തിരുവനന്തപുരം: തൃക്കാക്കരയിലെ രാഷ്ട്രീയയുദ്ധം ജയിച്ചതിലൂടെ പ്രതിപക്ഷത്തിന്റെ ആകെ നേതാവെന്നനിലയിൽ വി.ഡി. സതീശൻ കസേര ഒന്നുകൂടി ഉറപ്പിച്ചു. തൃക്കാക്കരയിൽ യഥാർഥമത്സരം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തമ്മിലായിരുന്നു. വികസനദ്രോഹികളെന്ന വിശേഷണമൊക്കെ പ്രചാരണഘട്ടത്തിൽ മുഖ്യമന്ത്രി പ്രയോഗിച്ചെങ്കിലും ജനതാത്പര്യം അതിനെതിരായിരുന്നുവെന്നത് ഇടതുമുന്നണിക്ക് കണക്കിലെടുക്കാതിരിക്കാനാകില്ല.

To advertise here,

പ്രതിപക്ഷത്ത് മുൻനിരയിൽ വി.ഡി. സതീശൻ തന്നെയായിരുന്നു. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെ അനാരോഗ്യം അലട്ടി. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ളവരുടെ പരിചയസമ്പത്ത് പ്രയോജനപ്പെടുത്തിയും എം.പി.മാരെയും എം.എൽ.എ.മാരെയും രംഗത്തിറക്കിയും സതീശനാണ് കരുക്കൾനീക്കിയത്.

ജോ ജോസഫിന്റെ സഭാബന്ധവും വ്യാജ വീഡിയോ വിവാദവുമായി ബന്ധപ്പെട്ട പ്രതികരണങ്ങളും ഇടയ്ക്ക് വിവാദമായെങ്കിലും മെയ്‌വഴക്കത്തോടെ സതീശൻ നേരിട്ടു. കെ.വി. തോമസിന്റെ കൂറുമാറ്റത്തെ അവഗണിച്ച് അപ്രധാനമാക്കുന്ന തന്ത്രവും ഗുണംചെയ്തു.

നേതൃമാറ്റമുണ്ടാക്കിയ പ്രശ്നങ്ങൾ കോൺഗ്രസിൽ ഇനിയും അവസാനിച്ചിട്ടില്ല. ഉമാ തോമസിനെ സ്ഥാനാർഥിയാക്കിയതിലൂടെ ഒരു ഗ്രൂപ്പിനും തിരഞ്ഞെടുപ്പ് രംഗത്ത് നിസ്സഹകരിക്കാൻ കഴിയുമായിരുന്നില്ല. തോൽവിയായിരുന്നു ഫലമെങ്കിൽ സതീശന്റെ നേതൃസ്ഥാനത്തിനെതിരേയും വിമർശനമുയരുമായിരുന്നു.

കോൺഗ്രസിൽ അവശേഷിക്കുന്ന പുനഃസംഘടന, സംഘടനാ തിരഞ്ഞെടുപ്പ് എന്നിവ പൂർത്തിയാക്കാനും ഈ വിജയം വഴിയൊരുക്കും. ചിന്തൻശിബിരത്തിനുശേഷമുള്ള കോൺഗ്രസിന്റെ സംസ്ഥാനതല യോഗങ്ങൾ 14, 15 തീയതികളിൽ നടക്കും. ഈ യോഗങ്ങളിലൂടെ പാർട്ടിഘടനയിലും മാറ്റംവരുത്താൻ നേതൃത്വത്തിന് ഉപതിരഞ്ഞെടുപ്പ് ഫലം ധൈര്യം നൽകും.