
മെസേജിങ് പ്ലാറ്റ്‌ഫോമുകളിലെ യൂസർനെയിം ഫീച്ചറുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പരിശോധന കർശനമാക്കുന്നു. വാട്സാപ്പിന് സമാനമായ നോട്ടീസ് അയച്ചതിന് പിന്നാലെ ടെലിഗ്രാം (Telegram), സിഗ്നൽ (Signal) എന്നീ ആപ്പുകൾക്കും കേന്ദ്ര ഐ.ടി. മന്ത്രാലയം ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുകയാണ്. ഓൺലൈൻ തട്ടിപ്പുകൾ, ആൾമാറാട്ടം, മറ്റ് സൈബർ അധിക്ഷേപങ്ങൾ എന്നിവ തടയാൻ ഈ പ്ലാറ്റ്‌ഫോമുകൾ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിശദീകരിക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ യൂസർനെയിം ഫീച്ചർ തുടർന്നും ഉപയോഗിക്കാൻ അനുവദിക്കുന്നതിന് കാരണം വ്യക്തമാക്കാൻ ടെലിഗ്രാമിനോട് സർക്കാർ പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്.
ഫോൺ നമ്പറുകൾക്ക് പകരം യൂസർനെയിമുകൾ ഉപയോഗിക്കുന്നത് സെലിബ്രിറ്റികൾ, പ്രമുഖ വ്യക്തികൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി ആൾമാറാട്ടം നടത്താൻ തട്ടിപ്പുകാരെ സഹായിക്കുമെന്നാണ് സർക്കാരിന്റെ പ്രധാന ആശങ്ക. ഫോൺ നമ്പറുകൾ മറച്ചുവെക്കുന്നത് ഫിഷിങ്, ഓൺലൈൻ തട്ടിപ്പുകൾ, അടുത്തിടെ വർധിച്ചുവരുന്ന 'ഡിജിറ്റൽ അറസ്റ്റ്' തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങൾക്ക് കൂടുതൽ അവസരമൊരുക്കുമെന്നും അധികൃതർ ഭയപ്പെടുന്നു.
വാട്സാപ്പ് യൂസർ നെയിമിനുള്ള വിലക്ക്
ഇന്ത്യയിൽ യൂസർനെയിം ഫീച്ചർ അവതരിപ്പിക്കുന്നത് താത്കാലികമായി നിർത്തിവെക്കാൻ വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റയോട് സർക്കാർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഈ ഫീച്ചറിന്റെ സുരക്ഷാ കാര്യങ്ങളിൽ പരിശോധനകൾ പൂർത്തിയാകുന്നതുവരെ ഫീച്ചർ പുറത്തിറക്കരുതെന്നാണ് നിർദേശം. സൈബർ കുറ്റകൃത്യങ്ങൾ വർധിപ്പിക്കാൻ സാധ്യതയുള്ള ഈ ഫീച്ചറുമായി മുന്നോട്ടുപോയാൽ ഐ.ടി. നിയമപ്രകാരം നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ മൂന്നുദിവസത്തിനകം മറുപടി നൽകാനും മെറ്റയോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ, സുരക്ഷയ്ക്കായി കൃത്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നാണ് വാട്സാപ്പ് വ്യക്തമാക്കുന്നത്. പ്രമുഖ വ്യക്തികളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും പേരുകൾ മറ്റാർക്കും ഉപയോഗിക്കാൻ കഴിയാത്തവിധം റിസർവ് ചെയ്യുമെന്നും അധിക സുരക്ഷയ്ക്കായി നാലക്ക 'യൂസർനെയിം കീ' നൽകുമെന്നും വാട്സാപ്പ് അറിയിച്ചു. കോൺടാക്റ്റുകൾ സേവ് ചെയ്യാതെതന്നെ ആളുകളുമായി സംസാരിക്കാൻ യൂസർനെയിമുകൾ സഹായിക്കും. ഇന്ത്യയിൽ വാട്സാപ്പിന് 50 കോടിയിലധികം ഉപയോക്താക്കളുണ്ട്.
അതേസമയം, സർക്കാർ നടപടിയെ ചോദ്യം ചെയ്ത് ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻരംഗത്തെത്തിയിട്ടുണ്ട്. ഒരു ഫീച്ചർ പുറത്തിറക്കുന്നതിന് മുമ്പുതന്നെ അത് തടയാൻ സർക്കാരിന് നിയമപരമായ അധികാരമില്ലെന്നാണ് ഇവരുടെ വാദം.
Content Highlights: The Indian government has issued strict notices to messaging platforms like Telegram, Signal, and WhatsApp, questioning the safety of their username features due to rising concerns over cybercrimes, impersonation, and "digital arrests."
Published: 03 Jul 2026, 08:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented