ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം അനുസരിച്ച് 2030-നോടുകൂടി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. ഈ ലക്ഷ്യം 2025-ല്‍ കൈവരിക്കുന്നതിനായുള്ള യജ്ഞം കേരളം ആരംഭിച്ചു കഴിഞ്ഞു.

To advertise here,

സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികള്‍

1. പ്രതിമാസ ചികിത്സാ ധനസഹായ പദ്ധതി  എ.ആര്‍.ടി ചികിത്സ എടുക്കുന്ന എച്ച്.ഐ.വി അണുബാധിതര്‍ക്ക് പ്രതിമാസം 1000/ രൂപാ വീതം നല്‍കി വരുന്നു.
2. പോഷകാഹാര വിതരണ പദ്ധതി - തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ പഞ്ചായത്തുകളുടെ തനത് ഫണ്ട് ഉപയോഗിച്ച് ജില്ലാതല നെറ്റ് വര്‍ക്കുകള്‍ മുഖേന പോഷകാഹാര വിതരണം നടത്തുന്നു. 4500 കുടുംബങ്ങള്‍ ഗുണഭോക്താക്കളായിട്ടുണ്ട്.
3.  എച്ച്.ഐ.വി അണുബാധിത കുടുംബങ്ങള ബി.പി.എല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കൊണ്ടു ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതുണ്ട്.
4.  എച്ച്.ഐ.വി അണുബാധിതരായ കുട്ടികളെ സ്നേഹപൂര്‍വ്വം സ്‌ക്കോളര്‍ഷിപ്പ് വിദ്യാഭ്യാസ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നു.
5.  എച്ച്.ഐ.വി അണുബാധിതരെ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരോഗ്യ പരിരക്ഷ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നു.
6.  എച്ച്.ഐ.വി അണുബാധിതരായ സ്ത്രീകള്‍ക്ക് സൗജന്യ പാപ്സ്മിയര്‍ പരിശോധന
7.  ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൂമി ഉള്ള അണുബാധിതര്‍ക്ക് ഭവനം ലഭ്യമാക്കി വരുന്നു.

ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍

സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേരള സംസ്ഥാന ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയോടൊപ്പം പ്രവര്‍ത്തിക്കുന്നു. എച്ച്.ഐ.വി പോലെയുള്ള അണുബാധകള്‍ രക്തത്തിലൂടെ പകരുന്നതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഈ സാഹചര്യത്തില്‍ സുരക്ഷിത രക്തം ലഭ്യമാക്കുക എന്നത് പ്രാധാന്യമുള്ള കാര്യമാണ്.

സംസ്ഥാനത്ത് 190 അംഗീകൃത രക്തബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  ഇതില്‍ 42 എണ്ണം സര്‍ക്കാര്‍ മേഖലയിലും, ബാക്കിയുള്ളവ സഹകരണ മേഖലയിലും, സ്വകാര്യ മേഖലയിലുമായി പ്രവര്‍ത്തിക്കുന്നു. പ്രതിവര്‍ഷം ശരാശരി 6.5 ലക്ഷം യൂണിറ്റ് രക്തം നമ്മുടെ സംസ്ഥാനത്ത് ആവശ്യമായി വരുന്നു.  ഇത് 100% സന്നദ്ധരക്തദാനത്തിലൂടെ സാധ്യമാക്കുവാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.
                    
പുതിയ എച്ച്.ഐ.വി അണുബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നു എന്നത് നമ്മുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ്. എങ്കിലും നിലവില്‍ ഒരു മാസം ശരാശരി 100 പുതിയ എച്ച്.ഐ.വി ബാധിതര്‍ ഉണ്ടാകുന്നു എന്നുള്ളത് ആശങ്കയുളവാക്കുന്നു. അതിനാല്‍ സമഗ്രമായ പ്രവര്‍ത്തനങ്ങളിലൂടെ ആരോഗ്യ സംരക്ഷണ അവകാശം ഉറപ്പാക്കിക്കൊണ്ട് എച്ച്.ഐ.വി അണുബാധ കേരളത്തില്‍ നിന്നു തന്നെ തുടച്ചു നീക്കുന്നതിനും, അണുബാധിതരെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതിനും എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമിച്ചു നീങ്ങേണ്ടത് അത്യാവശ്യമാണ്.