ന്യൂഡൽഹി: ഇന്ത്യയുടെ പ്രതീക്ഷയായ ആയുഷ് ഷെട്ടിക്ക് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കടുപ്പമേറിയ തുടക്കം. ആദ്യ റൗണ്ടിൽ ലോക ഒന്നാം നമ്പർ ചൈനയുടെ ഷി യുഖിയാണ് ആയുഷിന്റെ എതിരാളി. ലോക ഇരുപത്തിമൂന്നാം നമ്പറുകാരനാണ് ആയുഷ്. യുഖിയും ആയുഷും ഇതുവരെയായി മൂന്ന് തവണ ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും മൂന്ന് തവണയും യുഖിക്കായിരുന്നു ജയം.

To advertise here,

ഇക്കുറി കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപിക്കപ്പെടുന്ന താരങ്ങളിൽ ഒരാളാണ് നിലവിലെ ലോകജേതാവായ യുഖി. അതേസമയം ബാഡ്മിന്റൺ ഏഷ്യാ ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയ ആയുഷിന് പരിക്ക് മൂലം പിന്നീട് ഈ ഫോം തുടരാനായിട്ടില്ല.

ആദ്യ മത്സരം കടുപ്പമേറിയതിനാൽ വലിയ സമ്മർദമുണ്ടെന്ന് ആയുഷ് പറഞ്ഞു. അതുകൊണ്ട് തന്നെ അതിനുവേണ്ടി കഠിനമായ പരിശീലനവും പ്രകടനവും ആവശ്യമാണ്. നാട്ടിൽ കളിക്കുന്നതിന്റെ ആവേശവും തനിക്കുണ്ടെന്ന് ആയുഷ് പറഞ്ഞു.

ഓഗസ്റ്റ് 17 മുതൽ 23 വരെ ന്യൂൽഹി ഇന്ദിരാഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലാണ് ലോക ചാമ്പ്യൻഷിപ്പ്. പതിനേഴ് വർഷത്തിനുശേഷമാണ് ഇന്ത്യ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

പുരുഷന്മരുടെ സിംഗിൾസിൽ ലക്ഷ്യ സെന്നാണ് ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷ. വനിതാ സിംഗിൾസിൽ മുൻ ലോക ചാമ്പ്യനും ഇരട്ട ഒളിമ്പിക് മെഡൽ ജേതാവുമായ പി.വി.സിന്ധുവും പുരുഷന്മാരുടെ ഡബിൾസിൽ സാത്വിക്‌സായിരാജ് രാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും മിക്‌സഡ് ഡബിൾസിൽ ധ്രുവ് കപില-തനിഷ കാസ്‌ട്രോ സഖ്യവുമാണ് മത്സരിക്കുന്നത്.