
കണ്ണൂര്‍: പ്രമേഹം നിയന്ത്രിക്കാന്‍ മാത്രം കേരളത്തിലെ രോഗികള്‍ ഒരുവര്‍ഷം വാങ്ങിയത് 2,000 കോടിയുടെ മരുന്നുകള്‍. ഇന്‍സുലിനും ഗുളികകളും ഉള്‍പ്പെടെയാണിത്. 15,000 കോടി രൂപയുടെ വിവിധ മരുന്നുകളാണ് സംസ്ഥാനത്ത് വില്‍ക്കുന്നതെന്നാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ശരാശരി കണക്ക്. അതില്‍ 15 ശതമാനത്തോളം പ്രമേഹനിയന്ത്രണ ഔഷധങ്ങളാണ്. ദേശീയതലത്തില്‍ ഇത് 10 ശതമാനത്തോളമാണ്.
സംസ്ഥാനത്ത് വില്‍പ്പനയില്‍ രണ്ടാംസ്ഥാനത്ത് ഇപ്പോള്‍ പ്രമേഹനിയന്ത്രണ മരുന്നുകളാണ്. ഹൃദ്രോഗമരുന്നുകളാണ് ഒന്നാമത്. കേരളത്തില്‍ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന കാരണങ്ങളില്‍ ഒന്ന് പ്രമേഹ സങ്കീര്‍ണതയാണെന്നത് മറ്റൊരു വസ്തുത. ഓരോ വര്‍ഷവും പ്രമേഹമരുന്ന് വില്‍പന വലിയതോതില്‍ വര്‍ധിക്കുന്നതായി ഓള്‍ കേരള കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷന്‍ വിലയിരുത്തുന്നു.
ഇന്ത്യയില്‍ 1.76 ലക്ഷം കോടിയുടെ മരുന്നുവില്‍പ്പനയാണ് മൊത്തം നടന്നത്. കഴിഞ്ഞ 10 വര്‍ഷംകൊണ്ടാണ് പ്രമേഹമരുന്ന് വില്‍പ്പന കുതിച്ചുയര്‍ന്നത്. സമാന്തര ചികിത്സച്ചെലവ് ഇതില്‍പ്പെടില്ല.
മരുന്നുവില്‍പ്പന ഉയരും
കേരളം ഉള്‍പ്പെടെ രാജ്യത്തെമ്പാടും പ്രമേഹമരുന്ന് വില്‍പ്പന വരുംവര്‍ഷങ്ങളില്‍ കൂടുമെന്നാണ് ഗവ. ഏജന്‍സികളും ഫാര്‍മ കമ്പനികളും വിലയിരുത്തുന്നത്. 10 ശതമാനം വര്‍ധന ഓരോവര്‍ഷവും പ്രതീക്ഷിക്കുന്നു. 7.5 കോടിയിലധികം പ്രമേഹരോഗികള്‍ ഇപ്പോഴുണ്ട്. അതിന്റെ മൂന്നിരട്ടിയോളം ആളുകള്‍ പ്രമേഹ പൂര്‍വാവസ്ഥയിലുമുണ്ട്. ജീവിതരീതി തിരുത്തിയില്ലെങ്കില്‍ താമസിയാതെ ഇവരിലും പ്രമേഹമെത്തുമെന്നതാണ് വില്‍പ്പയുടെ പ്രവചനത്തിന് അടിസ്ഥാനം.
മുന്നില്‍ അഞ്ച് ഔഷധങ്ങള്‍
ആധുനിക ശ്രേണിയില്‍പ്പെട്ട രണ്ടുതരം ഇന്‍സുലിനുകള്‍, മെറ്റ്‌ഫോര്‍മിന്‍+ഗ്ലിമെപിരൈഡ്, മെറ്റ്‌ഫോര്‍മിന്‍+വില്‍ഡഗ്ലിപ്റ്റിന്‍, മെറ്റ്‌ഫോര്‍മിന്‍+സിറ്റഗ്ലിപ്റ്റിന്‍ എന്നീ സംയുക്ത ഗുളികകള്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന അഞ്ച് ഔഷധങ്ങള്‍.
എന്നിട്ടും നിയന്ത്രണം 20 ശതമാനം മാത്രം
പ്രമേഹം പൂര്‍ണമായി മാറ്റാനാവില്ല. എന്നാല്‍ ഫലപ്രദമായി നിയന്ത്രിക്കാനാകും. മരുന്നുകള്‍ക്കായി വന്‍തുക ചെലവഴിക്കുമ്പോഴും നമ്മുടെ നാട്ടില്‍ 80 ശതമാനം രോഗികളിലും പ്രമേഹം നിയന്ത്രണത്തിലല്ല. ഇതിന് പല കാരണങ്ങളാണ്.
- മരുന്ന്/ഇന്‍സുലിന്‍ എന്നിവയുടെ ഉപയോഗം കൃത്യമല്ല.
- മരുന്ന് പോലെത്തന്നെ പ്രധാനമാണ് ഭക്ഷണക്രമീകരണവും ചിട്ടയായ വ്യായാമവും. ഇക്കാര്യത്തില്‍ രോഗികള്‍ വന്‍ പരാജയമാകുന്നു.
- പ്രമേഹത്തെക്കുറിച്ച് രോഗികള്‍ ശരിയായ അറിവ് നേടുന്നില്ല.
- പ്രമേഹവിദ്യാഭ്യാസം എല്ലാവര്‍ക്കും എന്ന ലോകാരോഗ്യ സംഘടനയുടെ പ്രമേഹദിന സന്ദേശം ഇക്കാരണത്താലാണ്.
കുതിക്കുന്നു, കണക്കുകള്‍
കോഴിക്കോട്: ദിനംപ്രതി പ്രമേഹബാധിതരുടെ എണ്ണം കൂടിവരികയാണ്. കേരളത്തിലെ നാലിലൊരാള്‍ക്ക് പ്രമേഹമുണ്ടെന്ന് കണക്കുകള്‍പറയുന്നു. പ്രമേഹത്തിന്റെ ആരംഭം 44-ാം വയസ്സിലെന്നു പഴയകാലം കടന്നുപോയി. ഇപ്പോള്‍ കുട്ടികള്‍വരെ പ്രമേഹത്തിന്റെ പിടിയിലാകുന്നത് സര്‍വസാധാരണമാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എന്‍ഡോക്രൈനോളജി വിഭാഗം നടത്തിയ പഠനത്തില്‍ 10-നും 30-നും ഇടയില്‍ പ്രായമുള്ള 27 ശതമാനം യുവാക്കള്‍ രോഗികളാണ്.
ആഗോളതലത്തില്‍ പ്രമേഹബാധിതര്‍ 42.2 കോടി 2019-ലെ 15 ലക്ഷം മരണങ്ങള്‍ക്കും കാരണം പ്രമേഹം. ( 48 ശതമാനവും 70 വയസ്സിന് താഴെയുള്ളവര്‍) 2021-ലെ പ്രമേഹമരണം 67 ലക്ഷം ( ഇന്റര്‍നാഷണല്‍ ഡയബെറ്റിസ് ഫെഡറേഷന്‍)
2021-ലെ കണക്കനുസരിച്ച് 537 ദശലക്ഷം ആളുകളാണ് പ്രമേഹബാധിതര്‍. ഇത് 2030-ഓടെ 643 ദശലക്ഷമായും 2045-ഓടെ 783 ദശലക്ഷമായും ഉയര്‍ന്നേക്കാം.
ഇന്ത്യയിലെ അവസ്ഥ
1990-നും 2017-നും ഇടയില്‍ പ്രമേഹമുള്ളവരുടെ എണ്ണം 11.3-ല്‍നിന്ന് 22.9 ദശലക്ഷമായി വര്‍ധിച്ചിട്ടുണ്ട്. നിലവില്‍, 25.2 ദശലക്ഷം മുതിര്‍ന്നവര്‍ രോഗികളാണ്. 57 ശതമാനം പ്രായപൂര്‍ത്തിയായവരിലും ഇന്ത്യയില്‍ രോഗനിര്‍ണയം നടന്നിട്ടില്ല. അതായത് ഏകദേശം 43.9 ദശലക്ഷം പേര്‍ക്ക് സ്വന്തം അവസ്ഥയെപ്പറ്റി ബോധ്യമില്ലെന്ന് അര്‍ഥം.
പ്രതിരോധം
- മധുരപലഹാരങ്ങള്‍ ഒഴിവാക്കുക.
- മാംസ്യവും നാരുകളും കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുക.
- അന്നജം കുറഞ്ഞ ഭക്ഷണം ശീലമാക്കുക.
- ആഴ്ചയില്‍ 150 മിനിറ്റെങ്കിലും വ്യായാമത്തിനായി മാറ്റിവെക്കുക. വേഗമേറിയ നടത്തം, നീന്തല്‍, സൈക്ലിങ് എന്നിവ ശീലമാക്കാം.
- ധാരാളം വെള്ളംകുടിക്കുക.
- ദിവസവും ഏഴ്-എട്ട് മണിക്കൂറില്‍ കുറയാതെ ഉറങ്ങുക.
ലക്ഷണങ്ങള്‍
- അമിതമായ വിശപ്പും ദാഹവും
- ശരീരഭാരം കുറയുക
- കാഴ്ചമങ്ങല്‍
- ഇടയ്ക്കിടെയുള്ള മൂത്രശങ്ക
- അമിതക്ഷീണം
- തുടര്‍ച്ചയായുള്ള അണുബാധ
- പുരുഷന്മാരില്‍ പേശികള്‍ക്ക് ബലക്ഷയം
- സ്ത്രീകളില്‍ മൂത്രനാളിയിലെ അണുബാധ
- ചര്‍മംവരളുക, ചൊറിച്ചില്‍ ഉണ്ടാകുക
Content Highlights: world diabetes day 2022, sugar patients from kerala bought medicines of 2000 crore, health
Published: 14 Nov 2022, 07:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented