2024 സാമ്പത്തികവർഷം മൂന്നാം പാദ വരുമാന റിപ്പോര്‍ട്ട് പുറത്തുവിട്ട ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഗൂഗിളിന്റെ പുതിയ സോഫ്റ്റ് വെയര്‍ കോഡ്  25 ശതമാനത്തിലേറെ തയ്യാറാക്കിയിരിക്കുന്നത് നിര്‍മിതബുദ്ധി ഉപയോഗിച്ചാണെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

To advertise here,

എഐ നിർമിക്കുന്ന കോഡ് പിന്നീട്  സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍ പരിശോധിക്കും. കോഡിങ് രംഗത്തെ വിപ്ലവകരമായ മാറ്റത്തിന്റെ സൂചനയാണ് ഇത് വ്യക്തമാക്കുന്നത്. സോഫ്റ്റ് വെയര്‍ നിര്‍മാണ രംഗത്ത് നിര്‍മിത ബുദ്ധിയുടെ സാന്നിധ്യം വര്‍ധിച്ചുവരുന്നതായി ഇത് വ്യക്തമാക്കുന്നു. 

എന്നാല്‍ ഇത് കോഡര്‍മാര്‍ക്ക് ജോലി നഷ്ടമാകുന്നതിനിടയാക്കില്ലെന്നും കൂടുതല്‍ സങ്കീര്‍ണമായ ജോലികളിലും പുതിയ കാര്യങ്ങള്‍ കണ്ടെത്തുന്നതിനും വേണ്ടി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എഐ സഹായകമാവുമെന്നാണ് ഒരു വാദം. 

അതേസമയം സോഫ്റ്റ് വെയര്‍ രംഗത്ത് കോഡിങ് ഉള്‍പ്പടെ എന്‍ട്രി ലെവൽ ജോലികള്‍ ഭാവിയില്‍ ഇല്ലാതാവുമെന്ന് തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. അതുകൊണ്ടു തന്നെ എഞ്ചിനീയര്‍മാര്‍ എഐ സംവിധാനങ്ങളുടെ മേല്‍നോട്ടം, എഐ ഉപയോഗിച്ച് കോഡുകള്‍ പരിശോധിക്കുക, നന്നാക്കുക ഉള്‍പ്പടെ പുതിയ കഴിവുകള്‍ ആര്‍ജിക്കേണ്ടതായി വരും.

എന്തായാലും ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ എഐയുടെ ഉപയോഗം ഗൂഗിള്‍ ശക്തമാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് സുന്ദര്‍ പിച്ചൈയുടെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്. 

സോഫ്റ്റ് വെയര്‍ വികസിപ്പിക്കുന്നതിന്റെ സമയം ലഘൂകരിക്കുന്നതിനൊപ്പം പുതിയ കാര്യങ്ങള്‍ ചെയ്യുന്നതിന് എഞ്ചിനീയര്‍മാരെ കൂടുതല്‍ പ്രാപ്തമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് പിച്ചൈ പറയുന്നു. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനാണ് കോഡിങ് രംഗത്ത് ഗൂഗിള്‍ എഐയുടെ സഹായം തേടുന്നത്. ജെമിനി എഐ പോലുള്ള പുതിയ എഐ മോഡലുകള്‍ വേഗത്തില്‍ വിന്യസിക്കുന്നതിനായി ഗൂഗിള്‍ ഗവേഷണം, മെഷീന്‍ ലേണിംഗ്, സുരക്ഷാ ടീമുകളെ അടുത്തിടെ സംയോജിപ്പിച്ചിരുന്നു.