അഹമ്മദാബാദ്: രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരേ സെമിഫൈനല്‍ കളിക്കുന്ന കേരള ടീമില്‍ രണ്ട് അരങ്ങേറ്റ താരങ്ങള്‍. ഇന്ത്യന്‍ അണ്ടര്‍ 19 ടി20 ടീം അംഗമായിരുന്ന വരുണ്‍ നായനാരും അഹ്‌മദ് ഇമ്രാനുമാണ് അരങ്ങേറ്റക്കാർ. പരിക്കേറ്റ ബേസില്‍ തമ്പി, കഴിഞ്ഞ കളിയില്‍ തിളങ്ങാതിരുന്ന ഷോണ്‍ റോജര്‍ എന്നിവര്‍ക്ക് പകരമായാണ് ഇരുവരെയും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. 

To advertise here,

പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ തൃശ്ശൂര്‍ ടൈറ്റന്‍സിന്റെ ക്യാപ്റ്റനായിരുന്നു ബാറ്ററും വിക്കറ്റ് കീപ്പറുമായ വരുണ്‍ നായനാര്‍. കണ്ണൂര്‍ സ്വദേശിയായ താരം 14-ാം വയസ്സുമുതല്‍ കേരളാ ടീമിനുവേണ്ടി കളിക്കുന്നുണ്ട്.

placeholder
വരുണ്‍ നായനാര്‍ക്ക് രഞ്ജി ട്രോഫി ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബി അരങ്ങേറ്റ ക്യാപ്പ് കൈമാറുന്നു

കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കേരളാ ടീമിന്റെ ക്യാപ്റ്റനായിരുന്നു അഹ്‌മദ് ഇമ്രാന്‍. കേരള ക്രിക്കറ്റ് ലീഗിലെ എമര്‍ജിങ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ട താരമാണ്. വരുണ്‍ നായനാരിന് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും അഹ്‌മദ് ഇമ്രാന് ടീം മാനേജര്‍ നാസര്‍ മച്ചാനും അരങ്ങേറ്റ ക്യാപ്പ് നല്‍കി. 

placeholder
അഹ്‌മദ് ഇമ്രാന്‍ ടീം മാനേജര്‍ നാസര്‍ മച്ചാനില്‍നിന്ന് രഞ്ജി ട്രോഫി ക്രിക്കറ്റ് അരങ്ങേറ്റ ക്യാപ്പ് സ്വീകരിക്കുന്നു

അതിനിടെ സെമിയില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം 14 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 34 റണ്‍സെന്ന നിലയിലാണ്. ഓപ്പണര്‍മാരായ അക്ഷയ് ചന്ദ്രനും രോഹന്‍ കുന്നുമ്മലുമാണ് ക്രീസില്‍. രഞ്ജിയില്‍ കേരളത്തിന്റെ രണ്ടാമത്തെ സെമി ഫൈനലാണിത്. ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം.