പറഞ്ഞാൽ തീരാത്ത, പറയാതെ ഒളിപ്പിച്ച എന്തോ. അതാണ് പ്രണയം. പ്രണയദിനത്തിൽ പ്രിയകഥാകാരി കെ.രേഖ എഴുതിയ പ്രണയലേഖനം...

To advertise here,

ഓർമകളുടെ തടവുകാരന്...

ഒരുപക്ഷേ, ഞാൻ നിങ്ങൾക്കയച്ചിട്ടുള്ള അഞ്ഞൂറോളം കത്തുകളിൽ ഒടുവിലത്തേതാകാം, ഇത്. ഇനിയൊരിക്കലും എന്റെ കത്ത് നിങ്ങളെ തേടിവരില്ല.

ആദ്യത്തെ കത്തയക്കുമ്പോൾ ഞാനൊരു പ്രീഡിഗ്രിക്കാരിയാണ്. കൗമാരത്തിന്റെ സാഹസികതയും കുസൃതിയും കുറുമ്പും രസികത്തവും ഒക്കെ ചേർന്ന ഒരു ‘കുഴപ്പക്കാരി’.

എത്തിപ്പെട്ടതോ പെൺകുട്ടികൾ മാത്രമുള്ള ഒരു കോളേജിൽ. ജൂതശ്മശാനവും കരിമ്പിൻതോട്ടവും പാടവും അതിരിട്ട ആ കോളേജിന്റെയും ഹോസ്റ്റലിന്റെയും പള്ളിവരാന്തയുടെയും പാരിജാതത്തിന്റെയും പാറക്കെട്ടിന്റെയും തണുപ്പിലിരുന്ന് ഞാൻ നിങ്ങൾക്കായി എഴുതിക്കൊണ്ടേയിരുന്നു.

പാലക്കാട്ടുനിന്നെത്തിയ എന്റെ കൂട്ടുകാരി നെന്മാറ വേലയ്ക്കോ, മച്ചാട് മാമാങ്കത്തിനോ ഏതോ ഒരു ഉത്സവത്തിനിടെയാണ് നിങ്ങളവളെ കാണുന്നത്.

ഒറ്റനോട്ടംകൊണ്ട് നിങ്ങൾ രണ്ടിന്റെയും ഹൃദയങ്ങൾ കൊരുത്തു.

അവൾക്ക്‌, കവിതയുടെ കൂട്ടുപിടിച്ച് നിങ്ങൾക്കു കത്തെഴുതണം. സ്വന്തം മലയാളത്തെ അവൾക്ക് അത്ര വിശ്വാസംപോരാത്തതുകൊണ്ടാണ് എന്റെ സഹായം തേടിയത്.

അമ്മയുടെ അക്ഷരശ്ലോകക്കളരിയിൽനിന്നു തുടങ്ങി, സ്വന്തം വായനയുടെ ആവാഹനത്തിലൂടെ കൂടെക്കൂടിയ കവിതകൾ, മനസ്സിന്റെ പെട്ടിയിൽ തയ്യാറായി ഒരുങ്ങിനിന്നു.

ആദ്യം ബുദ്ധിയും കുസൃതിയും അക്ഷരമാലയണിഞ്ഞു. പക്ഷേ, പിന്നെ ഹൃദയം ഒരു കാറ്റുപോലെ ആ കത്തുകളിലേക്ക് ഒഴുകാൻതുടങ്ങി.

എന്റെ ഓരോ വരിയെയും നിങ്ങൾ കോരിയെടുത്തുലാളിച്ചു.

‘ഇത്ര മനോഹരമായ വാക്കുകൾ എഴുതുന്ന നിന്റെ മനസ്സ് എത്ര മനോഹരമാകു’മെന്ന് നിങ്ങളെഴുതിയതു വായിച്ച് എന്റെ കൂട്ടുകാരി അഭിമാനംകൊണ്ടപ്പോൾ, എന്റെ കണ്ണുനിറഞ്ഞു.

മാറിനിന്നുള്ള ആ ഗൂഢസന്തോഷം നിങ്ങൾ എന്റെ വാക്കുകളെയാണ് പ്രണയിക്കുന്നത്, എന്റെ കൂട്ടുകാരിയെയല്ല എന്നുവരെ തോന്നിച്ചു.

പിന്നെ അവധിക്ക് വീട്ടിൽപ്പോകാൻ മടിയായിരുന്നു. നിങ്ങൾക്ക് കത്തെഴുതാനാകാത്ത ദിവസങ്ങൾ ശൂന്യവും കനംതൂങ്ങിയതുമായി.

അവസാനവർഷം മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്തതുകാണാൻ പോകുമ്പോൾ എനിക്കറിയാമായിരുന്നല്ലോ, നിങ്ങൾ അവളെ കാണാൻ അവിടെ വരുമെന്ന്.

മാട്ടുപ്പെട്ടിയിൽവെച്ച് കമ്പിവേലിക്കപ്പുറമിപ്പുറംനിന്ന് അവളും ഞാനും നിങ്ങളെയും നാലഞ്ചു കൂട്ടുകാരെയും ഒറ്റക്കാഴ്ച കണ്ടു.

ഒപ്പമുള്ള സിസ്റ്റർ, പ്രണയപാപത്തിൽനിന്നു ഞങ്ങളെ മുക്തരാക്കാൻ സദാ ജാഗരൂകയായതിനാൽ രണ്ടാമതൊന്നു നോക്കാൻപോലും ധൈര്യമില്ലായിരുന്നു, ഞങ്ങൾക്ക്.

പക്ഷേ ആ ചിരി!! ലോകത്തെ കാരുണ്യംമുഴുവൻ കടഞ്ഞെടുത്ത ഒറ്റനോട്ടം!

മടക്കത്തിൽ മൂന്നാറിന്റെ പൂക്കാഴ്ചയോ മലകളുടെ നീലിമയോ പച്ചപ്പിന്റെ പരപ്പോ എന്റെ കൂടെ പോന്നില്ല. ആ ചിരിക്ക് സൂര്യനോളം പ്രഭയുണ്ടെന്ന് തോന്നി ! ഇതാ ഒരു മനുഷ്യൻ!

‘‘നീ ഭാഗ്യവതിയാണ്’’ -ഞാനവളോടു പറഞ്ഞു.

‘‘നീ വിഷമിക്കേണ്ട. സംവൺ സംവേർ വെയ്റ്റിങ് ഫോർ യു’’ -അവൾ അഭിമാനത്തോടെ എന്നെ തലോടി ആശ്വസിപ്പിച്ചു.

തണുത്ത കൈ എന്റെ ചൂടൻകൈകളിൽ മുറുക്കി. പക്ഷേ, എനിക്കുറപ്പായിരുന്നു, നിങ്ങളെപ്പോലൊരാളെ ഞാനിനി കാണില്ലെന്ന്!

അവസാനത്തെ കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകഴിഞ്ഞ് ലാബിൽനിന്നിറങ്ങുമ്പോൾ അവൾ ഓടിവന്നു.

‘‘നീ വേഗം വാ. ഒരു അർജന്റ് ലെറ്റർ എഴുതണം. ഞാനയാളെ വിടാൻ തീരുമാനിച്ചു. അമ്മയ്ക്ക് കാൻസർ ആണെന്നുപറഞ്ഞ് എൻജിനിയറിങ് പഠനം നിർത്തിപ്പോരുന്നയാളെ എനിക്കു വേണ്ട. മനുഷ്യരായാൽ കുറച്ച് പ്രാക്ടിക്കലാവണം’’

എനിക്ക് നിലവിളിക്കണമെന്നു തോന്നി.

