ന്യൂഡൽഹി: അർജുന പുരസ്‌കാര തിളക്കത്തിന് പിന്നാലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ പ്രീ ക്വാർട്ടറിൽ കടന്ന് ട്രീസാ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം. വനിതാ ഡബിൾസിന്റെ രണ്ടാം റൗണ്ടിൽ 16-ാം സീഡായ അമേരിക്കയുടെ ലൗറെൻ ലാം-അലിസൺ ക്യുൻഹ് സഖ്യത്തെയാണ് ഇന്ത്യൻ ജോഡി അട്ടിമറിച്ചത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു വിജയം.

To advertise here,

ആദ്യ ഗെയിം 21-15ന് സ്വന്തമാക്കിയ ഇന്ത്യൻ സഖ്യം രണ്ടാം ഗെയിം 21-12-നും നേടി. 17-ാം റാങ്കുകാരായ അമേരിക്കൻ താരങ്ങൾക്ക് ഒരു ഘട്ടത്തിൽപോലും 39-ാം റാങ്കുകാരായ ഇന്ത്യൻ ജോഡിയെ പരീക്ഷിക്കാനായില്ല.

അതേസമയം പുരുഷ സിംഗിൾസിൽ ലക്ഷ്യാ സെന്നും വനിതാ സിംഗിൾസിൽ ഉന്നതി ഹൂഡയും രണ്ടാം റൗണ്ടിലെത്തി. ടെറ്റ് തുസാറിനെയാണ് ഉന്നതി തോൽപ്പിച്ചത്. സ്‌കോർ: 22-20, 21-16. ഓസ്ട്രിയയുടെ കോളിൻസ് ഫിലിമോനെയാണ് ലക്ഷ്യാ സെൻ തോൽപ്പിച്ചത്. ആദ്യ ഗെയിം നഷ്ടപ്പെട്ട ലക്ഷ്യം പിന്നീടുള്ള രണ്ട് ഗെയിമുകളിലും എതിരാളിയെ നിലംപരിശാക്കി. സ്‌കോർ: 16-21, 21-8, 21-4. അതേസമയം മിക്‌സഡ് ഡബിൾസിൽ ഇന്ത്യയുടെ രണ്ട് സഖ്യവും ആദ്യ റൗണ്ടിൽ പുറത്തായി.