ഉപയോഗം കൂടിയതിനെ തുടര്‍ന്ന് ഗൂഗിളിന്റെ പുതിയ ഇമേജ് ജനറേഷന്‍ മോഡലായ നാനോ ബനാന പ്രോയ്ക്കും ഓപ്പണ്‍ എഐയുടെ സോറ വീഡിയോ ജനറേറ്റര്‍ എഐയ്ക്കും കമ്പനികള്‍ പുതിയ പരിധി നിശ്ചയിച്ചതായി റിപ്പോര്‍ട്ട്. പ്രതിദിനം നിര്‍മിക്കാനാവുന്ന ചിത്രങ്ങളുടേയും വീഡിയോകളുടേയും എണ്ണത്തിലാണ് പരിധി നിശ്ചയിച്ചത്.

To advertise here,

സോറ ആപ്പില്‍ സൗജന്യ ഉപഭോക്താക്കള്‍ക്ക് ഇനി പ്രതിദിനം ആറ് വീഡിയോകള്‍ മാത്രമാണ് നിര്‍മിക്കാനാവുക. എന്നാല്‍ ചാറ്റ് ജിപിടി പ്ലസ്, പ്രോ സബ്‌സ്‌ക്രിപ്ഷന്‍ എടുത്തവര്‍ക്ക് ഈ നിയന്ത്രണം ബാധകമാവില്ല.

കൂടുതല്‍ വീഡിയോകള്‍ നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കണമെന്ന് ഓപ്പണ്‍ എഐയുടെ സോറ മേധാവി ബില്‍ ബീബിള്‍സ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. ഞങ്ങളുടെ ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകള്‍ ഉരുകിയൊലിക്കുകയാണ്. സോറ പരമാവധി ആളുകള്‍ക്ക് ലഭ്യമാക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാനോ ബനാന പ്രോയുടെ സൗജന്യ ഉപഭോക്താക്കള്‍ക്ക് ഇനി ദിവസം രണ്ട് ചിത്രങ്ങള്‍ മാത്രമേ നിര്‍മിക്കാനും എഡിറ്റ് ചെയ്യാനുമാവൂ. ജെമിനി 3 പ്രോ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇമേജ് ജനറേഷന്‍ ടൂള്‍ ആണ് നാനോ ബനാന പ്രോ. ഈ നിയന്ത്രണം ഇല്ലാതാവണമെങ്കില്‍ ഗൂഗിള്‍ എഐ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ എടുക്കേണ്ടിവരും. എന്നാല്‍, ജെമിനി 2.5 അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നാനോ ബനാനയുടെ മുന്‍ പതിപ്പില്‍ പ്രതിദിനം 100 ചിത്രങ്ങള്‍ നിര്‍മിക്കാം.

ജിപിയു ഉരുകുമോ?

എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിനും അവയുടെ പ്രവര്‍ത്തനത്തിനുമെല്ലാം ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകളാണ് കമ്പനി ഉപയോഗിക്കുന്നത്. മുമ്പ് എഐ ജിബിലി ട്രെന്‍ഡ് വൈറലായ സമയത്ത് ജിപിയു ഉരുകുന്നു എന്ന് ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാനും പറഞ്ഞിരുന്നു. എങ്കിലും അതൊരു തമാശ പോലെ പറഞ്ഞതാണ്. എന്‍വിഡിയ പോലുള്ള കമ്പനികളുടെ ശക്തിയേറിയ ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകളാണ് ഓപ്പണ്‍ എഐ ഉള്‍പ്പടെയുള്ള കമ്പനികള്‍ ഉപയോഗിക്കുന്നത്. കാലാനുസൃതമായി ഈ ചിപ്പുകള്‍ക്ക് തേയ്മാനം സംഭവിക്കാമെങ്കിലും അത് ഉരുകിപ്പോകുന്ന സ്ഥിതിയുണ്ടാവില്ല. എന്നാല്‍, ഉപയോഗം വര്‍ധിക്കുമ്പോള്‍ ഡാറ്റാ സെന്ററുകളിലെ ചിപ്പുകള്‍ ചൂടാകാറുണ്ട്. ഇത് നിയന്ത്രിക്കാനുള്ള കൂളിങ് സംവിധാനങ്ങളും ഈ ഡാറ്റാ സെന്ററുകളില്‍ ഉണ്ടാവാറുണ്ട്.