മുംബൈ: ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സില്‍ കെ.എല്‍ രാഹുലാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായത്. ഇതോടെ രാജ്‌കോട്ടില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ മലയാളി താരം സഞ്ജു വി സാംസണെ പരിഗണിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍.

To advertise here,

എന്നാല്‍ സഞ്ജുവിനെ സെലക്ടര്‍മാര്‍ കണ്ടില്ല. പകരം ആന്ധ്രയുടെ കെ.എസ് ഭരത് ആണ് ടീമില്‍ ഇടംപിടിച്ചത്. ഇതിന് മുമ്പ് വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ ഇടം നേടാതിരുന്ന സഞ്ജു ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ കളിച്ചത് ഒരൊറ്റ മത്സരം മാത്രമാണ്. ട്വന്റി-20യില്‍ അരങ്ങേറി അഞ്ചു വര്‍ഷത്തിന് ശേഷമാണ് മലയാളി താരം രണ്ടാം ട്വന്റി-20 കളിക്കുന്നത്. 

Read More: 'ഏകദിനത്തില്‍ ഇന്ത്യയുടെ ദൗര്‍ബല്യം ഇതാണ്': മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ പറയുന്നു.

പന്തിന് പരിക്കേറ്റിട്ടും ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തിനുള്ള ടീമില്‍ സഞ്ജുവിനെ പരിഗണിക്കാതിരുന്നതോടെ നിരവധി ക്രിക്കറ്റ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ സെലക്ടര്‍മാര്‍ക്കെതിരേ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സഞ്ജുവിന്റെ ഒരു എഫ്ബി പോസ്റ്റിനും ട്വീറ്റിനും താഴെ പിന്തുണയുമായി ആരാധകര്‍ എത്തിയിരിക്കുകയാണ്. സഞ്ജു ഇട്ട ഒരു 'കോമ' പോസ്റ്റിന് താഴെയാണ് ആരാധകരുടെ തിക്കും തിരക്കും. 

ട്വിറ്ററില്‍ സഞ്ജുവിന്റെ കോമയ്ക്ക് ഇതുവരെ ലഭിച്ചത് 11,700 ലൈക്കുകളും ആയിരത്തിലധികം റീട്വീറ്റുകളുമാണ്. ഫെയ്‌സ്ബുക്കില്‍ ലഭിച്ചത് ഏഴായിരത്തിലധികം റിയാക്ഷനുകള്‍. ടീമില്‍ അവസരം ലഭിക്കാത്തതിന്റെ പ്രതികരണമാണ് ഈ 'കോമ'യെന്നാണ് ആരാധകര്‍ പറയുന്നത്. 

സഞ്ജുവിന്റെ ദിവസം ഇന്ത്യന്‍ ക്രിക്കറ്റില്‍ വരാന്‍ പോകുന്നുവെന്നും നിരാശപ്പെടേണ്ടെന്നും ആരാധകര്‍ കമന്റുകളില്‍ പറയുന്നു. ന്യൂസീലന്‍ഡ് പര്യടനത്തിലുള്ള ഇന്ത്യ എ ടീമിനൊപ്പമാണ് നിലവില്‍ സഞ്ജു സാംസണ്‍.

 

Content Highlights: Sanju Samson social media post viral