മുങ്ങല്‍ വിദഗ്ധനും ചക്കരക്കുടത്തെ അധികാരദല്ലാളുമായ കെ.പി.സുരേഷിനെ പരിചയപ്പെടുത്തി 'വെള്ളരിപട്ടണ'ത്തിന്റെ രണ്ടാമത്തെ ക്യാരക്ടര്‍ റീല്‍ പുറത്തിറങ്ങി. സൗബിന്‍ ഷാഹിറാണ് സുരേഷിനെ അവതരിപ്പിക്കുന്നത്. മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്ന കെ.പി.സുനന്ദയുടെ ക്യാരക്ടര്‍ റീല്‍ കഴിഞ്ഞ ദിവസം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു.

To advertise here,

 ചക്കരക്കുടത്തിന്റെ സ്വന്തം 'ലീഡര്‍ കെ.പി.'യായ സുരേഷിന്റെ സ്വഭാവസവിശേഷതകളും പശ്ചാത്തലവും വ്യക്തമാക്കുന്നതാണ് നര്‍മനിമിഷങ്ങള്‍ നിറയുന്ന ക്യാരക്ടര്‍ റീല്‍. കഥാപാത്രത്തെ ഇത്തരത്തില്‍ അവതരിപ്പിക്കുന്ന പുതുമ കൂടി സമ്മാനിക്കുകയാണ് 'വെള്ളരിപട്ടണം.' മോഷന്‍ പോസ്റ്ററും ക്യാരക്ടര്‍ പോസ്റ്ററുമൊക്കെ പരിചിതമാണെങ്കിലും വീഡിയോയും ചിത്രങ്ങളും കോര്‍ത്തിണക്കി വിവരണസഹിതം ക്യാരക്ടര്‍ റീലിലൂടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇതാദ്യമായാണ്.

ആക്ഷന്‍ ഹീറോ ബിജു,അലമാര,മോഹന്‍ലാല്‍,കുങ്ഫുമാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്ക് സിനിമകള്‍ക്ക് ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന 'വെള്ളരിപട്ടണ'ത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാറാണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. മഞ്ജുവാര്യര്‍ക്കും സൗബിന്‍ ഷാഹിറിനും പുറമേ സലിംകുമാര്‍,സുരേഷ്‌കൃഷ്ണ,കൃഷ്ണശങ്കര്‍,ശബരീഷ് വര്‍മ,അഭിരാമി ഭാര്‍ഗവന്‍,കോട്ടയം രമേശ്,മാലപാര്‍വതി,വീണനായര്‍,പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് 'വെള്ളരിപട്ടണ'ത്തിലെ പ്രധാന അഭിനേതാക്കള്‍. അലക്സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പു എന്‍.ഭട്ടതിരി. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ശ്രീജിത് ബി.നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പി.ആര്‍.ഒ. എ.എസ്.ദിനേശ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: വൈശാഖ് സി.വടക്കേവീട്.