‘ഒരു വിലപ്പെട്ട ജന്മംമുഴുവനും വെറുമൊരു വാക്കിനക്കരെയിക്കരെ കടവുതോണി കിട്ടാതെ നിൽക്കുന്നവർ നാം’ എന്ന വരിക്കുകീഴെ അവൾ പറഞ്ഞുതന്ന കള്ളങ്ങളും ന്യായീകരണങ്ങളും പകർത്തിവെച്ച്, അവസാന കത്തിൽ പശതേച്ച് അടച്ചുറപ്പിക്കുമ്പോൾ, ഞാൻ ജീവിതത്തെ വെറുത്തു

(‘കന്യമാർക്കു നവാനുരാഗങ്ങൾ

കമ്രശോണ സ്ഫടികവളകൾ’ എന്ന വരിയായിരുന്നു കൂടുതൽ യോജിക്കുന്നത്).

ജൂതശ്മശാനത്തിലെ പരദേശി ആത്മാക്കൾ സഞ്ചരിക്കാനിറങ്ങിത്തുടങ്ങിയ ഇരുട്ടിലൂടെ ഞങ്ങൾ ഹോസ്റ്റലിലേക്ക് നടന്നു.

എന്റെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു...

‘അരുത്... അരുത്’ എന്ന് അവളുടെ കൈകളിൽ മുറുക്കി എന്റെ ആത്മാവ് പിടഞ്ഞു.

കോളേജ് അടച്ചു. ഞാനും അവളും പിരിഞ്ഞു.

പക്ഷേ, നിങ്ങൾ എന്റെ മനസ്സിൽനിന്ന് ഒരിക്കലും ഇറങ്ങിപ്പോയില്ല.

പലകപ്പല്ലുപോലുള്ള എന്റെ അക്ഷരങ്ങളും പച്ചമഷിയുടെ പ്രസാദമുള്ള നിങ്ങളുടെ അക്ഷരങ്ങളുമല്ലേ, ശരിക്കും പരസ്പരം പ്രണയിച്ചത്?

കർണാടകത്തിലേക്ക് തുടർപഠനത്തിനുപോയ അവൾ പിന്നെ ഏതോ വിദേശരാജ്യത്ത് ‘വിജയകരമായ’ ജീവിതം കെട്ടിപ്പടുത്തു.

നിങ്ങളോ ?

ഉത്സവപ്പറമ്പിലെ ആ കുസൃതിക്ക്, ഒരു ജീവിതം തന്നെയായിരുന്നു, നിങ്ങളുടെ മറുപടി.

പാലക്കാട്ടെ ഗ്രാമത്തിൽ ഒരു എളിയ കർഷകൻ, എൻജിനിയറിങ് ഡ്രോപ് ഔട്ട്, സഹകരണ ബാങ്ക്, ഗ്രാമസഭ ജീവിതമങ്ങനെ.

സർവോപരി അവിവാഹിതൻ!

പത്രപ്രവർത്തനകാലത്തെ സൗഹൃദങ്ങളുപയോഗിച്ച് അന്വേഷിച്ചപ്പോൾ ഞാനറിഞ്ഞ നിങ്ങൾ, അതായിരുന്നു.

അവളിറങ്ങിപ്പോയ വഴിയിലൂടെ മറ്റൊരാൾക്കു കടന്നുവരാനിടമില്ലെന്ന് നിങ്ങൾക്കുറപ്പായിരുന്നു.

അവളുടെ വിജയത്തെക്കാൾ നിങ്ങളുടെ പരാജയമായിരുന്നു, എന്നുമെനിക്കിഷ്ടം.

ഈ കത്ത് നിങ്ങൾ വായിച്ചാലും ഇല്ലെങ്കിലും പ്രണയമെന്നാൽ എനിക്കത് നിങ്ങളായിരുന്നു, എന്നു പറഞ്ഞില്ലെങ്കിൽ എന്റെ സത്യസന്ധത ചോദ്യംചെയ്യപ്പെടും!

എന്ന്

മറയില്ലാത്ത ഞാൻ!