ഇന്ത്യയുടെ രാഷ്ട്രപതിയായി ഗോത്രവിഭാഗത്തില്‍ നിന്നുള്ള ഒരു വനിതയെത്തിയത് 2022ലായിരുന്നു. ചരിത്രത്തിലിടം നേടിയ ആ രാഷ്ട്രപതി ഒഡിഷയില്‍ നിന്നുള്ള ദ്രൗപതി മുര്‍മുവായിരുന്നു. ആറ് സംസ്ഥാനങ്ങളിലെ നിയമസഭാതിരഞ്ഞെടുപ്പുകളും പുതിയ സര്‍ക്കാരും 2022ലെ ചൂടുള്ള ചര്‍ച്ചകളായി. കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്‌സിനുകളുടെ കണ്ടുപിടുത്തവും സൈന്യത്തിലേക്കുള്ള അഗ്നിപഥ് റിക്രൂട്ട്‌മെന്റും പോയവര്‍ഷം ഇന്ത്യയേറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത സംഭവവികാസങ്ങളാണ്.
ഉത്തര്‍പ്രദേശ്
ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് 2022 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടന്നു. എന്‍.ഡി.എ. 273 സീറ്റ് നേടി ഭരണം നിലനിര്‍ത്തി. സമാജ്വാദി പാര്‍ട്ടി നേതൃത്വത്തിലുള്ള പ്രധാനപ്രതിപക്ഷത്തിന് 125 സീറ്റുകളേ ലഭിച്ചുള്ളൂ. യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയായി.
ഗോവ
ഗോവ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് 2022 ഫെബ്രുവരി 14-ന് നടന്നു. ബി.ജെ.പി. ആകെയുള്ള 40 സീറ്റുകളില്‍ 20 എണ്ണം നേടി അധികാരത്തിലെത്തി. യു.പി.എ. 12 സീറ്റുകള്‍ നേടി. 2 സീറ്റ് നേടിയ ആം ആദ്മി പാര്‍ട്ടി ഗോവയില്‍ അക്കൗണ്ട് തുറന്നു. പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി.
ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് 2022 ഫെബ്രുവരി 14-ന് നടന്നു. ആകെയുള്ള 70 സീറ്റുകളില്‍ 47 എണ്ണം നേടി ബി.ജെ.പി. ഭരണം നിലനിര്‍ത്തി. കോണ്‍ഗ്രസിന് 19 സീറ്റുകള്‍ ലഭിച്ചു. തിരാത്ത് സിങ് റാവത്ത് മുഖ്യമന്ത്രിയായി. 2022 ജൂലായ് മുതല്‍ പുഷ്‌കര്‍ സിങ് ധാമിയാണ് മുഖ്യമന്ത്രി.
പഞ്ചാബ്
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് 2022 ഫെബ്രുവരി 20-ന് നടന്നു. ആകെയുള്ള 117 സീറ്റുകളില്‍ 92 എണ്ണം നേടി ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തി. കോണ്‍ഗ്രസിന് 18 സീറ്റുകളേ ലഭിച്ചുള്ളൂ. ഭഗവന്ത് മന്‍ മുഖ്യമന്ത്രിയായി.
മണിപ്പുര്‍
60 അംഗ മണിപ്പുര്‍ നിയമസഭാ തിരഞ്ഞെടുപ്പ് 2022 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടന്നു. ബി.ജെ.പി. 32 സീറ്റ് നേടി അധികാരത്തിലെത്തി. ബിരെന്‍സിങ് മുഖ്യമന്ത്രിയായി.
ഹിമാചല്‍പ്രദേശ്
68 അംഗ ഹിമാചല്‍പ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് 2022 നവംബറില്‍ നടന്നു. 40 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തി. സുഖ്‌വീന്ദര്‍ സിങ് സുഖു മുഖ്യമന്ത്രിയായി.
കാറക്കോറം അനോമലി
ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലെല്ലാമുള്ള ഹിമാനികള്‍ കാലാവസ്ഥാവ്യതിയാനംമൂലം അതിവേഗം ഉരുകുമ്പോഴും കാറക്കോറം നിരയിലെ ഹിമാനികള്‍മാത്രം ഇതിന് വിരുദ്ധമായി ഉരുകാതെ വളരുകയും ചെയ്യുന്നു. ഈ വിചിത്രപ്രതിഭാസത്തിന് കാലാവസ്ഥാവിദഗ്ധര്‍ നല്‍കിയിരിക്കുന്ന പേരാണ് കാറക്കോറം അനോമലി. കശ്മീരിന് വടക്കുദിശയിലാണ് കാറക്കോറം നിര സ്ഥിതിചെയ്യുന്നത്. ഔദ്യോഗിക രേഖകള്‍പ്രകാരം ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് കെ2 ഈ പര്‍വതനിരയിലാണുള്ളത്.
ഇന്ത്യന്‍ അന്റാര്‍ട്ടിക് ബില്‍
അന്റാര്‍ട്ടിക്കയിലെ ഇന്ത്യന്‍ പ്രദേശങ്ങള്‍ക്ക് ബാധകമായ ഇന്ത്യന്‍ അന്റാര്‍ട്ടിക് ബില്‍ 2022 ഓഗസ്റ്റ് ഒന്നിന് പാര്‍ലമെന്റ് പാസാക്കി. ലോക്‌സഭ 2022 ജൂലായ് 22-ന് പാസാക്കിയ ബില്‍ ഓഗസ്റ്റ് ഒന്നിന് രാജ്യസഭയും പാസാക്കുകയായിരുന്നു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനുകീഴില്‍ ഇന്ത്യന്‍ അന്റാര്‍ട്ടിക് അതോറിറ്റി (ഐ.എ.എ.) സ്ഥാപിക്കാന്‍ ബില്‍ ലക്ഷ്യമിടുന്നു. അന്റാര്‍ട്ടിക്കയിലെ സൈനിക സാന്നിധ്യം ഒഴിവാക്കല്‍, ഖനനം നിരോധിക്കല്‍, മറ്റ് അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയല്‍ എന്നിവയും ഈ നിയമനിര്‍മാണത്തിന്റെ ലക്ഷ്യങ്ങളാണ്. നിലവില്‍ പ്രവര്‍ത്തനക്ഷമമായ രണ്ട് പര്യവേക്ഷണകേന്ദ്രങ്ങളാണ് ഇന്ത്യയ്ക്ക് അന്റാര്‍ട്ടിക്കയിലുള്ളത്- 1989-ല്‍ കമ്മിഷന്‍ ചെയ്ത മൈത്രി, 2012-ല്‍ കമ്മിഷന്‍ ചെയ്ത ഭാരതി എന്നിവ.
സ്മൈല്‍ 75
കേന്ദ്ര സാമൂഹികനീതി മന്ത്രാലയം 2022 ഓഗസ്റ്റ് 12-ന് തുടക്കമിട്ട പരിപാടിയാണ് സ്‌മൈല്‍. സപ്പോര്‍ട്ട് ഫോര്‍ മാര്‍ജിനലൈസ്ഡ് ഇന്‍ഡിവിഡ്വല്‍സ് ഫോര്‍ ലൈവ്‌ലിഹുഡ് ആന്‍ഡ് എന്റര്‍പ്രൈസ് എന്നതാണ് സ്‌മൈലിന്റെ മുഴുവന്‍ രൂപം. നിരാലംബരെയും ഭിക്ഷാടനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയും മുഖ്യധാരയില്‍ എത്തിക്കാനുള്ള സംരംഭമാണിത്. രാജ്യത്തെ തിരഞ്ഞെടുത്ത 75 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
സൂപ്പര്‍ വാസുകി
ഇന്ത്യന്‍ റെയില്‍വേയുടെ ഏറ്റവും നീളംകൂടിയ ചരക്കുതീവണ്ടിയായ സൂപ്പര്‍ വാസുകി 2022 ഓഗസ്റ്റ് 15-ന് പരീക്ഷണ ഓട്ടം നടത്തി. സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ സോണിനുകീഴിലാണ് ഈ ചരക്കുവണ്ടി ഓടുന്നത്. 3.5 കിലോമീറ്ററാണ് സൂപ്പര്‍ വാസുകിയുടെ നീളം. 295 വാഗണുകളുമായി നടത്തിയ പരീക്ഷണ ഓട്ടത്തില്‍ 25,962 ടണ്‍ ഭാരമുള്ള ചരക്കുകളെയാണ് ഈ തീവണ്ടി വഹിച്ചത്.
ഇന്ത്യയിലെ വലിയ റബ്ബര്‍ ഡാം
ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ റബ്ബര്‍ ഡാം 2022 സെപ്റ്റംബറില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗയയില്‍ ഫാല്‍ഗുനദിക്കുകുറുകേ നിര്‍മിച്ചിട്ടുള്ള അണക്കെട്ടിന്റെ പേര് ഗയാജി ഡാം എന്നതാണ്. ഐ.ഐ.ടി. റൂര്‍ക്കി, ഓസ്‌ട്രേലിയയിലെ റുബിന കമ്പനി, നാഗാര്‍ജുന ബില്‍ഡിങ് കമ്പനി എന്നിവ ചേര്‍ന്നാണ് നിര്‍മാണം നടത്തിയത്.
രാഷ്ട്രപതിയായി രണ്ടാമത്തെ വനിത
ഇന്ത്യയുടെ രാഷ്ട്രപതിയായി 2022 ജൂലായ് 25-ന് ചുമതലയേറ്റ ദ്രൗപതി മുര്‍മു ഈ പദവി വഹിക്കുന്ന രണ്ടാമത്തെ വനിതയാണ്. സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച ആദ്യത്തെ രാഷ്ട്രപതി, ഏറ്റവും കുറഞ്ഞപ്രായത്തില്‍ രാഷ്ട്രപതി സ്ഥാനത്തെത്തുന്നയാള്‍, ഗോത്രവര്‍ഗവിഭാഗത്തില്‍നിന്നുള്ള ആദ്യത്തെ രാഷ്ട്രപതി എന്നീ പ്രത്യേകതകളും ദ്രൗപതി മുര്‍മുവിനുണ്ട്. 1958 ജൂണ്‍-20 ന് ഒഡിഷയിലെ മയൂര്‍ഭഞ്ജ് ജില്ലയില്‍ ജനിച്ച ദ്രൗപതി മുര്‍മു സന്താള്‍ ഗോത്രവര്‍ഗവിഭാഗത്തിലെ വ്യക്തിയാണ്. എന്‍.ഡി.എ.സ്ഥാനാര്‍ഥിയായി രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിച്ച അവര്‍ പ്രതിപക്ഷ കക്ഷികളുടെ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയെയാണ് പരാജയപ്പെടുത്തിയത്. ഇലക്ടറല്‍ കോളേജ് വോട്ടിന്റെ 64.03 ശതമാനം വോട്ടാണ് ദ്രൗപതി മുര്‍മുവിന് ലഭിച്ചത്.
പുതിയ ഉപരാഷ്ട്രപതി
ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ 2022 ഓഗസ്റ്റ് 11-ന് ചുമതലയേറ്റു. എന്‍.ഡി.എ.യുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച അദ്ദേഹത്തിന് 74.37 ശതമാനം വോട്ട് ലഭിച്ചു. കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വയായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. രാജസ്ഥാന്‍ സ്വദേശിയായ ധന്‍കര്‍ ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചാണ് മത്സരിക്കാനിറങ്ങിയത്.
സൈന്യത്തില്‍ ഇനി അഗ്നിപഥ്
സായുധസേനയില്‍ യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള പുതിയ സംവിധാനമായ അഗ്നിപഥ് പദ്ധതിക്ക് 2022 ജൂണ്‍ 14-ന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പദ്ധതിപ്രകാരം തിരഞ്ഞെടുക്കപ്പെടുന്നവര്‍ 'അഗ്നിവീര്‍' എന്നറിയപ്പെടും. സായുധസേനയില്‍ നാലുവര്‍ഷം സേവനം ചെയ്യാനാണ് അഗ്നിപഥ് അവസരമൊരുക്കുന്നത്.
