പെര്‍ത്ത്: ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്ക് അതിന്റെ എല്ലാ ആവേശവും നിറഞ്ഞ തുടക്കമാണ് ലഭിച്ചിരിക്കുന്നത്. നാട്ടില്‍ ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ പരാജയവുമായി എത്തിയ ഇന്ത്യയുടെ പ്രകടനം എങ്ങനെയാകുമെന്നതായിരുന്നു എല്ലാവരുടെയും സംശയം. എന്നാല്‍ പെര്‍ത്തില്‍ ആദ്യ ദിനം വീണ 17 വിക്കറ്റുകള്‍ ഈ ടെസ്റ്റ് പരമ്പര എങ്ങനെയായിത്തീരുമെന്നതിന്റെ ഏകദേശ സൂചന നല്‍കുന്നുണ്ട്. ആദ്യ ദിവസങ്ങളില്‍ പേസര്‍മാരെ പരമാവധി പിന്തുണയ്ക്കുന്ന പെര്‍ത്ത് വിക്കറ്റിന്റെ ശൈലി കൂടി ചേര്‍ന്നതോടെയാണ് ആദ്യ ദിനം 17 വിക്കറ്റുകള്‍ വീണത്.
കഴിഞ്ഞ 72 വര്‍ഷക്കാലത്തിനിടെ ഇതാദ്യമായാണ് ഓസ്ട്രേലിയയില്‍ ഒരു ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ 17 വിക്കറ്റുകള്‍ വീഴുന്നത്. അതായത് 1952 ജനുവരിക്ക് ശേഷം ആദ്യം.
പെര്‍ത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 150 റണ്‍സിനാണ് ജോഷ് ഹേസല്‍വുഡും പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് എറിഞ്ഞിട്ടത്. ഇന്ത്യന്‍ ടീമിന്റെ പതിവ് ബാറ്റിങ് തകര്‍ച്ചയാണ് അതെന്ന് കരുതിയിരിക്കവെയാണ് ഓസീസ് ഇന്നിങ്‌സിലേക്ക് ജസ്പ്രീത് ബുംറയെന്ന പേസ് എക്‌സ്പ്രസ് ഇടിച്ചുകയറുന്നത്. 59 റണ്‍സിനിടെ ഇന്ത്യ എറിഞ്ഞിട്ടത് ഏഴ് ഓസീസ് വിക്കറ്റുകള്‍. ബുംറയുടെ മികവും മുഹമ്മദ് സിറാജിന്റെയും അരങ്ങേറ്റക്കാരന്‍ നിതീഷ് റാണയുടെയും പിന്തുണ കൂടിയായപ്പോള്‍ ഓസീസ് ബാറ്റര്‍മാര്‍ വിറച്ചു.
സ്വന്തം തട്ടകത്തില്‍ ഇത്രയും കുറഞ്ഞ സ്‌കോറിനുള്ളില്‍ ഓസ്‌ട്രേലിയക്ക് ഏഴ് വിക്കറ്റുകള്‍ നഷ്ടമാകുന്നത് 2001-ന് ശേഷം ഇത് വെറും രണ്ടാം തവണ മാത്രമാണ്. 2016-ല്‍ ഓസീസിനെ ദക്ഷിണാഫ്രിക്കയും ഏഴിന് 59 റണ്‍സെന്ന നിലയിലാക്കിയിരുന്നു. അന്ന് വെറും 85 റണ്‍സിനാണ് പ്രോട്ടീസ് ബൗളര്‍മാര്‍ ഓസീസിനെ എറിഞ്ഞിട്ടത്. സമീപകാലത്ത് സ്വന്തം നാട്ടില്‍ ഓസ്‌ട്രേലിയയുടെ ഏറ്റവും മോശം ബാറ്റിങ് തകര്‍ച്ച കൂടിയാണിത്.
സ്റ്റീവ് സ്മിത്ത് ബുംറയുടെ പന്തില്‍ ഗോള്‍ഡന്‍ ഡക്കായാണ് മടങ്ങിയത്. 196 ഇന്നിങ്‌സുകള്‍ നീണ്ട സ്മിത്തിന്റെ കരിയറില്‍ ഇത് രണ്ടാമത്തെ തവണ മാത്രമാണ് സ്മിത്ത് ഗോള്‍ഡന്‍ ഡക്കാകുന്നത്. ഈ ബാറ്റിങ് തകര്‍ച്ചയ്ക്കിടെ ശ്രദ്ധേയമായത് മാര്‍നസ് ലബുഷെയ്‌നിന്റെ ഇന്നിങ്‌സായിരുന്നു. അക്കൗണ്ട് തുറക്കും മുമ്പ് ലബുഷെയ്ന്‍ നല്‍കിയ ക്യാച്ച് വിരാട് കോലി കൈവിട്ടിരുന്നു. എന്നാല്‍ പിന്നീട് വെറും രണ്ടു റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. ഇന്നിങ്‌സ് നീണ്ടതാകട്ടെ 52 പന്തുകളോളവും.
Content Highlights: 17 wickets on Day 1 in Perth! India`s bowlers dominate Australia in the Border-Gavaskar Trophy
Published: 22 Nov 2024, 08:39 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented