നടക്കുമ്പോഴും പടികൾ കയറുമ്പോഴും കാലിലെ മാംസപേശികളിൽ വലിവ്, വേദന, തളർച്ച എന്നിവ സ്ഥിരമായി അനുഭവപ്പെടുന്നുണ്ടോ? ഉണ്ടെങ്കിൽ അതിനെ ഗൗരവമായി കാണുക. പെരിഫെറൽ ആർട്ടറി ഡിസീസ് (പിഎഡി) എന്ന രോഗത്തെക്കുറിച്ചും മനസിലാക്കുക.
രക്തയോട്ടം തടസപ്പെടുന്ന രീതിയിൽ കൈകാലുകളിലെ രക്തക്കുഴലുകൾ ചുരുങ്ങുന്ന രോഗാവസ്ഥയാണ് പെരിഫെറൽ ആർട്ടറി ഡിസീസ് (പിഎഡി). ഇത് കൂടുതൽ ബാധിക്കുന്നത് കാലുകളെയാണ്. ഓക്‌സിജനും പോഷകങ്ങളും അടങ്ങിയ രക്തം ഹൃദയത്തിൽ നിന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്ന ധമനികളിൽ തടസം ഉണ്ടായാൽ, ആവശ്യമായ അളവിൽ ഓക്‌സിജൻ ലഭിക്കാതെ വരുന്നു.
കാരണങ്ങൾ
പുകവലിയാണ് പിഎഡിയുടെ മുഖ്യകാരണം. പുക ഉള്ളിലെത്തിയാൽ അതിലടങ്ങിയിരിക്കുന്ന വിഷാംശം കട്ടികൂടിയ ഒരു ആവരണമായി (Plaque) രക്തക്കുഴലുകളിൽ അടിഞ്ഞുകൂടുന്നു. ഇത് രക്തത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തുന്നു. പ്രമേഹം, അമിതഭാരം, ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്‌ട്രോൾ നില, 50 വയസിനു മുകളിൽ പ്രായം എന്നിവയും കാരണങ്ങളാണ്. പിഎഡി പാരമ്പര്യ രോഗമായും കണ്ടുവരാറുണ്ട്.
ലക്ഷണങ്ങൾ
നടക്കുമ്പോഴും പടികൾ കയറുമ്പോഴും തുടകളിലും മുട്ടിനു താഴെയും ഉണ്ടാകുന്ന കടച്ചിൽ, വലിവ്, വേദന, തളർച്ച എന്നിവയാണ് പിഎഡിയുടെ പ്രധാന ലക്ഷണങ്ങൾ. അൽപനേരം വിശ്രമിക്കുമ്പോൾ ഇവ പൂർണമായും മാറുന്നതിനാൽ, തുടക്കത്തിൽ ആരുംതന്നെ ഇതിനെ ഗൗനിക്കാറില്ല. ചികിത്സിക്കാതിരുന്നാൽ കാലക്രമേണ താഴെ ചേർത്തിട്ടുള്ള ലക്ഷണങ്ങൾ ഉണ്ടാകാം.
• കാൽ തളർച്ച
• കാൽപാദത്തിലും കാലിന്റെ അടിയിലും ഒരു കാലിനെ അപേക്ഷിച്ചു മറ്റേ കാലിൽ തണുപ്പ് അനുഭവപ്പെടുക.
• കാലിന്റെ നിറത്തിൽ വ്യത്യാസം അനുഭവപ്പെടുക
• കാലുകളിലെ രോമങ്ങൾ കൊഴിയുക, രോമവളർച്ച മന്ദഗതിയിലാകുക
• വിരലുകൾ കറുക്കുക
• കാലിലെ തൊലി തിളക്കമുള്ളതാവുക.
• കാലിലെ ഉണങ്ങാത്ത മുറിവുകൾ, മുറിവുകളിൽ വേദന, ഉറക്കം നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള വേദന ഉണ്ടാകുക.
• കാലിലെ ഞരമ്പുകളിൽ പൾസ് അറിയാൻ കഴിയാതെ വരിക
• കാലിലെ സ്പർശന ശേഷികുറയുക
• ഉദ്ധാരണക്കുറവ്
പിഎഡിയുടെ ലക്ഷണങ്ങൾ തെറ്റായി വിലയിരുത്തപ്പെടാനുള്ള സാധ്യത ഏറെയാണ്. അതിനാൽ രോഗം തുടക്കത്തിൽ തിരിച്ചറിയാതെ പോകാറുണ്ട്. തുടക്കത്തിൽ തിരിച്ചറിഞ്ഞാൽ വാസ്‌കുലാർ സർജന്റെ നിർദേശാനുസരണം മരുന്നുകളിലൂടെയും മികച്ച ജീവിതചര്യകളിലൂടെയും പിഎഡി 90 ശതമാനവും മാറ്റിയെടുക്കാൻ കഴിയും.
പരിശോധനകൾ
ഏറ്റവും എളുപ്പത്തിൽ വേദനരഹിതമായി പരിശോധിച്ചു സ്ഥിരീകരിക്കാൻ കഴിയുന്ന രോഗമാണ് പിഎഡി. ആംഗിൾ ബ്രാക്കിയൽ ഇൻഡക്‌സ് പരിശോധന (Ankle-brachial index (ABI) പിഎഡി സ്ഥിരീകരിക്കാൻ നിർദ്ദേശിക്കുന്ന ഒന്നാണ്. കണങ്കാലിലെയും കൈയ്യിലെയും രക്തസമ്മർദം താരതമ്യം ചെയ്യുകയാണ് ഇതിലൂടെചെയ്യുന്നത്. പ്രത്യേകതരം അൾട്രാ സൗണ്ട് ഉപകരണത്തിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. ഡോപ്ലർ അൾട്രാ സൗണ്ട് പോലെയുള്ള അൾട്രാ സൗണ്ട് ഇമേജിംഗ് രീതികളിലൂടെ പിഎഡി പരിശോധന സാധ്യമാകും. ആൻജിയോഗ്രാം പരിശോധനയിലൂടെ പിഎഡി തിരിച്ചറിയാൻ കഴിയും. പ്രത്യേക തരം ഡൈ പദാർത്ഥം (Contrast Material) രക്തക്കുഴലിൽ നിക്ഷേപിച്ച് അതിന്റെ പ്രയാണം Magnetic Resonance Angiography (MRA), Computerized Tomography Angiography (CTA) പോലെയുള്ള ഇമേജിംഗ് രീതികളിലൂടെ വീക്ഷിക്കാൻ ഇതുവഴി സാധിക്കും. Catheter Angiography വഴി രോഗാവസ്ഥയുള്ള ഭാഗത്ത് ഡൈ കടത്തിവിടാനും വിലയിരുത്താനും കൂടുതൽ എളുപ്പമാണ്. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ പരിശോധനകൾക്കും ചികിത്സയ്ക്കും സമയം വൈകിപ്പിക്കരുത്. ലക്ഷണങ്ങളുടെ അഭാവത്തിൽ താഴെകൊടുത്തിരിക്കുന്ന വിഭാഗത്തിൽ ഉള്ളവർ പരിശോധകൾക്ക് സ്വയം തയ്യാറാവുന്നത് നന്നായിരിക്കും.
• 65 വയസ്സിനു മുകളിലുള്ളവർ
• പുകവലിക്കുന്ന, പ്രമേഹമുള്ള 50 വയസിനു മുകളിലുള്ളവർ
• അമിതഭാരം, ഉയർന്ന രക്തസമ്മർദം, പ്രമേഹം ഇവയുള്ള 50 വയസിനു താഴെ ഉള്ളവർ
• CAD/CVD/വൃക്കയ്ക്കു തകരാർ ഉള്ളവർ
പിഎഡി രോഗികൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയസ്തംഭനം, സ്‌ട്രോക്ക് മുതലായവ ഉണ്ടാകാൻ സാധ്യത ഏറെയാണ്. കാലുകളെ ബാധിക്കുന്ന പിഎഡിക്ക് യഥാസമയം ചികിത്സ നേടിയില്ലെങ്കിൽ നിർജ്ജീവമായി ചീഞ്ഞഴുകുന്ന അവസ്ഥയായി (Gangrene) കാൽ/വിരലുകൾ മുറിച്ചുമാറ്റേണ്ട നില (Amputation)യിലേക്ക് മാറും. പ്രമേഹരോഗികൾക്ക് പിഎഡി ഉണ്ടായാൽ കാൽമുറിച്ചു മാറ്റേണ്ട സാധ്യത 25 ശതമാനമാണ്. അല്ലാത്ത 5% പേരിൽ കാൽ മുറിച്ചുമാറ്റേണ്ടിവരുന്നു.
ഡോക്ടർ നിർദേശിക്കുന്ന മരുന്നുകളിലൂടെ കൊളസ്‌ട്രോൾ, രക്തസമ്മർദം, ഷുഗർ ലെവൽ, രക്തം കട്ടപിടിക്കുന്നത്, അനുബന്ധ പ്രശ്‌നങ്ങൾ എന്നിവയെ നിയന്ത്രിക്കാം. ആൻജിയോപ്ലാസ്റ്റിയിൽ കത്തീറ്റർ എന്ന ട്യൂബിലൂടെ ഒരു ബലൂൺ കടത്തിവിട്ട് രക്തക്കുഴലിൽ അടിഞ്ഞുകൂടിയ ഭാഗം നിരപ്പാക്കുകയും നിരപ്പാക്കിയ ഭാഗത്ത് വീണ്ടും കൊഴുപ്പ് അടിയാതിരിക്കാൻ സ്റ്റെന്റ് സ്ഥാപിക്കുകയും ചെയ്യുന്നു. ഹൃദയധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടിയാലും ഇതേ മാർഗമാണ് അവലംബിക്കാറുള്ളത്.
ഏതെങ്കിലും കാരണത്താൽ ബലൂൺ ആൻജിയോപ്ലാസ്റ്റി ചെയ്യാൻ കഴിയാത്ത അവസ്ഥയിലുള്ള രോഗികൾക്ക് ലിംബ് ബൈപ്പാസ് സർജറി (Limb Bypass Surgery) ആണ് നിർദ്ദേശിക്കുക. ലിംബ് ബൈപ്പാസ് സർജറിയിൽ രോഗിയുടെ തന്നെ ശരീരത്തിലുള്ള മറ്റൊരു രക്തക്കുഴൽ അല്ലെങ്കിൽ കൃത്രിമ രക്തക്കുഴൽ ഉപയോഗിച്ച് നിലവിലുള്ള തടസത്തെ മറികടക്കുകയാണ് ചെയ്യുന്നത്.
സ്റ്റാർകെയറിൽ പിഎഡിക്ക് മികച്ച ചികിത്സ
സ്റ്റാർകെയർ ഹോസ്പിറ്റലിലെ വാസ്‌കുലാർ സർജറി വിഭാഗം വടക്കൻ കേരളത്തിലെ തന്നെ ഏറ്റവും മികച്ച വാസ്‌കുലാർ ചികിത്സ ലഭ്യമാക്കുന്നതിൽ പ്രശസ്തമാണ്. ഇവിടുത്തെ വാസ്‌കുലാർ ടീം പിഎഡി, വെരിക്കോസ് വെയിൻ എന്നിവയ്ക്ക് അത്യാധുനിക ചികിത്സയും പരിചരണവും ഉറപ്പാക്കുന്നു. കൂടാതെ 24 മണിക്കൂർ പ്രവർത്തന സജ്ജമായ കാത്ത്‌ലാബ്, അൾട്രാ സൗണ്ട് വിഭാഗങ്ങൾ, ജില്ലയിലെ തന്നെ ഏറ്റവും മികച്ച ഓപ്പറേഷൻ തിയേറ്റർ എന്നിവ പ്രവർത്തനത്തിലും സേവനത്തിന്റെ നിലവാരത്തിലും ഏറെ മികവ് പുലർത്തുന്നു. സ്റ്റാർകെയറിന്റെ തന്നെ സാന്ത്വനം ഫൗണ്ടേഷൻ വഴി നിർധനരായ രോഗികൾക്ക് മിതമായ നിരക്കിൽ ചികിത്സ ലഭ്യക്കുന്നുമുണ്ട്. വാസ്‌കുലാർ സർജറിയിൽ DrNB കോഴ്‌സ് നടത്താനുള്ള അംഗീകാരം നേടിയ കേരളത്തിലെ ഒരോയൊരു ആശുപത്രിയാണ് സ്റ്റാർ കെയർ ഹോസ്പിറ്റൽ, കോഴിക്കോട്.
വിവരങ്ങൾക്ക് കടപ്പാട്
ഡോ. സുനിൽ രാജേന്ദ്രൻ
ഹെഡ് ഓഫ് ദി ഡിപ്പാർട്ട്‌മെന്റ് & സീനിയർ കൺസൾട്ടന്റ് വാസ്‌കുലാർ സർജൻ
സ്റ്റാർകെയർ ഹോസ്പിറ്റൽ, കോഴിക്കോട്
ബുക്കിംഗ് നമ്പർ - : 0495 2489000, 86069 45541

Content Highlights: Starcare Hospital - Peripheral Artery Disease (PAD)
Published: 17 Oct 2023, 02:15 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

