തിരുവനന്തപുരം: പ്രമേഹം മുന്‍കൂട്ടി കണ്ടെത്തി നിയന്ത്രിക്കാന്‍ എല്ലാജില്ലകളിലും 360 ഡിഗ്രി മെറ്റബോളിക് സെന്ററുകള്‍ തുടങ്ങുന്നു. ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് നെഫ്രോപ്പതി, പെരിഫറല്‍ ന്യൂറോപ്പതി തുടങ്ങിയ രോഗങ്ങള്‍ നിയന്ത്രിക്കുകയാണ് ലക്ഷ്യം.

To advertise here,

എറണാകുളം ജനറല്‍ ആശുപത്രിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ സെന്റര്‍ വിജയിച്ചതിനെത്തുടര്‍ന്നാണ് സംസ്ഥാന വ്യാപകമാക്കുന്നത്.

പ്രമേഹം, രക്താദിമര്‍ദം എന്നിവയ്ക്കുപുറമേ വൃക്കകളുടെ കാര്യക്ഷമത, കണ്ണുകളിലും കാലുകളിലും ബാധിക്കുന്ന പ്രമേഹത്തിന്റെ പരിശോധന, പള്‍മണറി ഫങ്ഷന്‍ ടെസ്റ്റ്, ഡയറ്റ് കൗണ്‍സിലിങ് തുടങ്ങിയ എല്ലാ സേവനങ്ങളും ഒറ്റ കുടക്കീഴില്‍ ഈ സെന്ററുകളിലൂടെ ഒരുക്കും. ഇതിലൂടെ പ്രമേഹംമൂലമുള്ള ഗുരുതര രോഗങ്ങളെയും നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് മന്ത്രി വീണാജോര്‍ജ് വ്യക്തമാക്കി.

കേരളത്തില്‍ 24 ശതമാനംപേര്‍ക്ക് പ്രമേഹം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്സും ഐ.സി.എം.ആറും നടത്തിയ പഠനത്തില്‍ കേരളത്തില്‍ 24 ശതമാനത്തോളം പേര്‍ക്ക് പ്രമേഹമുണ്ടെന്നാണ് കണ്ടെത്തി. 18 ശതമാനംപേര്‍ക്ക് രോഗംവരാന്‍ സാധ്യതയുമുണ്ട്. 'പ്രമേഹം: ആരോഗ്യ വിദ്യാഭ്യാസം നാളെയുടെ രക്ഷയ്ക്കായി' എന്നതാണ് ഈവര്‍ഷത്തെ പ്രമേഹദിനസന്ദേശം.

ഒമ്പതുലക്ഷത്തോളം പേരില്‍ പ്രമേഹമുള്ളതായി ജീവിതശൈലീ രോഗനിയന്ത്രണ പദ്ധതിയിലൂടെ കണ്ടെത്തി. 'അല്പം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി 42 ലക്ഷത്തിലധികംപേരെ വീട്ടിലെത്തി ജീവിതശൈലീ രോഗനിര്‍ണയം നടത്തി.

അതില്‍ 8.6 ശതമാനംപേര്‍ക്ക് (3,62,375) പ്രമേഹസാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍.