ഗ്വാളിയര്‍: ഇന്ത്യ-ബംഗ്ലാദേശ് ടി20 മത്സരം നടക്കുന്ന ഒക്ടോബര്‍ ആറാം തീയതി മധ്യപ്രദേശിലെ ഗ്വാളിയറില്‍ ബന്ദിന് ആഹ്വാനംചെയ്ത് ഹിന്ദു മഹാസഭ. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

To advertise here,

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുകയാണെന്നും ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ടുവെന്നും സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്റ് ജയ്‌വീര്‍ ഭരദ്വാജ് ആരോപിച്ചു. ''മത്സരം ഇവിടെ നടത്താന്‍ ഞങ്ങള്‍ അനുവദിക്കില്ല. ബംഗ്ലാദേശ് ടീം ഗ്വാളിയറില്‍ കളിക്കാന്‍വരുമ്പോള്‍ പ്രതിഷേധിക്കുമെന്ന് ഞങ്ങളുടെ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്,'' അദ്ദേഹം പറഞ്ഞു. അവശ്യസർവീസുകൾക്ക് തടസ്സം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം, ക്രമസമാധാനപാലനം ഉറപ്പാക്കാന്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഗ്വാളിയര്‍ ജില്ലാ പോലീസ് ഉറപ്പുനല്‍കിയിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ മതിയായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര നടത്തിപ്പിനെതിരെയും വിവിധ ഹിന്ദു സംഘടനകളുടെ പ്രതിഷേധമുണ്ടായിരുന്നു. പരമ്പരയിലെ ആദ്യ മത്സരം നടന്ന ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തിനു പുറത്ത് വിവിധ ഹിന്ദു സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു.

ഒക്ടോബര്‍ ആറിന് നടക്കുന്ന മത്സരം 14 വര്‍ഷത്തിന് ശേഷം ഗ്വാളിയറില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമാണ്. ഇവിടെ അവസാനമായി ഒരു അന്താരാഷ്ട്ര മത്സരം നടന്നത് 2010-ലാണ്.