ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാരം നാല് പേര്‍ക്ക്. ഒളിമ്പിക്‌സ് ഷൂട്ടിങ് വെങ്കല മെഡല്‍ ജേതാവ് മനു ഭാക്കര്‍, ചെസ് ലോകചാമ്പ്യന്‍ ഡി.ഗുകേഷ്, ഇന്ത്യന്‍ ഹോക്കി താരം ഹര്‍മന്‍പ്രീത് സിങ്, പാരാ അത്‌ലറ്റ് പ്രവീണ്‍ കുമാര്‍ എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍. മലയാളി നീന്തല്‍ താരം സജ്ജന്‍ പ്രകാശ് ഉള്‍പ്പെടെ 32 പേര്‍ക്ക് അര്‍ജുന പുരസ്‌കാരവും ലഭിച്ചു. മലയാളി ബാഡ്മിന്റണ്‍ പരിശീലകന്‍ എസ്. മുരളീധരനാണ് പരിശീലക രംഗത്തെ മികവിനുള്ള ദ്രോണാചാര്യ പുരസ്‌കാരം. ജനുവരി 17-ന് രാഷ്ട്രപ്രതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും.

To advertise here,

പാരിസ് ഒളിമ്പിക്‌സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം നേടി മനു ഭാക്കര്‍ ചരിത്രമെഴുതിയിരുന്നു. ഷൂട്ടിങ് വ്യക്തിഗത വിഭാഗത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രമാണ് അവര്‍ സ്വന്തമാക്കിയത്. പിന്നാലെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീമിനത്തിലും വെങ്കലം നേടി. സിംഗപ്പൂരില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ ചൈനീസ് ചെസ് താരം ഡിങ് ലിറെനിനെ തോല്‍പ്പിച്ചാണ് ഗുകേഷ് ലോകചാമ്പ്യനായത്. ഇതോടെ ലോകചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡും 18-കാരന്‍ നേടി. 

ഇന്ത്യന്‍ ഹോക്കി ടീമിന്റെ ക്യാപ്റ്റനായ ഹര്‍മന്‍പ്രീത് സിങ്ങ് 2024 പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയെ വെങ്കലത്തിലേക്ക് നയിച്ചിരുന്നു. 2020 ടോക്യോ ഒളിമ്പിക്‌സിലും വെങ്കലം നേടിയ ടീമില്‍ ഹര്‍മന്‍പ്രീത് അംഗമായിരുന്നു. പാരാ അത്‌ലറ്റായ പ്രവീണ്‍ കുമാര്‍ 2024 പാരിസ് പാരാലിമ്പിക്‌സില്‍ ഹൈജമ്പില്‍ സ്വര്‍ണം നേടിയിരുന്നു. 2020 ടോക്യോ പാരാലിമ്പിക്‌സില്‍ വെള്ളിയും നേടി. 

2017-ലെ ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈസില്‍ വെള്ളി നേടിയ താരമാണ് സജ്ജന്‍ പ്രകാശ്. 2016-ല്‍ ഗുവാഹത്തിയില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈസ്, 1500 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 4x200  മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ ഇനങ്ങളിലും സ്വര്‍ണം നേടി. പാരിസ് ഒളിമ്പിക്‌സില്‍ ഷൂട്ടിങ് 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സില്‍ വെങ്കലം നേടിയ സ്വപ്‌നില്‍ കുസാലയ്ക്കും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വെങ്കല മെഡല്‍ ജേതാവ് സരബ്‌ജോത് സിങ്ങിനും അര്‍ജുന പുരസ്‌കാരമുണ്ട്. 

അര്‍ജുന പുരസ്‌കാര ജേതാക്കള്‍

ജ്യോതി യാരാജി (അത്ലറ്റിക്സ്),അന്നു റാണി (അത്ലറ്റിക്സ്),  നിതു (ബോക്‌സിങ്), സവീതി (ബോക്‌സിങ്), വന്തിക അഗര്‍വാള്‍ (ചെസ്), സലിമ ടെറ്റെ (ഹോക്കി), അഭിഷേക് (ഹോക്കി), സഞ്ജയ് (ഹോക്കി), ജര്‍മന്‍പ്രീത് സിങ്(ഹോക്കി), സുഖ്ജീത് സിങ്(ഹോക്കി),  രാകേഷ് കുമാര്‍ (പാരാ അമ്പെയ്ത്ത്), പ്രീതിപാല്‍ (പാരാ അത്ലറ്റിക്സ്), ജീവന്‍ജി ദീപ്തി(പാരാ അത്ലറ്റിക്സ്), അജിത് സിങ് (പാരാ അത്ലറ്റിക്സ്) സച്ചിന്‍ സര്‍ജെറാവു (പാരാ അത്ലറ്റിക്സ്), ധരംബീര്‍ (പാരാ അത്ലറ്റിക്സ്), പ്രണവ് സൂര്‍മ (പാരാ അത്‌ലറ്റിക്‌സ്), ഹൊകറ്റോ സെമ (പാരാ അത്ലറ്റിക്സ്),സിമ്രാന്‍ (പാരാ അത്ലറ്റിക്സ്), നവദീപ് (പാരാ അത്ലറ്റിക്സ്), നിതേഷ് കുമാര്‍ (പാരാ ബാഡ്മിന്റണ്‍), തുളസിമതി മുരുകേശന്‍ (പാരാ ബാഡ്മിന്റണ്‍), നിത്യ ശ്രീ സുമതി ശിവന്‍ (പാരാ ബാഡ്മിന്റണ്‍), മനീഷ രാമദാസ് (പാരാ ബാഡ്മിന്റണ്‍), കപില്‍ പാര്‍മര്‍ (പാരാ ജൂഡോ),  മോന അഗര്‍വാള്‍ (പാരാ ഷൂട്ടിങ്), റുബീന ഫ്രാന്‍സിസ് (പാരാ ഷൂട്ടിങ്), സ്വപ്‌നില്‍ കുസാലെ (ഷൂട്ടിങ്), സരബ്‌ജോത് സിങ് (ഷൂട്ടിങ്), അഭയ് സിങ് (സ്്ക്വാഷ്), സജ്ജന്‍ പ്രകാശ് (നീന്തല്‍), അമന്‍ (ഗുസ്തി).