
1988 മുതല്‍ ഡിസംബര്‍ 1 എയ്ഡ്‌സ് ദിനമായി ഐക്യരാഷ്ട്ര സംഘടന ആചരിച്ചുവരുന്നു. 'Equalize' അഥവാ തുല്യമാക്കുക എന്നതാണ് 2022ലെ പ്രമേയം. എയ്ഡ്‌സ് രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും കുട്ടികള്‍, സ്വവര്‍ഗരതിയില്‍ ഏര്‍പ്പെട്ട പുരുഷന്മാര്‍, ലഹരി മരുന്ന് കുത്തിവെച്ച് ഉപയോഗിക്കുന്നവര്‍, ലൈംഗിക തൊഴിലാളികള്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, ജയിലില്‍ കഴിയുന്നവര്‍ തുടങ്ങിയവരിലേക്ക് ചികിത്സ സേവനം എത്തിക്കേണ്ടതുമുണ്ട്.
എച്ച്‌ഐവിയെപ്പറ്റിയുള്ള അവബോധക്കുറവും രോഗബാധിതരോടുള്ള അവഗണനയും ചികിത്സാ രീതിയിലുള്ള അറിവില്ലായ്മയുമാണ് AIDS ഇത്രയും അധികം വര്‍ദ്ധിക്കാനുള്ള പ്രധാന കാരണം.
ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് (HIV) ആണ് എയ്ഡ്‌സ് എന്ന രോഗം പരത്തുന്നത്. എച്ച്‌ഐവിയും എയ്ഡ്‌സും യഥാര്‍ഥത്തില്‍ ഒന്നല്ല. എച്ച്‌ഐവി എന്ന വൈറസ് ബാധയെ തുടര്‍ന്നുള്ള ഒരു സങ്കീര്‍ണ്ണ രോഗാവസ്ഥയാണ് AIDS. എച്ച്‌ഐവി ബാധിക്കുന്നതിന്റെ ഫലമായി മനുഷ്യന് രോഗപ്രതിരോധശേഷി നഷ്ടപ്പെടുകയും മറ്റു മാരക രോഗങ്ങള്‍ പിടിപെടുകയും ചെയ്യുന്നു. ആരംഭ ഘട്ടത്തില്‍ ലക്ഷണങ്ങള്‍ പൊതുവേ കാണിക്കാറില്ല. ലക്ഷണങ്ങള്‍ കണ്ടു തുടങ്ങാന്‍ രണ്ടുവര്‍ഷം മുതല്‍ 15 വര്‍ഷം വരെ എടുക്കാം. പനി, തൊണ്ടവേദന, തൊലിപ്പുറത്തുള്ള പാടുകള്‍ ഓക്കാനം , തലവേദന , പൂപ്പല്‍ബാധ, മോണരോഗം, കപ്പോസിറ്റ് സാര്‍ക്കോമ്മ( ഒരുതരം അര്‍ബുദം), നിരന്തരമായുള്ള വായിലെ പുണ്ണ്, ഹെര്‍പ്പിസ് ബാധ തുടങ്ങിയവയൊക്കെയാണ് എയ്ഡ്‌സിന്റെ പ്രധാന ലക്ഷണങ്ങള്‍. ക്രമേണ രോഗപ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നത് വഴി ശരീരഭാരം കുറയുക, വയറിളക്കം, ദീര്‍ഘകാലത്തെ പനി, കയല വീക്കം എന്നിവയ്‌ക്കൊക്കെ കാരണമാകാം.
പ്രധാനമായും എച്ച്‌ഐവി പകരുന്നത് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വഴി, രോഗബാധിതരില്‍ നിന്നും രക്തം അല്ലെങ്കില്‍ അവയവം എന്നിവ സ്വീകരിക്കുന്നത് വഴി, അണു വിമുക്തമല്ലാത്ത സിറിഞ്ചുകളുടെ ഉപയോഗം, അമ്മയില്‍ നിന്ന് കുട്ടികളിലേക്ക് ശരീര സ്രവം വഴി എന്നിവയിലൂടെയാണ്.
