കറാച്ചി: പാകിസ്താന്‍-ബംഗ്ലാദേശ് വനിതാ ഏകദിന ലോകകപ്പ് മത്സരത്തിനിടെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി കമന്റേറ്ററും മുന്‍ പാക് വനിതാ താരവുമായ സനാ മിര്‍. നതാലിയ പര്‍വേസ് വളര്‍ന്നുവന്ന പ്രദേശം കാരണം അവള്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ എടുത്തുകാണിക്കുക മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്ന് സന പറഞ്ഞു. ആസാദി കശ്മീര്‍ പരാമര്‍ശത്തില്‍ ഒരു ദുരുദ്ദേശ്യവുമുണ്ടായിരുന്നില്ല. ആരുടെയും വികാരങ്ങള്‍ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചില്ലെന്നും അതിനാല്‍ വിഷയം രാഷ്ട്രീയവത്കരിക്കരുതെന്നും സനാ മിര്‍ പറഞ്ഞു.

To advertise here,

'കാര്യങ്ങള്‍ അനാവശ്യമായി പെരുപ്പിച്ചു കാണിക്കുന്നതും കായികരംഗത്തുള്ള ആളുകള്‍ക്ക് അനാവശ്യ സമ്മര്‍ദ്ദം നേരിടേണ്ടി വരുന്നതും ഖേദകരമാണ്. ഇതിന് പരസ്യമായി ഒരു വിശദീകരണം നല്‍കേണ്ടി വരുന്നു എന്നതും ദുഃഖകരമാണ്. ഒരു പാകിസ്ഥാന്‍ കളിക്കാരിയുടെ ജന്മനാടിനെക്കുറിച്ചുള്ള എന്റെ പരാമര്‍ശം, പാകിസ്താനിലെ ഒരു പ്രത്യേക പ്രദേശത്തുനിന്ന് വരുന്നതിന്റെ വെല്ലുവിളികളും അവളുടെ അവിശ്വസനീയമായ യാത്രയും എടുത്തു കാണിക്കാന്‍ വേണ്ടി മാത്രമായിരുന്നു,' സന ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചു.

'കളിക്കാര്‍ എവിടെ നിന്ന് വരുന്നു എന്നത് കമന്റേറ്റര്‍മാര്‍ എന്ന നിലയില്‍ ഞങ്ങള്‍ നടത്തുന്ന കഥപറച്ചിലിന്റെ ഭാഗമാണ്. മറ്റ് പ്രദേശങ്ങളില്‍നിന്ന് വരുന്ന മറ്റ് രണ്ട് കളിക്കാരെക്കുറിച്ചും പരാമര്‍ശിച്ചിരുന്നു. ദയവായി ഇതിനെ രാഷ്ട്രീയവല്‍ക്കരിക്കരുത്. വേള്‍ഡ് ഫീഡിലെ ഒരു കമന്റേറ്റര്‍ എന്ന നിലയില്‍, കായികരംഗം, ടീമുകള്‍, കളിക്കാര്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അവരുടെ കഠിനാധ്വാനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും പ്രചോദനാത്മകമായ കഥകള്‍ എടുത്തു കാണിക്കുകയുമാണ് ഞങ്ങളുടെ കര്‍ത്തവ്യം. എന്റെ മനസ്സില്‍ യാതൊരു ദുരുദ്ദേശവുമില്ല, ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടുമില്ല,' സന പറഞ്ഞു.

കമന്ററി പറയുമ്പോള്‍ കളിക്കാരെക്കുറിച്ച് താന്‍ എങ്ങനെയാണ് ഗവേഷണം നടത്തുന്നതെന്ന് കാണിക്കുന്നതിനായി സന, നതാലിയയുടെ പ്രൊഫൈലിന്റെ ഒരു സ്‌ക്രീന്‍ഷോട്ടും ഇതോടൊപ്പം ചേര്‍ത്തു. 'പാകിസ്താനില്‍നിന്നോ മറ്റേതെങ്കിലും രാജ്യത്തുനിന്നോ ഉള്ള കളിക്കാരെക്കുറിച്ച് ഞാന്‍ ഗവേഷണം നടത്തുന്ന സ്ഥലത്തിന്റെ സ്‌ക്രീന്‍ഷോട്ട് കൂടി ഞാന്‍ ചേര്‍ക്കുന്നു. അവര്‍ ഇപ്പോള്‍ അത് മാറ്റിയിട്ടുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു, പക്ഷേ ഇതാണ് ഞാന്‍ പരാമര്‍ശിച്ചത്' -സന കൂട്ടിച്ചേര്‍ത്തു.