നാലുവര്‍ഷത്തെ സേവനത്തിനു ശേഷം ഓരോ ബാച്ചിലെയും അഗ്നിവീറിന്റെ 25 ശതമാനം വരെ സായുധസേനയുടെ സാധാരണ കേഡറില്‍ എന്റോള്‍ ചെയ്യപ്പെടും. നിശ്ചിത നാലുവര്‍ഷക്കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ ഇവര്‍ക്ക് ഒറ്റത്തവണ സേവാനിധി പാക്കേജിലൂടെ പണം നല്‍കും. അഗ്നിവീറിന്റെ വിഹിതവും അതിന്‍മേലുള്ള പലിശയും ഗവണ്‍മെന്റിന്റെ വിഹിതവും അടങ്ങുന്നതായിരിക്കും ഈ തുക. അഗ്നിപഥ് പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധങ്ങളും ചര്‍ച്ചകളും ദേശീയ തലത്തില്‍ വലിയ കോളിളക്കങ്ങളുണ്ടാക്കി.
പുതിയ വാക്സിനുകള്‍
അഞ്ച് വയസ്സിനും 12 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ്-19 പ്രതിരോധ കുത്തിവെപ്പ് നല്‍കാനായി 2022 ഏപ്രിലില്‍ ഇന്ത്യയില്‍ അംഗീകാരം ലഭിച്ച വാക്‌സിനാണ് കോര്‍ബെവാക്‌സ്. അമേരിക്കയില്‍ വികസിപ്പിച്ചെടുത്ത വാക്‌സിനാണ് ഇത്. ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത മൂക്കിലൂടെ നല്‍കാവുന്ന ആദ്യത്തെ കോവിഡ് 19 വാക്‌സിനാണ് ഇന്‍കോവാക് (iNCOVACC). ഭാരത് ബയോടെക്കാണ് ഇത് വികസിപ്പിച്ചത്.
ഗര്‍ഭാശയഗള കാന്‍സറിനെതിരെ ഇന്ത്യയില്‍ വികസിപ്പിച്ച ആദ്യത്തെ വാക്‌സിനാണ് സെര്‍വാവക് (CERVAVAC). പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. ലോകത്തിലെ ഗര്‍ഭാശയഗള കാന്‍സര്‍ കേസുകളുടെ നാലിലൊന്നും ഇന്ത്യയിലാണുള്ളത്.
ഗ്രന്ഥപ്പുരകളുടെ ജില്ല
എല്ലാ ഗ്രാമപ്പഞ്ചായത്തുകള്‍ക്കും കമ്യൂണിറ്റി ലൈബ്രറികളുള്ള രാജ്യത്തെ ആദ്യത്തെ ജില്ലയായി ജാര്‍ഖണ്ഡിലെ ജാംതര ജില്ല മാറി. എട്ടുലക്ഷത്തോളം ജനസംഖ്യയുള്ള ജില്ലയില്‍ 118 ഗ്രാമപ്പഞ്ചായത്തുകളാണ് ഉള്ളത്. 2020 നവംബറിലാണ് ജില്ലയിലെ ആദ്യത്തെ കമ്യൂണിറ്റി ലൈബ്രറി ഉദ്ഘാടനം ചെയ്തത്. കമ്പനികളുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടില്‍നിന്ന് ലഭിച്ച പണം ഈ ദൗത്യത്തിനു വലിയ പിന്തുണയായി.
ആസാദി സാറ്റ് പരാജയം
ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ 75 സ്‌കൂളുകളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ ചേര്‍ന്ന് രൂപകല്‍പന ചെയ്ത ഉപഗ്രഹമായിരുന്നു ആസാദിസാറ്റ്. 2022 ഓഗസ്റ്റ് ഏഴിന് സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (എസ്.എസ്.എല്‍.വി.) പ്രഥമദൗത്യത്തിലാണ് ഈ ഭൗമനിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചത്. എന്നാല്‍ വിക്ഷേപണം പരാജയപ്പെട്ടു.
