത ബഹിരാകാശ പര്യവേക്ഷണത്തിലാണെന്ന് ബെസോസ് ഉദാഹരണമായി പറഞ്ഞു.

ബഹിരാകാശ യാത്രകൾ കൂടുതൽ ചെലവ് കുറഞ്ഞതും വിശ്വസനീയവുമാവുകയും, ഒപ്പം ഛിന്നഗ്രഹങ്ങളിൽ നിന്നും ചന്ദ്രനിൽ നിന്നും ഭൂമിക്കടുത്തുള്ള മറ്റ് ബഹിരാകാശ വസ്തുക്കളിൽ നിന്നുമെല്ലാം അസംസ്കൃത വസ്തുക്കൾ ലഭിക്കുകയും ചെയ്താൽ, ഭൂമിയെ വ്യവസായവൽക്കരണത്തിന് മുൻപുള്ള മനോഹരമായ അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.