
ന്യൂഡൽഹി: യുവരാജ് സിങ് - സ്റ്റുവർട്ട് ബ്രോഡ് എന്നീ പേരുകൾ ഒന്നിച്ചുകേട്ടാൽ ഉടൻ തന്നെ ആരാധകരുടെ മനസ് 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പ് ഓർമകളിലേക്ക് പോകും. ബ്രോഡിന്റെ ഒരു ഓവറിലെ ആറു പന്തും സിക്സറിന് പറത്തിയ യുവിയുടെ പ്രകടനം ഇന്നും ക്രിക്കറ്റ് പ്രേമികളുടെ മനസിൽ മായാതെ നിൽക്കുകയാണ്.
എന്നാലിപ്പോഴിതാ ആ ആറു സിക്സറുകളുടെ കാര്യം മറന്ന് ബ്രോഡിന് കയ്യടിക്കാൻ ആഹ്വാനം ചെയ്തിരിക്കുകയാണ് യുവി. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തോടെ ടെസ്റ്റിൽ 500 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിടുകയും പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ബ്രോഡിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയതാണ് യുവരാജ് സിങ്
'എപ്പോഴെല്ലാം ഞാൻ സ്റ്റുവർട്ട് ബ്രോഡിനെ കുറിച്ച് എന്ത് എഴുതിയാലും ആളുകൾ പണ്ട് ആറു സിക്സ് അടിച്ച സംഭവവുമായി അതിനെ ബന്ധപ്പെടുത്തുമെന്ന് എനിക്കുറപ്പാണ്. ഇന്ന് എന്റെ ആരാധകരോട് അദ്ദേഹത്തിന്റെ നേട്ടത്തിന് കയ്യടിക്കാൻ ഞാൻ അപേക്ഷിക്കുകയാണ്. 500 ടെസ്റ്റ് വിക്കറ്റുകൾ എന്നത് വെറും തമാശയല്ല. കഠിനാധ്വാനവും സമർപ്പണവും നിശ്ചയദാർഢ്യവുമാണ് അതിന് പിന്നിൽ. ബ്രോഡി നിങ്ങളൊരു ഇതിഹാസമാണ്. ഹാറ്റ്സ് ഓഫ്.' - ബ്രോഡിന്റെ ചിത്രത്തിനൊപ്പം യുവി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ടെങ്കിലും രണ്ടും മൂന്നും ടെസ്റ്റുകൾ ജയിച്ച് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയപ്പോൾ അതിൽ നിർണായകമായത് സ്റ്റുവർട്ട് ബ്രോഡ് എന്ന പേസറുടെ പ്രകടനമായിരുന്നു. ഇംഗ്ലണ്ട് 113 റൺസിന് ജയിച്ച രണ്ടാം ടെസ്റ്റിൽ ആറു വിക്കറ്റുകളുമായി തിളങ്ങിയ ബ്രോഡ് മൂന്നാമത്തെയും അവസാനെത്തെയും ടെസ്റ്റിൽ ബാറ്റു കൊണ്ടും ബോളുകൊണ്ടും തിളങ്ങി. ഇതോടൊപ്പം ടെസ്റ്റിൽ 500 വിക്കറ്റുകളെന്ന നാഴികക്കല്ലും ബ്രോഡ് പിന്നിട്ടു.
മൂന്നാം ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലുമായി 10 വിക്കറ്റുകളാണ് ബ്രോഡ് സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്സിൽ 369 റൺസെടുത്ത ഇംഗ്ലണ്ടിനായി ബ്രോഡ് ബാറ്റിങ്ങിലും തിളങ്ങിയിരുന്നു. പത്താമനായി ക്രീസിലെത്തിയ താരം 45 പന്തിൽ 62 റൺസുമായി തിളങ്ങി. 33 പന്തിലാണ് ബ്രോഡ് 50 തികച്ചത്. ടെസ്റ്റിൽ ഒരു ഇംഗ്ലീഷ് താരത്തിന്റെ മൂന്നാമത്തെ അതിവേഗ അർധ സെഞ്ചുറിയായിരുന്നു ഇത്.
ഒന്നാം ഇന്നിങ്സിൽ 31 റൺസ് വഴങ്ങി ബ്രോഡ് ആറു വിക്കറ്റെടുത്തിരുന്നു. കരിയറിൽ ബ്രോഡിന്റെ 18-ാം അഞ്ചു വിക്കറ്റ് പ്രകടനമായിരുന്നു ഇത്.
പരമ്പരയിൽ ആകെ 16 വിക്കറ്റുകൾ വീഴ്ത്തിയ ബ്രോഡാണ് വിക്കറ്റ് വേട്ടക്കാരിൽ മുന്നിൽ. പരമ്പരയിലെ വെറും രണ്ടു ടെസ്റ്റുകളിൽ നിന്നാണ് താരം 16 വിക്കറ്റുകൾ വീഴ്ത്തിയത്. പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ബ്രോഡ് തന്നെ.
ഇതോടെ ഐ.സി.സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലും ബ്രോഡ് ഒന്നാമതെത്തി. 11 ടെസ്റ്റുകളിൽ നിന്ന് 53 വിക്കറ്റുകളാണ് ബ്രോഡിന്റെ അക്കൗണ്ടിലുള്ളത്. രണ്ട് അഞ്ചു വിക്കറ്റ് പ്രകടനവും ഒരു 10 വിക്കറ്റ് നേട്ടവും ബ്രോഡ് സ്വന്തമാക്കിയിട്ടുണ്ട്. 10 ടെസ്റ്റിൽ നിന്ന് 49 വിക്കറ്റുകൾ വീഴ്ത്തിയ ഓസ്ട്രേലിയയുടെ പാറ്റ് കമ്മിൻസിനെയാണ് ബ്രോഡ് പിന്നിലാക്കിയത്.
മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിനം വിൻഡീസ് ഓപ്പണർ ക്രെയ്ഗ് ബ്രാത്ത്വെയ്റ്റിനെ പുറത്താക്കിയതോടെ ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റുകളെന്ന നാഴികക്കല്ലും ബ്രോഡ് പിന്നിട്ടിരുന്നു. ഇംഗ്ലണ്ടിനായി ടെസ്റ്റിൽ 500 വിക്കറ്റുകൾ തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് ബ്രോഡ്. 2017-ൽ ജെയിംസ് ആൻഡേഴ്സനാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. ആൻഡേഴ്സന്റെ 500-ാം വിക്കറ്റും ക്രെയ്ഗ് ബ്രാത്ത്വെയ്റ്റായിരുന്നു എന്നതാണ് രസകരമായ കാര്യം. ലോക ക്രിക്കറ്റിൽ ഈ നേട്ടത്തിലെത്തുന്ന ഏഴാമത്തെ ബൗളറാണ് ബ്രോഡ്, നാലാമത്തെ ഫാസ്റ്റ് ബൗളറും.
ടെസ്റ്റിലെ വിക്കറ്റ് വേട്ടയിലും ഏഴാം സ്ഥാനത്താണ് ബ്രോഡ്. മുത്തയ്യ മുരളീധരൻ (800 വിക്കറ്റ്), ഷെയ്ൻ വോൺ (708), അനിൽ കുംബ്ലെ (619), ജെയിംസ് ആൻഡേഴ്സൻ (589), ഗ്ലെൻ മഗ്രാത്ത് (563), കോർട്ട്നി വാൽഷ് (519) എന്നിവരാണ് ഇക്കാര്യത്തിൽ ബ്രോഡിനു മുന്നിലുള്ളത്.
Content Highlights: Yuvraj Singh hailed England fast bowler Stuart Broad for his 500 Test wickets
Published: 29 Jul 2020, 03:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented