മുംബൈ: ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് സഞ്ജു സാംസൺ. ടൂർണമെന്റിന് മുമ്പ് നടന്ന ന്യൂസീലൻഡിനെതിരായ പരമ്പരയിൽ മോശം പ്രകടനത്തെ തുടർന്ന് ലോകകപ്പ് ടീമിന്റെ അവസാന 11 പേരിൽ സഞ്ജു പലപ്പോഴും ഇടം നേടിയിരുന്നില്ല. ഒടുവിൽ നിർണായകമായ മൂന്ന് മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത് മലയാളി താരം ഫോമിലേക്ക് തിരിച്ചെത്തി. ഇപ്പോഴിതാ ടൂർണമെന്റിൽ സഞ്ജു കടന്നുപോയ സാഹചര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്.
'ടോപ്പ് ഓർഡറിൽ ബാറ്റ് ചെയ്യാനും വിക്കറ്റ് കീപ്പറാകാനും കഴിവുള്ള താരമായാണ് സഞ്ജു ടീമിൽ എത്തിയത്. ഒരിക്കൽ അവൻ എന്റെ അടുത്ത് വന്ന് 'ഈ ടീമിന് എന്നിൽ നിന്ന് എന്താണ് വേണ്ടതെന്ന്' എന്നോട് ചോദിച്ചു. ആക്രമിച്ചു കളിക്കുന്ന ബാറ്ററായ പഴയ സഞ്ജു സാംസണെയാണ് വേണ്ടത് എന്നാണ് ഞാൻ മറുപടി നൽകിയത്.'-സൂര്യകുമാർ പറയുന്നു.
ടീം മീറ്റിങ്ങിൽ സഹതാരങ്ങൾക്ക് നൽകിയ ഉപദേശത്തെ കുറിച്ചും സൂര്യകുമാർ വ്യക്തമാക്കി. 'ടീമിന് എന്താണോ ആവശ്യം അതാണ് നമ്മൾ നൽകേണ്ടത്. വ്യക്തിപരമായ പ്രകടനം ഇപ്പോൾ നോക്കേണ്ടതില്ല. പകരം ഒത്തൊരുമിച്ച് നിന്നാൽ നമുക്ക് ലക്ഷ്യം കൈവരിക്കാൻ കഴിയും'-സഞ്ജു സഹതാരങ്ങളോട് ഇങ്ങനെ പറഞ്ഞുവെന്നും സൂര്യകുമാർ പറയുന്നു.
ടീമിൽ സ്ഥാനം കണ്ടെത്താതിരുന്ന സമയത്ത് താൻ സഞ്ജുവിനോട് പറഞ്ഞ കാര്യങ്ങളെ കുറിച്ചും ഇന്ത്യൻ ക്യാപ്റ്റൻ മനസ് തുറന്നു. 'ഇത് പ്രയാസമേറിയെ ഒരു ഘട്ടമാണ്. നീ ഇതിനെ നേരിടണം. ദൈവം നിനക്കായി എന്തെങ്കിലും കാത്തുവെച്ചിട്ടുണ്ടെങ്കിൽ അത് നിന്നെ തേടി വരും' എന്നായിരുന്നു സൂര്യകുമാർ സഞ്ജുവിനോട് പറഞ്ഞത്. നിരാശനാകാതെ സഞ്ജു പരിശീലനം തുടർന്നുവെന്നും അവസരം വന്ന സമയത്ത് ഇന്ത്യയുടെ മൊത്തം ശ്രദ്ധ പിടിച്ചുപറ്റിയെന്നും സൂര്യകുമാർ കൂട്ടിച്ചേർത്തു.
Content Highlights: Sanju Samson's transformation into a match-winner after early exclusion., Suryakumar Yadav's mentorship and trust in Samson's aggressive batting style.
Published: 13 Mar 2026, 06:57 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented