ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങൾ മുന്നോട്ട്. വനിതാ സിംഗിൾസിൽ പി.വി സിന്ധു, പുരുഷ സിംഗിൾസിൽ ആയുഷ് ഷെട്ടി, പുരുഷ ഡബിൾസിൽ സാത്വിക് റെഡ്ഡി-ചിരാഗ് ഷെട്ടി എന്നിവർ പ്രീ ക്വാർട്ടറിലെത്തി. അതേസമയം ലക്ഷ്യാ സെൻ പുരുഷൻ സിംഗിൾസ് രണ്ടാം റൗണ്ടിൽ പുറത്തായി.

To advertise here,

ശ്രീലങ്കയുടെ അഭയ്‌വിക്രമെയ്‌ക്കെതിരെ അനായാസമായിരുന്നു ആയുഷിന്റെ വിജയം. രണ്ട് ഗെയിമുകൾക്കുള്ളിൽ മത്സരം തീർന്നു. ആദ്യ ഗെയിം 21-8ന് സ്വന്തമാക്കിയ 21-കാരൻ രണ്ടാം ഗെയിം 21-10നും നേടി. അതേസമയം റാങ്കിങ്ങിൽ തന്നേക്കാൾ പിന്നിലുള്ള അമേരിക്കയുടെ ഗാരെറ്റ് ടാനിനോടാണ് ലക്ഷ്യ തോറ്റത്. ആദ്യ ഗെയിം 21-19ന് ലക്ഷ്യ നേടിയെങ്കിലും രണ്ടും മൂന്നും ഗെയിമുകളിൽ തിരിച്ചുവന്ന് അമേരിക്കൻ താരം പ്രീ ക്വാർട്ടറിലെത്തുകയായിരുന്നു.

വനിതാ സിംഗിൾസിൽ കാനഡയുടെ വെൻ യു സാങ്ങിനെ തോൽപ്പിച്ചാണ് സിന്ധു മുന്നേറിയത്. 11-ാം റാങ്കുകാരിയായ സിന്ധുവിന് കനേഡിയൻ താരം ഒരു ഘട്ടത്തിലും വെല്ലുവിളിയായില്ല. സ്‌കോർ: 21-16, 21-17. പുരുഷ ഡബിൾസിൽ സ്‌കോട്ട്‌ലൻഡ് ജോഡി പരിക്കിനെ തുടർന്ന് പിന്മാറിയതോടെ ഇന്ത്യയുടെ ചിരാഗ് ഷെട്ടി-സാത്വിക് റെഡ്ഡി സഖ്യം പ്രീ ക്വാർട്ടറിലെത്തുകയായിരുന്നു. നേരത്തെ വനിതാ ഡബിൾസിൽ ട്രീസാ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യവും പ്രീ ക്വാർട്ടറിൽ പ്രവേശിച്ചിരുന്നു.