ഗോൾ: ഇന്ത്യക്കെതിരായ ടെസ്റ്റിൽ ലങ്കൻ ബാറ്ററുടെ പുറത്താകലിനെ ചൊല്ലി വിവാദം. ശ്രീലങ്കൻ ഓപ്പണർ ലഹിരു ഉദാരയെ പുറത്താക്കിയ ധ്രുവ് ജുറെലിന്റെ ക്യാച്ചിൽ സംശയം പ്രകടിപ്പിച്ച് മുൻ താരങ്ങളടക്കമുള്ളവർ രംഗത്തെത്തി. തേർഡ് അമ്പയറിന്റെ തീരുമാനത്തിൽ വിമർശനങ്ങളുമുയരുന്നുണ്ട്. ടെസ്റ്റിന്റെ നാലാം ദിനമാണ് സംഭവം.

To advertise here,

ഇന്ത്യ ഉയർത്തിയ 372 റൺസ് വിജയലക്ഷ്യവുമായാണ് ലങ്ക ബാറ്റിങ്ങിനിറങ്ങിയത്. തുടക്കത്തിൽ തന്നെ ലങ്ക തകർച്ച നേരിട്ടു. 21 റൺസിനിടെ ടീമിന് മുന്നൂവിക്കറ്റ് നഷ്ടപ്പെട്ടു. പിന്നാലെ ധനഞ്ജയ ഡിസിൽവയുമായി ചേർന്ന് ഉദാര ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയി. അതിനിടെയാണ് ഉദാരയുടെ പുറത്താകൽ. മത്സരത്തിന്റെ 22-ാം ഓവറിലാണ് സംഭവം. മാനവ് സുതാറിനെ പ്രതിരോധിച്ച് കളിക്കാനുള്ള ശ്രമത്തിലായിരുന്നു താരം. എന്നാൽ ഉദാരയുടെ ഷോട്ട് ധ്രുവ് ജുറെൽ കൈപ്പിടിയിലൊതുക്കി.

ജുറെൽ ക്യാച്ചെടുത്ത ഘട്ടത്തിൽ തന്നെ ഔട്ടാണോ എന്നത് സംബന്ധിച്ച് സംശയമുണ്ടായിരുന്നു. ഇന്ത്യൻ താരങ്ങൾ വിക്കറ്റാഘോഷത്തിന് മുതിർന്നപ്പോൾ ലങ്കൻ ബാറ്റർ ക്രീസിൽ തന്നെ നിന്നു. പിന്നാലെ തേർഡ് അമ്പയർ പരിശോധിച്ചു. പന്ത് ജുറെലിന്റെ കൈയിലെത്തുംമുൻപ് മൈതാനത്ത് കുത്തുന്നുണ്ടോ എന്നാണ് പരിശോധിച്ചത്. റീപ്ലേകൾ തുടർച്ചയായി പരിശോധിച്ചശേഷം തേർഡ് അമ്പയർ ഔട്ട് വിധിച്ചു. എന്നാൽ ഉദാരയ്ക്ക് വിശ്വസിക്കാനായില്ല. അതൃപ്തിയോടെയാണ് താരം മൈതാനം വിട്ടത്.

അതേസമയം ഇത് ഔട്ടല്ലെന്ന് വാദിച്ച് മുൻ ലങ്കൻ താരം റസ്സൽ അർണോൾഡ് അടക്കമുള്ളവർ രംഗത്തെത്തി. പന്ത് നിലത്ത് കുത്തിയെന്നും റീപ്ലേയിൽ ഇത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹികമാധ്യമങ്ങളിലും ക്രിക്കറ്റ് ആരാധകർ രണ്ട് തട്ടിലാണ്.