ഭക്തിയും പ്രണയവും. അപൂർവ്വസുന്ദരമായ മിശ്രിതമാണത്; കൃഷ്ണഗീതികളിലാകുമ്പോൾ പ്രത്യേകിച്ചും. 

To advertise here,

മലയാളത്തിൽ ഈ ഭാവസംയോജനത്തിൽനിന്ന് ഏറ്റവും മനോഹരമായ ഗാനങ്ങൾ മിനഞ്ഞെടുത്തിട്ടുള്ളത് ബാബുരാജ് ആവണം. ഹിന്ദു ഭക്തിഗാനങ്ങളുടെ പതിവ് ചിട്ടവട്ടങ്ങളിൽ നിന്ന് വഴിമാറി നടക്കുന്നു ബാബുരാജിന്റെ ഈണങ്ങൾ. പാടിപ്പതിഞ്ഞ കർണ്ണാടക സംഗീത കൃതികളുടെയോ സന്ധ്യാകീർത്തനങ്ങളുടെയോ രാഗപഥങ്ങൾ പിന്തുടരുന്നില്ല അവ. രാധാമാധവ സങ്കൽപ്പത്തിന്റെ സാന്നിധ്യം കൊണ്ടാവാം  നേർത്ത പ്രണയഭാവം കൂടി കലരുന്നുണ്ടാ പാട്ടുകൾ പലതിലും. ഭക്തിഗാനങ്ങളെന്ന പോലെ ലളിതസുന്ദരമായ ഭാവഗീതികൾ കൂടിയായി മാറുന്ന ഗാനങ്ങൾ.
 
"പ്രിയ"യിലെ "കണ്ണിനു കണ്ണായ കണ്ണാ എന്നും ഗുരുവായൂർ വാഴും താമരക്കണ്ണാ..." ഉദാഹരണം. "മുരളികയാലൊരു തേന്മഴ ചൊരിയൂ മുരഹര നീയെൻ ഹൃദയത്തിൽ, പകരം ഞാനെൻ ജീവിതമാലിക ചാർത്താം നിൻ തിരുമാറിടത്തിൽ..''. ഇനിയും കേട്ടു മതിവരാത്ത വരികളും ഈണവും.  യൂസഫലിയുടെ വരികളിൽ പ്രണയം നിറയ്ക്കുകയാണ് ബാബുരാജ്. ലതാരാജുവിന്റെ ശബ്ദത്തിലെ ശൈശവ നിഷ്കളങ്കത പോലും ഈ പ്രണയഭാവത്തോട് ചേർന്നുനിൽക്കുന്നു. സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട കൃഷ്ണഗീതികളിലൊന്ന്.

വേറെയുമുണ്ട് അത്തരം പാട്ടുകൾ. "ഖദീജ"യിൽ യൂസഫലിയും ബാബുരാജും ചേർന്നൊരുക്കിയ കൃഷ്ണഭജൻ മറക്കാനാവില്ല. "അനന്തശയനാ അരവിന്ദനയനാ അഭയം നീയേ ജനാർദ്ദനാ''എന്ന് ആത്മാവിന്റെ ആഴങ്ങളിൽ നിന്ന് ബാബുരാജ്  മനംനൊന്ത് വിളിക്കുമ്പോൾ തിരിഞ്ഞുനോക്കി പുഞ്ചിരി തൂകാതിരിക്കാനാകുമോ അരവിന്ദനയനന് ? ദൈവികമായ ആ മന്ദഹാസമുണ്ട് എസ്. ജാനകിയും ബി. വസന്തയും ചേർന്ന് പാടിയ ഈ  ഗാനത്തിൽ.  

പ്രവചനാതീതമാണ് പാട്ടിന്റെ ഒഴുക്ക്. ചരണം കേട്ടുനോക്കുക: "കദനമാകും കാളിയനല്ലോ കരളിൻ യമുനയിൽ വാഴുന്നൂ, നന്ദകുമാരാ കാളിയമർദ്ദന നർത്തനമാടൂ നീ കരളിൽ, നർത്തനമാടൂ...'' അവസാന ഘട്ടമെത്തുമ്പോൾ അതാ വീണ്ടും ഈണത്തിന്റെ  സഞ്ചാരപഥത്തിൽ മാറ്റം: "മാനസമാകും തേരിത് ചിലനാൾ  മാർഗ്ഗം കാണാതുഴറുമ്പോൾ, പാവനമാകും നേർവഴി കാട്ടുക പാർത്ഥസാരഥേ നീ...'' ബാബുരാജിന്റെ കയ്യൊപ്പുള്ള മെലഡി.