ഏറ്റവും വലിയ ഇഗ്ലു കഫേ കശ്മീരില്‍
2022 ഫെബ്രുവരിയില്‍ കശ്മീരിലെ ഗുല്‍മാര്‍ഗില്‍ ലോകത്തിലെ ഏറ്റവും വലിയ ഇഗ്ലു കഫെ ഉദ്ഘാടനം ചെയ്തു. 'സ്നോഗ്ലു' എന്നാണ് ഇഗ്ലു കഫേയ്ക്ക് പേര് നല്‍കിയിട്ടുള്ളത്. മഞ്ഞുമല തുരന്ന് അതിനുള്ളിലാണ് ഇഗ്ലു കഫേ നിര്‍മിക്കുന്നത്. ഏതാനും മാസങ്ങള്‍ മാത്രമാണ് ഇതിന്റെ ആയുസ്.
നാട്ടുരാജ്യങ്ങള്‍ക്ക് പോളണ്ടിന്റെ ആദരം
രണ്ടാം ലോകമഹായുദ്ധ സമയത്തെ സോവിയറ്റ് അധിനിവേശക്കാലത്ത് തങ്ങളുടെ പൗരന്‍മാര്‍ക്ക് അഭയം നല്‍കിയ ഇന്ത്യയിലെ നാട്ടുരാജ്യങ്ങളെ 2022 ജൂലായില്‍ പോളണ്ട് സര്‍ക്കാര്‍ ആദരിച്ചു. പ്രധാനമായും ജാംനഗര്‍, കോല്‍ഹാപ്പുര്‍ നാട്ടുരാജ്യങ്ങളിലാണ് പോളിഷ് അഭയാര്‍ഥികള്‍ എത്തിയത്. ആറായിരത്തോളം പോളിഷ് അഭയാര്‍ഥികള്‍ 1939-40 ല്‍ ഇന്ത്യയില്‍ എത്തിയെന്നാണ് കണക്ക്.
സരസ്വതിയെ വീണ്ടുമെത്തിക്കുന്നു
മണ്‍മറഞ്ഞുവെന്ന് വിശ്വസിക്കപ്പെടുന്ന പൗരാണിക നദി സരസ്വതിയെ പുനരുജ്ജീവിപ്പിക്കാനായി ഹിമാചല്‍ പ്രദേശ്, ഹരിയാണ സര്‍ക്കാരുകള്‍ സംയുക്തമായി നിര്‍മിക്കുന്നതാണ് ആദി ബദരി ഡാം. 215 കോടിയിലേറെ രൂപ ചെലവഴിച്ച് ഹിമാചല്‍ പ്രദേശിലാണ് അണക്കെട്ട് നിര്‍മിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ സോംബ് നദിയിലെ ജലമാണ് അണക്കെട്ടിന് പ്രയോജനപ്പെടുത്തുക. ഹരിയാണ സര്‍ക്കാര്‍ സരസ്വതി ഹെറിറ്റേജ് ഡെവലപ്മെന്റ് ബോര്‍ഡിനും രൂപംകൊടുത്തിട്ടുണ്ട്.
എസ്. സോമനാഥ് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍
മലയാളിയായ എസ്.സോമനാഥ് ഐ.എസ്.ആര്‍.ഒ.യുടെ പത്താമത്തെ ചെയര്‍മാനായി 2022 ജനുവരി 15-ന് ചുമതലയേറ്റു. ആലപ്പുഴ ജില്ലയിലെ തുറവൂര്‍ സ്വദേശിയായ അദ്ദേഹം വി.എസ്.എസ്.സി. ഡയറക്ടര്‍, ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ ഡയറക്ടര്‍ എന്നീ നിലകളിലും മുന്‍പ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐ.എസ്.ആര്‍.ഒ.യുടെ ചെയര്‍മാന്‍ പദവി വഹിക്കുന്ന അഞ്ചാമത്തെ കേരളീയന്‍ കൂടിയാണ് എസ്. സോമനാഥ്. എം.ജി.കെ. മേനോന്‍, കെ. കസ്തൂരിരംഗന്‍, ജി. മാധവന്‍ നായര്‍, കെ. രാധാകൃഷ്ണന്‍ എന്നിവരാണ് മുന്‍പ് ഈ പദവി വഹിച്ചിട്ടുള്ള കേരളീയര്‍.
ഓപ്പറേഷന്‍ ഗംഗ
റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ദൗത്യമാണ് ഓപ്പറേഷന്‍ ഗംഗ. 2022 ഫെബ്രുവരി 26-ന് ആരംഭിച്ച ദൗത്യത്തിലൂടെ 25,000-ത്തോളം ഇന്ത്യക്കാരെ സംഘര്‍ഷമേഖലയില്‍നിന്ന് പുറത്തേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു. യുക്രൈനിലെ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന നവീന്‍ എസ്.ജി. മാത്രമാണ് സംഘര്‍ഷത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഏക ഇന്ത്യന്‍ മരണം.
ഓപ്പറേഷന്‍ ഗരുഡ
2022 സെപ്റ്റംബറില്‍ സി.ബി.ഐ. നടത്തിയ റെയ്ഡാണ് ഓപ്പറേഷന്‍ ഗരുഡ. ഇന്ത്യയിലേക്കുള്ള മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ശൃംഖലകളെ മുറിക്കലായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യം. ഇന്റര്‍പോള്‍, നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ എന്നിവയുടെ സഹകരണത്തോടെയാണ് ഓപ്പറേഷന്‍ ഗരുഡ നടത്തിയത്.
തമിഴ്‌നാടിന്റെ വക ബ്രിട്ടനില്‍ പ്രതിമ
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ശില്‍പിയായിരുന്ന ബ്രിട്ടീഷ് എന്‍ജിനീയര്‍ ജോണ്‍ പെന്നിക്വിക്കിന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മനാടായ ഇംഗ്ലണ്ടിലെ കാമ്പെര്‍ലിയില്‍ 2022 സെപ്റ്റംബര്‍ 10-ന് സ്ഥാപിച്ചു.
അദ്ദേഹത്തോടുള്ള ആദരസൂചകമായി തമിഴ്‌നാട് സര്‍ക്കാരാണ് ഈ പ്രതിമ നിര്‍മിച്ച് നല്‍കിയത്. 1895 ഒക്ടോബറിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉദ്ഘാടനം ചെയ്തത്. നിലവില്‍ തമിഴ്‌നാട്ടിലെ അഞ്ചു ജില്ലകള്‍ക്ക് ജലമെത്തിക്കുന്ന പ്രധാന സ്രോതസ്സ് മുല്ലപ്പെരിയാര്‍ ഡാമാണ്.
ദേശീയ സ്റ്റാര്‍ട്ട് അപ്പ് ദിനം
2022 ജനുവരി 16 ദേശീയ സ്റ്റാര്‍ട്ട് അപ്പ് ദിനമായി ആചരിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'സെലിബ്രേറ്റിങ് ഇന്നൊവേഷന്‍ ഇക്കോസിസ്റ്റം' വാരാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രഖ്യാപനം നടത്തിയത്.
ആദ്യത്തെ കുട്ടിത്തേവാങ്ക് വന്യജീവിസങ്കേതം
കുട്ടിത്തേവാങ്കുകളുടെ (Slender loris) സംരക്ഷണാര്‍ഥമുള്ള രാജ്യത്തെ ആദ്യത്തെ വന്യജീവിസങ്കേതം (കടുവൂര്‍) തമിഴ്‌നാട്ടില്‍ നിലവില്‍ വന്നു. 2022 ഒക്ടോബറില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. കരൂര്‍-ദിണ്ടിഗല്‍ ജില്ലകളിലായി സ്ഥിതിചെയ്യുന്നതാണ് കടുവൂര്‍ വന്യജീവിസങ്കേതം.
ദേശീയ ഡോള്‍ഫിന്‍ ദിനം
കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന വകുപ്പ് 2022 മുതല്‍ ഒക്ടോബര്‍ അഞ്ച് ദേശീയ ഡോള്‍ഫിന്‍ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. ഇന്ത്യയുടെ ദേശീയ ജലജീവി ഗംഗാഡോള്‍ഫിനാണ്.
ചീറ്റകള്‍ തിരിച്ചെത്തുന്നു
1952- ല്‍ ഇന്ത്യയില്‍ വംശനാശമടഞ്ഞ ചീറ്റപ്പുലികള്‍ 2022- ല്‍ രാജ്യത്ത് വീണ്ടുമെത്തി. 2022 സെപ്റ്റംബര്‍ 17- ന് എട്ട് ചീറ്റകളെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ എത്തിച്ചു. ആഫ്രിക്കന്‍ രാജ്യമായ നമീബിയയാണ് ചീറ്റകളെ ഇന്ത്യയ്ക്ക് സമ്മാനിച്ചത്. 1970-കളില്‍ ഇറാനില്‍നിന്ന് ചീറ്റകളെ ഇന്ത്യയിലെത്തിക്കാന്‍ നീക്കമുണ്ടായിരുന്നുവെങ്കിലും വിജയിച്ചില്ല. ചീറ്റകളെ വീണ്ടും ഇന്ത്യയിലെത്തിക്കാനുള്ള പദ്ധതിക്ക് നല്‍കിയിരുന്ന പേരാണ് പ്രോജക്ട് ചീറ്റ. വലുപ്പമുള്ള മാംസാഹാരിയായ ജന്തുവിനെ ഒരു ഭൂഖണ്ഡത്തില്‍നിന്ന് മറ്റൊന്നിലേക്ക് മാറ്റിപ്പാര്‍പ്പിച്ച ആദ്യത്തെ സംഭവംകൂടിയാണ് ഇന്ത്യയും നമീബിയയുമായുള്ള ചീറ്റക്കൈമാറ്റം.
ഒ.ആര്‍.എസിന്റെ ശില്‍പിക്ക് വിട
ഒ.ആര്‍.എസ്. എന്ന ചുരുക്കപ്പേരില്‍ പ്രശസ്തമായ ഓറല്‍ റിഹൈഡ്രേഷന്‍ സൊലൂഷന്റെ ശില്‍പിയായി അറിയപ്പെടുന്ന ഡോ. ദിലിപ് മഹലനോബിസ് 2022 ഒക്ടോബറില്‍ അന്തരിച്ചു. വയറിളക്ക സംബന്ധമായ രോഗങ്ങളുടെയെല്ലാം ചികിത്സയില്‍ ഒ.ആര്‍.എസ്. ലായനിയുടെ പ്രാധാന്യം തെളിയിച്ചത് അദ്ദേഹമാണ്. ലോകാരോഗ്യസംഘടനയുടെ ഡയറിയ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാമില്‍ 1983 മുതല്‍ അഞ്ചുവര്‍ഷത്തിലേറെ അദ്ദേഹം അംഗമായിരുന്നു.
ഭാരത് ജോഡോ യാത്ര
‘ഒരുമിക്കുന്ന ചുവടുകൾ, ഒന്നാകുന്ന രാജ്യം’ എന്ന മുദ്രാവാക്യമുയർത്തി സെപ്റ്റംബർ ഏഴിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കന്യാകുമാരിയിൽനിന്ന് ശ്രീനഗറിലേക്ക് 3751 കിലോമീറ്റർ ദൈർഘ്യമുള്ള ഭാരത് ജോഡോ യാത്ര ആരംഭിച്ചു.
കോൺഗ്രസിൽ ഖാർഗെ
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പുതിയ അധ്യക്ഷനായി മല്ലികാർജുൻ ഖാർഗെ ചുമതലയേറ്റു. സോണിയാഗാന്ധി പദവിയൊഴിഞ്ഞു. മലയാളിയായ ശശി തരൂരായിരുന്നു ഖാർഗെയുടെ എതിരാളി.
Content Highlights: India major news events in 2022
Published: 27 Dec 2022, 12:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented