ഇന്ത്യയിൽ നിന്ന് നിർമിക്കപ്പെടുന്ന അശ്ലീല ദൃശ്യങ്ങൾ ഇന്‍റർനെറ്റിൽ പെരുകുന്നു. വിവിധ ഓണ്‍ലൈൻ സ്ട്രീമിങ് ആപ്പുകളിലാണ് വലിയ രീതിയിൽ നിയമലംഘനം നടക്കുന്നത്. കാഴ്ചക്കാരിൽ നിന്ന് വൻതുക ഈടാക്കിയാണ് ഈ നഗ്നതാ പ്രദർശനം. ഇന്ത്യന്‍ ഐടി നിയമം അനുസരിച്ച് ഇത്തരം ഉള്ളടക്കങ്ങളുടെ പ്രദര്‍ശനം നിയമവിരുദ്ധമാണെങ്കിലും ഇത്തരക്കാര്‍ക്കെതിരെ കാര്യമായ നടപടികളൊന്നുമുണ്ടാവുന്നില്ല. 

To advertise here,

വെള്ളിയാഴ്ചയാണ് ഓണ്‍ലൈന്‍ ആപ്പ് വഴി സ്വന്തം ലൈംഗിക ദൃശ്യങ്ങള്‍ പങ്കുവെച്ച കേസില്‍, ഹൈദരാബാദില്‍ നിന്നുള്ള ദമ്പതിമാരെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് തങ്ങള്‍ ഇത് ചെയ്തിരുന്നതെന്നാണ് ദമ്പതിമാരുടെ വാദം. ഐടി നിയമം അനുസരിച്ചാണ് അറസ്റ്റ്. 

ഉന്നതവിദ്യാഭ്യാസം തേടുന്ന ഇവരുടെ മക്കള്‍ പഠനത്തില്‍ ഉന്നത വിജയം നേടിയവരാണ്. ഒരാള്‍ രണ്ടാം വര്‍ഷ ബിടെക് വിദ്യാര്‍ഥിയാണെന്നും മറ്റൊരാള്‍ ഇന്റര്‍മീഡിയറ്റ് പരീക്ഷയില്‍ 470 ല്‍ 468 മാര്‍ക്ക് നേടിയ ആളാണെന്നും എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഓട്ടോഡ്രൈവറായിരുന്ന ഭര്‍ത്താവിന് ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാലും പഠനച്ചിലവിനും ചികിത്സയ്ക്കും ആവശ്യമായ പണം കണ്ടെത്താനാകാത്തതിനാലുമാണ് ഇത് ചെയ്തതെന്ന് പോലീസ് പറയുന്നു. സ്വന്തം ജോലിയില്‍ നിന്ന് നേടിയിരുന്ന വരുമാനത്തേക്കാള്‍ കൂടുതല്‍ തുകയാണ് ഇവര്‍ തത്സമയ സ്ട്രീമിങിലൂടെ നേടിയിരുന്നത്. 2000 രൂപവരെ ഇതിനായി ഒരാളില്‍ നിന്ന് ഈടാക്കിയിരുന്നു. എച്ച്ഡി ക്യാമറകളും മറ്റ് ഉപകരണങ്ങളും ഇവരില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു. 

ഇന്ത്യയില്‍ അശ്ലീലദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കാമോ ?

പണത്തിന് വേണ്ടി അശ്ലീല രംഗങ്ങള്‍ തത്സമയം സ്ട്രീം ചെയ്യുന്നത് ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിച്ച് ഗുരുതരമായ കുറ്റകൃത്യമാണ്. അതിന് പിന്നില്‍ എന്ത് കാരണമാണെങ്കിലും ഇളവുലഭിക്കില്ല. 

  • 2000 ലെ ഐടി നിയമം സെക്ഷന്‍ 67 അനുസരിച്ച് അശ്ലീല ഉള്ളടക്കങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതും കൈമാറ്റം ചെയ്യുന്നതും പിഴയും തടവും ലഭിക്കുന്ന കുറ്റകൃത്യമാണ്. 
  • സെക്ഷന്‍ 67എ അനുസരിച്ച് ഇത്തരം പ്രവൃത്തികള്‍ ചെയ്ത് ആദ്യമായി ശിക്ഷിക്കപ്പെടുന്നവർക്ക് അഞ്ച് വര്‍ഷം വരെ തടവും 10 ലക്ഷം വരെ പിഴയും ലഭിക്കും. തുടര്‍ച്ചയായി കുറ്റവാളികള്‍ അതില്‍ കൂടുതല്‍ വര്‍ഷക്കാലം തടവുശിക്ഷ അനുഭവിക്കേണ്ടിവരും. ഒപ്പം കൂടുതല്‍ പിഴ നല്‍കേണ്ടതായും വരും. 
  • സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനെതിരെയുള്ള 1986 ലെ നിയമവും ഇത്തരം കേസുകളില്‍ ബാധകമാവും. 
  • സ്വന്തം വീട്ടിലോ സ്വകാര്യ സ്ഥലങ്ങളിലോ വെച്ച് ഇത്തരം ഉള്ളടക്കങ്ങള്‍ ചിത്രീകരിക്കുന്നതും അവ പൊതുമധ്യത്തില്‍ പങ്കുവെക്കുന്നതും കുറ്റകരം തന്നെയാണ്.