സിനിമ കാണാതെ കുറ്റം പറയുന്നവരുടെ അഭിപ്രായങ്ങളെ തള്ളിക്കളയുക- സുരേഷ് കൃഷ്ണ


By അനുശ്രീ മാധവന്‍

2 min read
Read later
Print
Share

വെള്ളരിപ്പട്ടണത്തിൽ മഞ്ജുവും സൗബിനും, സുരേഷ് കൃഷ്ണ

മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെള്ളരിപ്പട്ടണം തിയേറ്ററുകളിലെത്തുകയാണ്. ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫുമാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്ക് സിനിമകള്‍ക്ക് ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന 'വെള്ളരിപട്ടണ'ത്തില്‍ മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പ്രധാനവേഷത്തിലെത്തുന്നു. സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, സബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാലപാര്‍വതി, വീണനായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് 'വെള്ളരിപട്ടണ'ത്തിലെ മറ്റ് അഭിനേതാക്കള്‍.

ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റേതെന്ന് നടന്‍ സുരേഷ് കൃഷ്ണ പറയുന്നു. ഒട്ടേറെ മികച്ച അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഒന്നിക്കുന്ന ഈ സിനിമ പ്രേക്ഷകര്‍ക്ക് വ്യത്യസ്ത അനുഭവമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. സിനിമ കാണാതെ അഭിപ്രായം പറയുന്നവരുടെ വാക്കുകള്‍ തള്ളിക്കളയണമെന്നും അവരെ തിരിച്ചറിയണമെന്നും അദ്ദേഹം പ്രേക്ഷകരോട് അഭ്യര്‍ഥിച്ചു.

സുരേഷ് കൃഷ്ണയുടെ വാക്കുകള്‍

സംവിധായകന്‍ മഹേഷ് വെട്ടിയാര്‍ വഴി തന്നെയാണ് വെള്ളരിപ്പട്ടണത്തിലേക്ക് എത്തിയത്. ഞാനും ബിജു മേനോനും ചേര്‍ന്ന് നിര്‍മിക്കുന്ന ഒരു സിനിമയുടെ ആവശ്യത്തിനാണ് ഞങ്ങള്‍ മഹേഷിന് കാണുന്നത്. പക്ഷേ പ്രൊജക്ടിന് ഒരു താമസം വന്നു. അതിനിടയിലാണ് മഹേഷിന് മഞ്ജു വാര്യരുടെ ഡേറ്റ് കിട്ടുന്നത്. മഹേഷ് അതെക്കുറിച്ച് ഞങ്ങളോട് പറഞ്ഞപ്പോള്‍ ആ പ്രൊജ്കടുമായി മുന്നോട്ട് പോകൂ എന്ന് പറഞ്ഞു. അതിനിടയിലാണ് ഈ സിനിമയില്‍ ഒരു കഥാപാത്രമുണ്ടെന്നും അത് ചെയ്തു തരണമെന്നും മഹേഷ് പറഞ്ഞത്.

എനിക്ക് മഞ്ജുവുമായി നല്ല സൗഹൃദമുണ്ടെങ്കിലും ഞങ്ങള്‍ ഒരുമിച്ച് ഒരു സിനിമയില്‍ ത്രൂ ഔട്ട് അഭിനയിച്ചിട്ടില്ല. എനിക്ക് കരുതിയിരുന്ന കഥാപാത്രം രസകരമായി തോന്നി. പിന്നെ സൗബിന്‍ അടക്കമുള്ള അഭിനേതാക്കളും മഹേഷ് വെട്ടിയാര്‍ അടങ്ങുന്ന ടീമുമെല്ലാം മികച്ചതായിരുന്നു. മഹേഷ് വെട്ടിയാര്‍ സിനിമാ സംവിധാനത്തില്‍ പുതിയ ഒരാളായിരിക്കാം, പക്ഷേ രാജ്യത്തെ പരസ്യമേഖയില്‍ അറിയപ്പെടുന്ന വ്യക്തിയാണ്.

