മുംബൈ: Catches win matches, എന്നാണ് ക്രിക്കറ്റില്‍ പൊതുവെ പറയാറുള്ളത്. കഴിഞ്ഞ ദിവസം നടന്ന വനിതാ ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ കിരീടം നേടിയപ്പോഴും നിര്‍ണായകമായത് ഒരു ക്യാച്ചായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ടിനെ പുറത്താക്കാന്‍ ദീപ്തി ശര്‍മയുടെ പന്തില്‍ അമന്‍ജോത് കൗര്‍ എടുത്ത ക്യാച്ച്. ഒരു ഘട്ടത്തില്‍ അഞ്ചിന് 148 റണ്‍സെന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയുടെ ഏക പ്രതീക്ഷയും ഇന്ത്യയുടെ മുന്നിലെ പ്രധാന ഭീഷണിയും ലോറയായിരുന്നു. സെഞ്ചുറിയുമായി ലോറ ക്രീസിലുണ്ട്, ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചിട്ടും ലോറയെ പുറത്താക്കാന്‍ സാധിക്കാതെ ഇന്ത്യ വലയുന്ന സമയത്താണ് 42-ാം ഓവറില്‍ ദീപ്തി ശര്‍മ എത്തുന്നത്. ലോറ ഉയര്‍ത്തിയടിച്ച പന്ത് ഡീപ് മിഡ് വിക്കറ്റിലേക്ക് ഉയര്‍ന്നു പൊങ്ങി. ക്യാച്ചെടുക്കാന്‍ മൂന്ന് ഫീല്‍ഡര്‍മാര്‍ ഓടിയെത്തിയെങ്കിലും പന്ത് അമന്‍ജോതിന്റെ നേര്‍ക്കായിരുന്നു. ക്യാച്ചെടുക്കാനുള്ള താരത്തിന്റെ ആദ്യ ശ്രമം പാളി. എന്നാല്‍ രണ്ടാം ശ്രമത്തില്‍ ഒറ്റക്കൈ കൊണ്ട് അമന്‍ജോത് പന്ത് കൈപ്പിടിയിലാക്കി. ഇന്ത്യയ്ക്ക് ആശ്വാസം. പിന്നെയെല്ലാം ചടങ്ങുകള്‍ മാത്രമായിരുന്നു.

To advertise here,

ഇന്ത്യയുടെ ലോകകപ്പ് ജയങ്ങളിലെല്ലാം നിർണായക ക്യാച്ചുകളും പിറന്നിരുന്നു. 1983 ലോകകപ്പ് ഫൈനലില്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ ക്യാച്ച് ഓടിയെടുത്ത കപിലും 2007 ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്താന്‍ താരം മിസ്ബാഹ് ഉള്‍ ഹഖിന്റെ ക്യാച്ചെടുത്ത ശ്രീശാന്തും 2024 ടി20 ലോകകപ്പ് ഫൈനലില്‍ ഡേവിഡ് മില്ലെറെ തകര്‍പ്പനൊരു ക്യാച്ചിലൂടെ മടക്കിയ സൂര്യകുമാര്‍ യാദവുമെല്ലാം ഇന്ത്യയുടെ നിറമുള്ള ഓര്‍മയാണ്.

1983 ജൂണ്‍ 25-ന് ക്രിക്കറ്റിന്റെ മെക്കയെന്ന് അറിയപ്പെടുന്ന ലോര്‍ഡ്സിലായിരുന്നു കപിലിന്റെ ചെകുത്താന്‍മാര്‍ എന്നറിയപ്പെട്ട ടീമിന്റെ കിരീട നേട്ടം. അന്ന് ഫൈനലില്‍ ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ ക്ലൈവ് ലോയ്ഡ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചപ്പോള്‍ തന്നെ വരാനിരിക്കുന്നത് അവരുടെ ബൗളിങ് നിരയുടെ കടന്നാക്രമണമായിരിക്കുമെന്ന് ഇന്ത്യന്‍ ടീമും ആരാധകരും ഉറപ്പിച്ചിരുന്നു. പേടിച്ചതുപോലെ തന്നെ സംഭവിച്ചു ജോയല്‍ ഗാര്‍നറും മാല്‍ക്കം മാര്‍ഷലും ആന്‍ഡി റോബര്‍ട്ട്സും മൈക്കള്‍ ഹോള്‍ഡിങ്ങും ആഞ്ഞടിച്ചപ്പോള്‍ 54.4 ഓവറില്‍ വെറും 183 റണ്‍സിന് ഇന്ത്യ കൂടാകം കയറി. കെ. ശ്രീകാന്ത് (38), അമര്‍നാഥ് (26), സന്ദീപ് പാട്ടില്‍ (27) എന്നിവര്‍ മാത്രമാണ് വിന്‍ഡീസ് ബൗളിങ്ങിനെതിരെ അല്‍പമെങ്കിലും പിടിച്ചുനിന്നത്. ആദ്യ ഇന്നിങ്സ് അവസാനിച്ചതോടെ ഇന്ത്യയുടെ പരാജയം എത്ര നേരത്തെയാകുമെന്നായിരുന്നു അന്ന് കാണികള്‍ കാത്തിരുന്നത്. എന്നാല്‍ ഇന്നിങ്സ് ബ്രേക്കിനിടെ കപില്‍ തന്റെ ടീമിനെ അടുത്തുവിളിച്ചു, എന്നിട്ട് പറഞ്ഞു ''അടുത്ത മൂന്ന് മണിക്കൂര്‍ നിങ്ങള്‍ പരമാവധി ആസ്വദിച്ചുകളിക്കുക. പ്രത്യേകം ഓര്‍ക്കുക, അടുത്ത മൂന്ന് മണിക്കൂര്‍ നിങ്ങള്‍ നിങ്ങളുടെ കഴിവിന്റെ പരമാവധി മൈതാനത്ത് പുറത്തെടുത്താല്‍ ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവെയ്ക്കാന്‍ സാധിക്കുന്ന നേട്ടമാണ് ലഭിക്കാന്‍ പോകുന്നത്.''

ആ വാക്കുകള്‍ ടീമിനെ എത്രമാത്രം പ്രചോദിപ്പിച്ചിരുന്നുവെന്ന് ഇന്ത്യ കളത്തിലിറങ്ങിയപ്പോഴാണ് കണ്ടത്. ഗ്രീനിഡ്ജിനെയും ഹെയ്ന്‍സിനെയും തുടക്കത്തിലേ പുറത്താക്കി സന്ധുവും മദന്‍ലാലും മികച്ച തുടക്കം നല്‍കി. എന്നാല്‍ വിന്‍ഡീസ് അത് ഒട്ടും കാര്യമായി എടുത്തില്ല. പിന്നീട് ക്രീസിലെത്തിയ സാക്ഷാല്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ ശരീരഭാഷയില്‍ തന്നെയുണ്ടായിരുന്നു വിന്‍ഡീസ് ഇന്ത്യയെ എത്ര ലാഘവത്തോടെയാണ് കണ്ടതെന്ന്. വന്നപാടേ റിച്ചാര്‍ഡ്‌സിന്റെ ബാറ്റില്‍ നിന്ന് ഷോട്ടുകള്‍ ഓരോന്നായി ബൗണ്ടറിയിലെത്തി. ഇന്ത്യന്‍ ബൗളിങ്ങിനെ റിച്ചാര്‍ഡ്‌സ് കശാപ്പു ചെയ്യുന്ന സമയത്ത് മദന്‍ ലാല്‍ കപിലിനടുത്തെത്തി. ''നിങ്ങളെനിക്ക് പന്തു തരൂ. ഞാന്‍ മുന്‍പ് റിച്ചാര്‍ഡ്‌സിനെ പുറത്താക്കിയിട്ടുണ്ട്, ഒരിക്കല്‍ക്കൂടി എനിക്ക് അതിന് സാധിക്കും.'' ഒരോവറില്‍ മൂന്ന് ബൗണ്ടറികള്‍ അതിനു മുമ്പ് മദന്‍ ലാല്‍ വഴങ്ങിയിരുന്നു. അദ്ദേഹത്തെ മാറ്റാന്‍ കപില്‍ ആലോചിക്കുമ്പോഴാണ് ഒരു ഓവര്‍ കൂടി ആവശ്യപ്പെട്ട് മദന്‍ ലാല്‍ എത്തുന്നത്. മറ്റ് ബൗളര്‍മാരും റിച്ചാര്‍ഡ്‌സിന്റെ തല്ലുവാങ്ങിക്കൂട്ടിയതിനാല്‍ കപിലിന് മറ്റു മാര്‍ഗങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. 27 പന്തില്‍ നിന്ന് ഏഴു ഫോറുകളടക്കം 33 റണ്‍സെടുത്തിരുന്ന റിച്ചാര്‍ഡ്‌സിന് 28-ാം പന്തില്‍ പിഴച്ചു. മദന്‍ ലാലിന്റെ ഷോര്‍ട്ട് ബോളില്‍ പുള്‍ഷോട്ടിനു ശ്രമിച്ച റിച്ചാര്‍ഡ്സിന്റെ ബാറ്റില്‍ നിന്നും പന്ത് മിഡ് വിക്കറ്റിലേക്ക് ഉയര്‍ന്നുപൊങ്ങി.

റിച്ചാര്‍ഡ്സിന്റെ ബാറ്റില്‍ നിന്നും പന്ത് ഉയര്‍ന്നു പൊങ്ങിയപ്പോള്‍ മിഡ് വിക്കറ്റ് ഏരിയയില്‍ ഫീല്‍ഡര്‍മാരൊന്നും തന്നെ ഉണ്ടായിരുന്നില്ല. കാണികള്‍ ശ്വാസമടക്കി കാത്തിരുന്നു. പലരും പന്ത് ബൗണ്ടറിയെന്ന് ഉറപ്പിച്ചു. എന്നാല്‍ കപില്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. ഷോര്‍ട്ട് മിഡ് വിക്കറ്റില്‍ നിന്ന് കപില്‍ ഓടി. മറ്റൊരു ഭാഗത്തു നിന്ന് യശ്പാല്‍ ശര്‍മയും. ഇതുകണ്ട് ശര്‍മയോട് ഓട്ടം നിര്‍ത്താന്‍ മദന്‍ ലാല്‍ അലറി. അവിശ്വസനീയമായി കപില്‍ ആ ക്യാച്ച് കൈപ്പിടിയിലാക്കുമ്പോള്‍ അദ്ദേഹം 18 മീറ്റര്‍ പിന്നിട്ടിരുന്നു. ആ ലോകകപ്പിലെ ഏറ്റവും മികച്ച കാഴ്ചകളിലൊന്ന് പിറന്നുകഴിഞ്ഞിരുന്നു. അതോടെ ഇന്ത്യയ്ക്ക് വിജയത്തിലേക്കുള്ള വഴി തുറന്നുകിട്ടുകയായിരുന്നു.

പിന്നീട് 24 വര്‍ഷങ്ങള്‍ക്കുശേഷം, 2007 സെപ്തംബര്‍ 24-നാണ് ഇന്ത്യ മറ്റൊരു ലോക കിരീടം നേടുന്നത്. ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ അന്ന് ഇന്ത്യയുടെ എതിരാളി ചിരവൈരികളായ പാകിസ്താനായിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ ഒരു ഘട്ടത്തില്‍ ആറിന് 77 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ മിസ്ബാഹ് ഉള്‍ ഹഖിന്റെ ഒറ്റയാള്‍ പോരാട്ടം ഇന്ത്യയ്ക്ക് ഭീഷണിയായി. അവസാന ഓവറില്‍ ജയിക്കാന്‍ 13 റണ്‍സ് വേണമെന്നിരിക്കേ രണ്ടു പന്തില്‍ മിസ്ബാഹ് ഏഴു റണ്‍സ് നേടി. ഓവറിലെ മൂന്നാം പന്ത് പക്ഷേ സ്‌കൂപ്പ് ചെയ്യാനാണ് മിസ്ബാഹിന് തോന്നിയത്. ഷോര്‍ട്ട് ഫൈന്‍ ലെഗിലേക്ക് ഉയര്‍ന്നുപൊങ്ങിയ പന്ത് ശ്രീശാന്തിന്റെ കൈയിലെത്തു വരെ എല്ലാവരുടെയും ഉള്ളില്‍ നെഞ്ചിടിപ്പായിരുന്നു. പന്ത് ശ്രീയുടെ കൈക്കുള്ളില്‍ ഭദ്രം, ഇന്ത്യയ്ക്ക് കിരീടവും.

2024-ലെ ഇന്ത്യയുടെ രണ്ടാം ടി20 ലോകകപ്പ് കിരീട നേട്ടത്തില്‍ ഏറ്റവും നിര്‍ണായകമായത് സൂര്യകുമാര്‍ യാദവിന്റെ ഒരു ആക്രോബാറ്റിക് ക്യാച്ചായിരുന്നു. കന്നി ലോകകപ്പ് ഫൈനലില്‍ തന്നെ കിരീടത്തിലേക്ക് കുതിക്കുകയായിരുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരേ അവിശ്വസനീയമായിരുന്നു ഇന്ത്യ നേടിയ ഏഴു റണ്‍സ് ജയം. അവസാന ഓവര്‍വരെ ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ഡേവിഡ് മില്ലറെ പുറത്താക്കാന്‍ സൂര്യകുമാര്‍ യാദവ് എടുത്ത അദ്ഭുത ക്യാച്ചാണ് ഇന്ത്യയുടെ കിരീട വിജയത്തില്‍ നിര്‍ണായകമായത്. ആറു പന്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക ജയിക്കാന്‍ 16 റണ്‍സ് വേണ്ടപ്പോഴായിരുന്നു സൂര്യയുടെ നിര്‍ണായക ക്യാച്ച്.

ആറു പന്തില്‍ ജയിക്കാന്‍ 16 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ ഹാര്‍ദിക് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തു തന്നെ സിക്സര്‍ പറത്താനായിരുന്നു മില്ലറുടെ ശ്രമം. ഫുള്‍ടോസ് പന്ത് മില്ലര്‍ അടിച്ച പന്ത് സിക്സറായി എന്നുതന്നെ എല്ലാവരും കരുതി. എന്നാല്‍ ലോങ് ഓണ്‍ ബൗണ്ടറിയില്‍ ഓടിയെത്തിയ സൂര്യ പന്ത് പിടിച്ചു. താന്‍ ബൗണ്ടറിക്കുള്ളിലേക്ക് പോകുമെന്ന് മനസിലാക്കിയ സൂര്യ പന്ത് വായുവിലേക്കെറിഞ്ഞു. പിന്നീട് ബൗണ്ടറി ലൈനിന് പുറത്തേക്ക് കടന്ന് അവിശ്വസനീയമായി പന്ത് കൈക്കുള്ളിലാക്കുകയായിരുന്നു. ഫൈനലിലെ ഏറ്റവും സുന്ദരമായ നിമിഷം സൂര്യകുമാറിന്റെ ആ ക്യാച്ചാണെന്നതില്‍ തര്‍ക്കമില്ല. ലോകകപ്പ് പറന്നുപിടിക്കുന്ന അനുഭൂതിയായിരുന്നു അത് നല്‍കിയത്.