"അനന്തശയനാ അരവിന്ദനയനാ'' കൂടുതൽ പ്രശസ്തമായത് ബാബുരാജിന്റെ സ്വന്തം ശബ്ദത്തിലുള്ള  "മെഹ്ഫിൽ'' വേർഷൻ പുറത്തിറങ്ങിയതോടെ ആവണം. ഭജൻ ശൈലിയിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളതെങ്കിലും ബാബുരാജ് സ്പർശം അനുപദം തുടിച്ചുനിൽക്കുന്നു ഈ പാട്ടിന്റെ ഈണത്തിൽ. 

മലയാളസിനിമയിലെ ഏറ്റവും പ്രിയപ്പെട്ട കൃഷ്ണഗീതികൾ പലതും സൃഷ്ടിച്ചത് യൂസഫലി കേച്ചേരി -- ബാബുരാജ് സഖ്യമാണ്. "അമ്മു''വിലെ മായക്കാരാ മണിവർണ്ണാ (ഗായിക: പി ലീല) തൊട്ടിങ്ങോട്ട് എത്രയെത്ര മനോഹര ഗാനങ്ങൾ. ഭക്തിയും പ്രണയവും വാത്സല്യവും ഒഴുകിനിറയുന്ന പാട്ടുകൾ. ഉദ്യോഗസ്ഥയിലെ ശരണം നിൻ ചരണം ഓർമ്മയില്ലേ?. ഒരു ഗോപികയെപ്പോലെ സ്വയം മറന്നൊഴുകയാണ് ബാബുരാജിന്റെ പ്രിയഗായിക ജാനകി ആ പാട്ടിന്റെ വരികളിലൂടെ: "ഇന്ദിര തന്നുടെ സുന്ദരഹൃദയം മന്ദിരമാക്കിയ മരതകവർണ്ണാ, ആധിയിലെൻ മനം ഉരുകും നേരം ആശ്രയമടിയന്  നീയേ കണ്ണാ.."

"ഇരുട്ടിന്റെ ആത്മാവി''നുവേണ്ടി  ഭാസ്കരൻ മാസ്റ്റർ എഴുതിയ "വാകച്ചാർത്ത് കഴിഞ്ഞൊരു ദേവന്റെ മോഹന മലർമേനി കണികാണണം'' ആണ്  മറ്റൊരു ഭക്തിസാന്ദ്രമായ ബാബുരാജനുഭവം. ശുദ്ധസാവേരിയുടെ സ്പർശം നൽകി പ്രഭാതവിശുദ്ധിയുടെ അന്തരീക്ഷം കൊണ്ടുവരുന്നു  ബാബുരാജ് ആ പാട്ടിൽ. ദേവരാജൻ മാസ്റ്ററുടെ ചെത്തി മന്ദാരം തുളസി, രാഘവൻ മാസ്റ്ററുടെ ഉണരുണരൂ ഉണ്ണിക്കണ്ണാ,  ചിദംബരനാഥിന്റെ കേശാദിപാദം തൊഴുന്നേൻ എന്നീ ക്ലാസ്സിക് സൃഷ്ടികളുടെ കൂട്ടത്തിലാണ് ജാനകി ഹൃദയമുരുകി പാടിയ ഈ പാട്ടിന്റെയും സ്ഥാനം.

വയലാറും ബാബുരാജും ചേർന്നൊരുക്കിയ കൃഷ്ണഗീതികളിൽ കണ്ണനാമുണ്ണി ഉറങ്ങൂ (ചേട്ടത്തി -- ജാനകി ), കാളിന്ദി തടത്തിലെ രാധ (ഭദ്രദീപം -- ജാനകി ), അമ്പാടിതന്നിൽ ഒരുണ്ണിയുണ്ടങ്ങനെ (കടത്തുകാരൻ -- ലത) എന്നിവ മറക്കാനാവില്ല. നേർത്ത വിഷാദഛായയുള്ള ഈണവും ആലാപനവുമാണ് ഭദ്രദീപത്തിലെ പാട്ടിനെ  വേറിട്ടുനിർത്തുന്നത്. ഇരുചരണങ്ങളുടേയും ഒടുവിലെ ധീരസമീരേ യമുനാതീരേ വസതിവനേ വനമാലീ, രതിസുഖസാരേ ഗതമഭിസാരേ മദനമനോഹര വേഷം എന്നീ വരികളിൽ ഒരു നിശ്ശബ്ദ ഗദ്ഗദം കൂടി ഒതുക്കിവെക്കുന്നു  ജാനകി. 

സംഭവാമി യുഗേ യുഗേയിലെ "ഭഗവാൻ ഭഗവദ് ഗീതയിൽ പാടി'' (രചന: ശ്രീകുമാരൻ തമ്പി) എന്ന ഗാനത്തിലുമുണ്ട് കൃഷ്ണസാന്നിധ്യം. ആശയം തത്വചിന്താപരമാണെന്ന് മാത്രം. "സരസ്വതി''യിൽ തിക്കുറിശ്ശി രചിച്ച "മരതകമണിവർണ്ണാ മനം പോലെ തരാം വെണ്ണ'' (എസ് ജാനകി) എന്ന ഗാനത്തെ പ്രണയാർദ്രമായ ഒരു ഗസൽ പോലെ ഹൃദ്യമാക്കുന്നത് ബാബുരാജിന്റെ സംഗീതസ്പർശം തന്നെ.
 
 രൂപഭാവങ്ങളിൽ ഇവയിൽ നിന്നൊക്കെ  വ്യത്യസ്തത പുലർത്തിയ സൃഷ്ടിയായിരുന്നു ഭ്രഷ്ട് എന്ന ചിത്രത്തിൽ ജാനകി ഹൃദയം നൽകി പാടിയ "നീയെവിടെ കണ്ണാ കാർമുകിൽ വർണ്ണാ'' (രചന: നാട്ടിക ശിവറാം). ഈണത്തിലും ഓർക്കസ്ട്രേഷനിലും ഇന്നും പുതുമ അനുഭവപ്പെടുത്തുന്ന,  അധികം ശ്രദ്ധിക്കപ്പെടാതെ പോയ പാട്ട്.

ബാബുരാജിന്റെ ഹംസഗീതമായ "യാഗാശ്വ''ത്തിലും (1978) കേട്ടു ലളിതമധുരമായ ഒരു കൃഷ്ണഭക്തിഗാനം: മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതി വാണിജയറാം പാടിയ "കൃഷ്ണപ്രിയദളം കബരിയിൽ തിരുകി. '' വാണിയമ്മയുടെ എക്കാലത്തെയും മികച്ച മലയാളഗാനങ്ങളിൽ ഒന്ന്. തളർച്ച ബാധിച്ച കൈവിരലുകളാൽ ഹാർമോണിയത്തിന്റെ കട്ടകളിൽ ഇന്ദ്രജാലം കാണിക്കാൻ ശ്രമിച്ചു പരാജയപ്പെടുന്ന ബാബുരാജിന്റെ നൊമ്പരചിത്രമാണ് ഈ പാട്ടിനെക്കുറിച്ചോർക്കുമ്പോൾ തന്റെ മനസ്സിൽ വന്നുനിറയുക എന്ന് പറഞ്ഞിട്ടുണ്ട് മങ്കൊമ്പ്. ആ വേദനയിൽ നിന്നുപോലും പിറന്നത് അതിമനോഹരമായ ഒരു കൃഷ്‌ണഗീതി.

"ചന്ദന ചർച്ചിത നീല കളേബരത്തിൽ
ചാരു പീതാംബരം ചാർത്തി
കളകാഞ്ചികളാൽ കാൽച്ചിലമ്പൊലിയാൽ
കാളിന്ദീ തടമാക്കൂ മനസ്സൊരു ഗന്ധർവ്വ വീണയാക്കൂ
കൃഷ്ണ പ്രിയദളം കബരിയിൽ തിരുകീ
കീർത്തനാലാപനത്തിൽ മുഴുകി...."