അടിസ്ഥാനപരമായി ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ്. ചക്കരക്കുടം എന്നാണ് ഗ്രാമത്തിന്റെ പേര്. അവിടെ ജീവിക്കുന്ന സാധാരണ നാട്ടുകാരെ ചുറ്റിപ്പറ്റി സഞ്ചരിക്കുന്ന കഥയാണിത്. അതിനെ ഹാസ്യാത്മകമായി സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നു. ഒരു ഫണ്‍ ഫാമിലി എന്റര്‍ടൈന്‍മെന്റാണ്. അതില്‍ രാഷ്ട്രീയം കൂടി പറഞ്ഞുപോകുന്നു. പ്രേക്ഷകര്‍ക്ക് അവരുമായി കണക്ട് ചെയ്യാന്‍ സാധിക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍ ഈ സിനിമയിലുണ്ട്. ഇവയെല്ലാം ചേരുമ്പോള്‍ വെള്ളരിപ്പട്ടണം വ്യത്യസ്തമായ അനുഭവമായിരിക്കുമെന്ന് വിശ്വസിക്കുന്നു. അതോടൊപ്പം മറ്റൊരു കാര്യം കൂടി ചേര്‍ത്ത് പറയട്ടേ. മഹേഷ് ഈ സിനിമയില്‍ ഒരുപാട് നല്ല ആര്‍ട്ടിസ്റ്റുകളെ കൊണ്ടുവന്നിട്ടുണ്ട്. അവരില്‍ പലരും പിന്നീട് രോമാഞ്ചം പോലുള്ള സിനിമകളില്‍ അഭിനയിച്ചത് കണ്ടപ്പോള്‍ അതിയായ സന്തോഷം തോന്നി.

കോടികള്‍ നിക്ഷേപിച്ച് ഒരുപാട് ആളുകളുടെ അധ്വാനത്തിന്റെ ഫലമാണ് ഒരു സിനിമ. അതുപോലെ തന്നെ അധ്വാനിച്ച പണം കൊണ്ടാണ് നിങ്ങള്‍ ഓരോ പ്രേക്ഷകരും ടിക്കറ്റെടുക്കുന്നത്. സിനിമയെ സ്‌നേഹിക്കുന്നവരോട് പറയാനുള്ളത്, സിനിമ കാണാതെ തന്നെ മോശമായ അഭിപ്രായങ്ങള്‍ പറയുന്നവരുടെ വാക്കുകളെ തള്ളിക്കളയുക. കാരണം സമൂഹമാധ്യമങ്ങളിലും മറ്റും നമ്മുടെ അധ്വാനത്തെ തെറ്റായി ചിത്രീകരിക്കുന്ന ഒരുപാടാളുകളുണ്ട്. സത്യസന്ധമായി നിരൂപണം ചെയ്യുകയും അഭിപ്രായം തുറന്ന് പറയുന്നവരെയും കുറിച്ചല്ല ഞാന്‍ ഈ പറയുന്നത്, സിനിമ കണ്ടതിന് ശേഷം മോശമായി തോന്നിയെങ്കില്‍ അത് തുറന്ന് പറഞ്ഞോളൂ. എല്ലാവര്‍ക്കും അവരവരുടെ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. ഒരു സിനിമയെ മുന്‍വിധിയോടെ സമീപിച്ച് തിയേറ്ററില്‍ പോകാതെ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ സ്വന്തമെന്ന വ്യാജേന പറയുന്നവരുണ്ട്. അവരെ തിരിച്ചറിയുക.

ഈ കാര്യങ്ങള്‍ പറയുമ്പോള്‍ തന്നെ, പ്രേക്ഷകരില്‍ എനിക്ക് എല്ലായ്പ്പോഴും കടുത്ത വിശ്വാസമുണ്ട്. സിനിമ നല്ലതാണെങ്കില്‍ അവര്‍ പിന്തുണയ്ക്കുമെന്നും മോശമാണെങ്കില്‍ തള്ളിക്കളയുമെന്നും. രോമാഞ്ചം പോലുള്ള ചെറിയ സിനിമകളുടെ സമീപകാലത്തെ വിജയമെല്ലാം അതിന് ഉദാഹരണമാണ്- സുരേഷ് കൃഷ്ണ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു

മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് വെള്ളരിപ്പട്ടണത്തിന്റെ രചന. അലക്‌സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പു എന്‍.ഭട്ടതിരി. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ശ്രീജിത് ബി.നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പി.ആര്‍.ഒ. എ.എസ്.ദിനേശ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: വൈശാഖ് സി.വടക്കേവീട്.

Content Highlights: suresh krishna about film reviews vellari Pattanam, manju soubin Mahesh Vettiyar,vellaripattanam

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented