ന്യൂഡൽഹി: ആധുനിക ക്രിക്കറ്റിൽ കോച്ച് എന്നത് തെറ്റിദ്ധരിക്കപ്പെടുന്നുണ്ടെന്നും താരങ്ങളെ കൈകാര്യം ചെയ്യുന്നതിന് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ടെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ്. ഗൗതം ഗംഭീറിന് ഇന്ത്യൻ ടീമിന്റെ കോച്ചാകാൻ കഴിയില്ലെന്നും പകരം ടീമിന്റെ മാനേജരാകാൻ കഴിയുമെന്നും കപിൽ കൂട്ടിച്ചേർത്തു. റെഡ് ബോൾ ക്രിക്കറ്റിലെ ഇന്ത്യയുടെ പ്രകടനത്തിൽ ഗംഭീറിനെതിരേ വൻ വിമർശനമുയരുന്ന പശ്ചാത്തലത്തിലാണ് കപിലിന്റെ പ്രതികരണം.

To advertise here,

"ഇന്ന് വളരെ സാധാരണമായ ഒരു വാക്കാണ് കോച്ച് എന്നത്. ഗൗതം ഗംഭീറിന് ഒരു കോച്ചാകാൻ കഴിയില്ല. ടീമിന്റെ മാനേജറാകാം."- കപിൽ പറഞ്ഞു."നിങ്ങൾ കോച്ചെന്ന് പറയുമ്പോൾ, സ്കൂളിലും കോളേജിലും ഞാൻ പഠിക്കുന്നിടത്താണ് കോച്ച്. അങ്ങനെയുള്ള ആളുകളായിരുന്നു എന്റെ പരിശീലകർ. അവർക്ക് എന്നെ കൈകാര്യം ചെയ്യാൻ കഴിയും."- ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ഐസിസി ശതാബ്ദി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കപിൽ.

ഗംഭീറിന് എങ്ങനെയാണ് ഒരു ലെഗ് സ്പിന്നറുടെയോ വിക്കറ്റ് കീപ്പറുടെയോ കോച്ചാകാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. ഈ ജോലി എന്ന് പറയുന്നത് താരങ്ങളെ കൈകാര്യം ചെയ്യുകയും പ്രചോദിപ്പിക്കുന്നതുമാണെന്നും കപിൽ വ്യക്തമാക്കി. താരങ്ങളെ കൈകാര്യം ചെയ്യേണ്ടതുണ്ട്. അതാണ് കൂടുതൽ പ്രധാനം. ഒരു മാനേജർ എന്ന നിലയിൽ, അത് ചെയ്യാൻ കഴിയുമെന്ന് പറഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കണം. കാരണം നിങ്ങൾ ഒരു മാനേജർ ആകുമ്പോൾ, യുവതാരങ്ങൾ നിങ്ങളെ ഉറ്റുനോക്കുന്നുണ്ട്."- അദ്ദേഹം പറഞ്ഞു.

ജയം ആഘോഷിക്കുന്നവരേക്കാൾ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന കളിക്കാർക്ക് വേണ്ടിയാണ് തന്റെ ശ്രദ്ധ എന്നും കപിൽ കൂട്ടിച്ചേർത്തു. "നന്നായി കളിക്കാത്ത ആളുകൾക്ക് ആശ്വാസം നൽകേണ്ടതുണ്ട്. ആരെങ്കിലും സെഞ്ചുറി നേടിയാൽ ഞാൻ അവരോടൊപ്പം മദ്യപിക്കാനും അത്താഴം കഴിക്കാനും ആഗ്രഹിക്കുന്നില്ല.അതിന് ധാരാളം ആളുകളുണ്ട്. ക്യാപ്റ്റൻ എന്ന നിലയിൽ, ഞാൻ അത്താഴം കഴിക്കാൻ ആഗ്രഹിക്കുന്നത് മികച്ച പ്രകടനം നടത്താത്ത ആളുകളോടൊപ്പമാണ്."- കപിൽ കൂട്ടിച്ചേർത്തു.