കൊച്ചി: 'ക്യാപ്റ്റന്‍ ഒറിജിനല്‍' എന്ന് വിളിപ്പേരിട്ട് എറണാകുളം എം.പി ഹൈബി ഈഡന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇന്നലെ പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് തൃക്കാക്കര വിജയത്തോടെ ക്യാപ്റ്റനെന്ന സ്ഥാനപ്പേര് കിട്ടിയത്. പിന്നെ കോണ്‍ഗ്രസ് പ്രൊഫൈകളിലെല്ലാം ക്യാപ്റ്റന്‍ ഒറിജിനല്‍ പടര്‍ന്ന് പന്തലിച്ചു. പക്ഷെ ആ വിളി അത്ര സഹിച്ചിട്ടില്ല ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും.

To advertise here,

തൃക്കാക്കര വിജയം അങ്ങനെ ഒറ്റക്ക് എടുക്കേണ്ടെന്നും അങ്ങനെയാക്കി വിജയത്തിന്റെ തിളക്കം കെടുത്താന്‍ മെനക്കേടെണ്ടെന്നും പറഞ്ഞ് ഹൈബി ഈഡന്റെ പോസ്റ്റിന് കീഴെ കമന്റുകള്‍ എത്തിയതോടെ ചര്‍ച്ച ക്യാപ്റ്റന്‍ ഒറിജിനലായി. ഇതിന്റെ ചുവട് പിടിച്ച് കെ.മുരളീധരനെ പോലുള്ള നേതാക്കളുമെത്തി. തൃക്കാക്കര വിജയം പാര്‍ട്ടിയുടെ ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനത്തിന്റെ ഫലമെന്നാണെന്നായിരുന്നു മുരളീധരന്റെ വാദം. ക്യാപ്റ്റന്‍ വിളി പാര്‍ട്ടിയില്‍ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് മനസ്സിലാക്കി വി.ഡി സതീശന്‍ തന്നെ രംഗത്തെത്തി പിന്നെയത് തിരുത്തുകയും ചെയ്തു. 

താന്‍ ക്യാപ്റ്റനല്ലെന്നും നിരവധി പേര്‍ അണി നിരന്ന പോലെ മുന്നണിയില്‍ അണി നിരന്ന പോരാളി മാത്രമാണെന്നും പറഞ്ഞു വി.ഡി സതീശന്‍. കോണ്‍ഗ്രസില്‍ ആര്‍ക്കും ഈ വിളിയോട് താല്‍പര്യമില്ല. അതില്‍ പരിഹാസമുണ്ടെന്നും സതീശന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റനെന്ന് വിളിച്ചപ്പോള്‍ ഏറെ കളിയാക്കിവരാണ് കോണ്‍ഗ്രസ് നേതാക്കള്‍. അദ്ദേഹം മുങ്ങുന്ന കപ്പലിന്റെ ക്യാപ്റ്റനാണെന്ന് വരെ പറഞ്ഞു കോണ്‍ഗ്രസ്. 

ക്യാപ്റ്റനിറങ്ങിയാല്‍ കളിമാറുമെന്ന ടാഗ് ലൈനോട് കൂടിയായിരുന്നു തൃക്കാക്കരയില്‍ മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സി.പി.എം ഇറക്കിയത്. പത്ത് ദിവസത്തോളം മണ്ഡലം കേന്ദ്രീകരിച്ച് പ്രചാരണം നയിച്ചിട്ടും സെഞ്ച്വറി മോഹം സാധ്യമായില്ല. ഇതിന് ശേഷം ക്യാപ്റ്റന്‍ ട്രോളുകള്‍കൊണ്ട് നിറഞ്ഞതായിരുന്നു കോണ്‍ഗ്രസുകാരുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍. ഇതേ ക്യാപ്റ്റന്‍ സ്ഥാനം തനിക്ക് ചാര്‍ത്തിക്കിട്ടുമ്പോള്‍ അത് അത്ര സേഫല്ലെന്ന് വിശ്വസിക്കുന്നു വി.ഡി സതീശന്‍. അതുകൊണ്ടു തന്നെയാണ് ആ വിളിയെ സതീശന്‍ മുളയിലേ നുള്ളിയതും. 

സ്വന്തം ജില്ല എന്നത് കൊണ്ടുതന്നെ മറ്റ് നേതാക്കളേക്കാള്‍ വി.ഡി സതീശന്റെ സാന്നിധ്യം ഏറെ സജീവമായി തൃക്കാക്കരയിലുണ്ടായി എന്നത് സത്യമാണ്. പ്രതിപക്ഷ നേതാവ് സ്ഥാനമേറ്റെടുത്ത ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് എന്ന നിലയില്‍ പ്രതീക്ഷിക്കാത്ത തിരിച്ചടിയുണ്ടായാല്‍ അതിന്റെ കൂരമ്പുകള്‍ മുഴുവന്‍ തന്റെ നേരെയായിരിക്കുമെന്ന നല്ല ബോധ്യവും  വി.ഡി സതീശനുണ്ടായിരുന്നു. ഒരു പക്ഷെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്യും. അതുകൊണ്ടുതന്നെയാണ് എണ്ണയിട്ട യന്ത്രം പോലെ നിന്ന് പ്രതിപക്ഷ നേതാവും സംഘവും തൃക്കാക്കരയെ ഉജ്വല വിജയത്തിലേക്കെത്തിച്ചത്.  

തോല്‍ക്കുമ്പോള്‍ കുറ്റപ്പെടുത്തലുകള്‍ മുഴുവന്‍ അതിന് നേതൃത്വം കൊടുത്തവര്‍ക്ക് നേരെയായിരിക്കുമെന്ന് നന്നായിട്ടറിയാം സതീശന്. അത് കോണ്‍ഗ്രസിന്റെ പൊതു സ്വഭാവമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ ദയനീയന പരാജയത്തിന് ശേഷം അന്നത്തെ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇക്കാര്യം ഉറക്കെ പറഞ്ഞാണ് പുറത്തുപോയത്. ചെന്നിത്തലയ്ക്കും അത് നന്നായി അറിയാം. അതേ വിധി തനിക്കും വരുമെന്നും വീഴ്ചകള്‍ക്കായി കാത്തിരിക്കുന്നവര്‍ പാര്‍ട്ടിയില്‍ ഏറെയുണ്ടെന്നും സതീശനറായാം.

ഞാന്‍ മുന്നണി പോരാളിയാണ്. യുദ്ധം ചെയ്യുമ്പോള്‍ മുന്നിലുണ്ട്. പിന്നിലേക്ക് പോകുന്നയാളല്ല. പിന്നില്‍ നിന്നും വെടിയേറ്റ് മരിക്കില്ല. മുന്നില്‍ നിന്ന് പോരാടുന്ന കുറെ പേരുണ്ടല്ലോ. അവരിലാണ് ഞാനുള്ളത്. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞുവെക്കുന്നത് ഇങ്ങനെയൊക്കെയാണ്.