ലോര്‍ഡ്‌സ്: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെ ഇംഗ്ലീഷ് താരം ജോണി ബെയര്‍സ്‌റ്റോയുടെ വിവാദ പുറത്താകലിന് ശേഷം ലോങ് റൂമില്‍ ഓസ്‌ട്രേലിയന്‍ താരങ്ങളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്ത് മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് (എംസിസി).

To advertise here,

ടെസ്റ്റിന്റെ അഞ്ചാം ദിനം ബെയര്‍സ്‌റ്റോയുടെ വിവാദ പുറത്താകലിന് ശേഷം ഉച്ചഭക്ഷണത്തിന് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയായിരുന്ന ഓസീസ് താരങ്ങളായ ഉസ്മാന്‍ ഖവാജ, ഡേവിഡ് വാര്‍ണര്‍ എന്നിവരുമായാണ് എംസിസി താരങ്ങള്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്. ഇതിനു പിന്നാലെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ഔദ്യോഗിക കുറിപ്പിറക്കിയ എംസിസി, അന്വേഷണവിധേയമായി മൂന്ന് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തതായും അറിയിക്കുകയായിരുന്നു.

ഒരു വിഭാഗം അംഗങ്ങളുടെ പെരുമാറ്റം ഒരിക്കലും അംഗീകരിക്കാനാകാത്തതാണെന്നും ക്ലബ്ബിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമായ രീതിയില്‍ പെരുമാറുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും എംസിസി ചീഫ് എക്‌സിക്യുട്ടീവ് ഗയ് ലാവെന്‍ഡര്‍ വ്യക്തമാക്കി.

ലോങ് റൂമിലൂടെ ഡ്രസ്സിങ് റൂമിലേക്ക് പോകുകയായിരുന്ന ഉസ്മാന്‍ ഖവാജയെ തടഞ്ഞുനിര്‍ത്തി എംസിസി അംഗങ്ങളിലൊരാള്‍ എന്തോ പറയുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന ഖവാജ പ്രതികരിച്ചു. സഹതാരം ഡേവിഡ് വാര്‍ണറും സംഭവത്തില്‍ ഇടപെട്ടു. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇരു കൂട്ടരെയും പിടിച്ച് മാറ്റുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഓസീസ് താരങ്ങള്‍ കോണിപ്പടി കയറി മുകളിലേക്ക് പോകുമ്പോള്‍ എംസിസി അംഗങ്ങളില്‍ ചിലര്‍ കൂവിവിളിക്കുകയും ചെയ്തു.