പ്രധാനമായും എച്ച്‌ഐവി കണ്ടെത്താന്‍ വിവിധ ടെസ്റ്റുകള്‍ നിലവില്‍ ഉണ്ട്. വൈറല്‍ കള്‍ച്ചര്‍, പി സി ആര്‍, P 24 ആന്റിജന്‍ ഡിറ്റക്ഷന്‍, എലിസ, ഇന്‍ഡയറക്ട് ഇമ്മ്യൂണോ ഫ്‌ലൂറസന്റ് ടെസ്റ്റ് തുടങ്ങിയവയാണ് പ്രധാനപ്പെട്ടവ. എച്ച്‌ഐവി പരിശോധനയ്ക്കായി ICTC ജ്യോതിസ് കേന്ദ്രങ്ങള്‍ കേരളത്തില്‍ ഉടനീളം ഇന്ന് പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇവരുടെ വിവരങ്ങള്‍ വളരെ രഹസ്യമായിട്ടാണ് സൂക്ഷിക്കപ്പെടുന്നത്.
എയ്ഡ്സ് പൂര്‍ണമായും സുഖപ്പെടുത്താന്‍ കഴിയില്ലെങ്കിലും ആന്റി റെട്രോ വൈറല്‍ തെറാപ്പി(ART) ചികിത്സയിലൂടെ വൈറസ് ലോഡ് കുറയ്ക്കാനും രോഗികള്‍ക്ക് ആരോഗ്യപരമായ ജീവിതം നയിക്കാനും സാധിക്കുന്നതാണ്. കേരള സംസ്ഥാന എയ്ഡ് കണ്‍ട്രോള്‍ സേഫ്റ്റിയുടെ 'ഉഷസ്' എന്ന പദ്ധതി വഴിയാണ് ചികിത്സ സൗജന്യമായി നല്‍കുന്നത്.
രോഗപ്രതിരോധ രംഗത്ത് രോഗബാധിതര്‍ക്കും രോഗബാധയില്ലാത്ത പൊതുജനങ്ങള്‍ക്കും തുല്യ പങ്കാണുള്ളത്. സാധാരണ സമ്പര്‍ക്കത്തിലൂടെയോ ഹസ്തദാനത്തിലൂടെയോ ഒരേ മുറിയില്‍ താമസിച്ചാലോ പാത്രങ്ങള്‍ ഭക്ഷണം വസ്ത്രം എന്നിവ പങ്കുവെച്ചാലോ ഒന്നും എച്ച്‌ഐവി പകരില്ല എന്ന വസ്തുത മനസ്സിലാക്കേണ്ടതുണ്ട്. എച്ച്‌ഐവി ബാധിതരെ ഒറ്റപ്പെടുത്താതെ നമുക്ക് ചേര്‍ത്തു നിര്‍ത്താം. 2030 ഓടെ പുതിയ എച്ച്‌ഐവി കേസുകള്‍ ഇല്ലാതാക്കുകയെന്നതാണ് ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യം.
വായില്‍ പ്രകടമായി വരുന്ന ലക്ഷങ്ങളുടെ വര്‍ഗ്ഗീകരണം(EC Claringhouse classification of oral manifestations of HIV)
ഗ്രൂപ്പ് 1- എച്ച്‌ഐവി അണുബാധയുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നവ(STRONGLY ASSOCIATED WITH HIV INFECTION)
- പൂപ്പല്‍ ബാധ- ചുമന്ന നിറത്തിലുള്ളവ, ചുരണ്ടി കളയാന്‍ പറ്റുന്നവ, ചുണ്ടിന്റെ കോണുകളില്‍ പൊട്ടുന്ന പൂപ്പല്‍ ബാധ
- ഹെയറി ലൂക്കോപ്ലാക്കിയ
- അര്‍ബുദങ്ങള്‍- കപ്പോസിസ് സാര്‍ക്കോമ്മ
- നോണ്‍ ഹോട്ട്കിംഗ്‌സ് ലിംഫോമ(Non Hodgkins lymphoma)
- മോണരോഗങ്ങള്‍(Periodontal diseases)
ഗ്രൂപ്പ് 2-എച്ച്‌ഐവി അണുബാധയുമായി അധികം ശക്തമല്ലാതെ ബന്ധപ്പെട്ടിരിക്കുന്നത്( Less commonly associated with HIV infection)
- ബാക്ടീരിയ അണുബാധ -Mycobacterium avium, Mycobacterium tuberculosis
- ചര്‍മ്മത്തിന്റെ നിറ വ്യത്യാസം (melanotic hyperpigmentation)
- വായില്‍ കാണുന്ന പുണ്ണ്(Necrotizing Ulcerative Stomatitis)
- ഉമിനീര്‍ ഗ്രന്ഥികളായി സംബന്ധിച്ച അസുഖങ്ങള്‍-വായ വരണ്ടുണങ്ങുന്നത്, ഉമിനീര്‍ ഗ്രന്ഥികള്‍ വീങ്ങുന്നത്
- രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറഞ്ഞ രക്തം പൊടിയല്‍ (thrombocytopenic purpura)
- വൈറല്‍ അണുബാധ -ഹെര്‍പ്പിസ് സിംപ്ലക്‌സ് (Herpes Simplex), ഹ്യൂമന്‍ പാപ്പിലോമ വൈറസ്(Human Pappilomma virus), വാരിസെല്ലാ സോസ്റ്റര്‍(Varicella Zoster)
ഗ്രൂപ്പ് 3-എച്ച്‌ഐവി അണുബാധയുമായി അപൂര്‍വ്വം കണ്ടുവരുന്നവ(Seen in HIV infection)
- ബാക്ടീരിയല്‍ അണുബാധ -Actinomycosis Israli, E coli,Kebsiella pnumonia, Klebisella pneumonia, പൂച്ച പോറല്‍ രോഗം (cat scratch disease )
- മരുന്നിന്റെ വിപരീതഫലമായി വരുന്നവ(Drug reactions)-എറിത്തിമ മള്‍ട്ടിഫോര്‍മേ(Erythema Multiforme), ലൈകനോയിഡ് റിയാക്ഷന്‍(Lichenoid reaction)
- വിരളമായി കാണപ്പെടുന്ന പൂപ്പല്‍ ബാധകള്‍ -ക്രൈപ്‌ടോകോക്കസ് നെയൊഫോര്മസ്‌നസ്(cryptococas neoformans),Histoplasma capsulatum,Mucormycosis,Zygomycosis,Aspergillus flavus
- നാഡി വ്യൂഹ വ്യവസ്ഥയുമായി ബന്ധപ്പെട്ട അസുഖങ്ങള്‍-ബെല്‍സ് പാല്‍സി(Bells Palsy),ട്രൈജെമിനല്‍ നൂറാള്‍ജിയ(Trigeminal Neuralgia)
- കൂടെ കൂടെ വരുന്ന വായ്പുണ്ണ്(Recurrent Aphthous Stomatitis)
- വൈറല്‍ അണുബാധ-സൈറ്റോമേഗ്ഗലോ വൈറസ്(cytomegalovirus), മൊല്ലസ്‌കം കണ്ടീജിയം(Mollusum Contagium)
(ഐഡിഎ തെല്ലിച്ചേരി ബ്രാഞ്ചില്‍ ഓറല്‍ ഫിസിഷ്യനും മാക്‌സിലോഫേഷ്യല്‍ റേഡിയോളജിസ്റ്റുമാണ് ലേഖിക.)
Content Highlights: society's attitude towards aids patients and awareness about it's symptoms and treatment
Published: 01 Dec 2023, 09:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented