ദുബായ്: മുൻ ദക്ഷിണാഫ്രിക്കൻ താരം ജോൺഡി റോഡ്സിനെ സ്വീഡൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി നിയമിച്ചു. വ്യാഴാഴ്ച അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) ആണ് ഇക്കാര്യം അറിയിച്ചത്.

To advertise here,

സ്വീഡന്റെ പ്രകടനം മെച്ചപ്പെടുത്താനും ജൂനിയർ തലത്തിൽ നിക്ഷേപം നടത്താനുള്ള സ്വീഡിഷ് ക്രിക്കറ്റ് ബോർഡിന്റെ വിശാല പദ്ധതികളുടെ ഭാഗമായാണ് റോഡ്സിന്റെ നിയമനം.

ദക്ഷിണാഫ്രിക്കയ്ക്കായി 52 ടെസ്റ്റുകളും 245 ഏകദിനങ്ങളും കളിച്ച ജോൺഡി റോഡ്സ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളാണ്. ടെസ്റ്റിൽ 35.66 ശരാശരിയിൽ 2532 റൺസും ഏകദിനത്തിൽ 35.11 ശരാശരിയിൽ 5935 റൺസും നേടിയിട്ടുണ്ട്.

2003 ലോകകപ്പിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച റോഡ്സ് ദക്ഷിണാഫ്രിക്ക, കെനിയ, ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസ് ടീമുകളുടെ പരിശീലന സംഘത്തിലെ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കിങ്സ് ഇലവൻ പഞ്ചാബിന്റെ ഫീൽഡിങ് കോച്ചാണ്.

സ്വീഡിഷ് ക്രിക്കറ്റ് സമൂഹവുമായി ചേർന്ന് പ്രവർത്തിക്കാൻ പോകുന്നതിൽ ഏറെ ആവേശത്തിലാണ് താനെന്ന് റോഡ്സ് പ്രതികരിച്ചു.

സ്വീഡിഷ് ക്രിക്കറ്റിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിൽ റോഡ്സിന്റെ നിയമനം നിർണായക പങ്ക് വഹിക്കുമെന്ന് സ്വീഡിഷ് ക്രിക്കറ്റ് ഫെഡറേഷൻ ഡയറക്ടർ ബെൻ ഹറാഡിൻ പ്രതികരിച്ചു.

Content Highlights: Jonty Rhodes appointed as head coach of Sweden national cricket team