
കൊച്ചി: പ്രിയപ്പെട്ടവന്റെ പ്രണയ സ്മരണകള്‍ നിറഞ്ഞുനില്‍ക്കുന്ന കലാലയത്തിന്റെ മുറ്റത്തുനിന്നു പുറത്തേക്കിറങ്ങുമ്പോള്‍ ഉമാ തോമസിനു ചുറ്റും നൂറുകണക്കിനാളുകള്‍ ആര്‍ത്തുവിളിക്കുന്നുണ്ടായിരുന്നു. നിലം തൊടാതെ അവര്‍ ഉമയെ ജനസമുദ്രത്തിലൂടെ ഒഴുക്കുമ്പോള്‍ ജീപ്പിന്റെ ബോണറ്റില്‍നിന്നു കോണ്‍ഗ്രസിന്റെ യുവ നേതാക്കളുടെ കൈകള്‍ നീണ്ടു. നിറങ്ങള്‍ വാരിപ്പൂശി ആഹ്ലാദനൃത്തം ചവിട്ടിയ ജെബി മേത്തര്‍ എം.പി.യും എം.എല്‍.എ.മാരായ ഷാഫി പറമ്പിലും അന്‍വര്‍ സാദത്തും ടി. സിദ്ദിഖുമൊക്കെ നീട്ടിയ കൈകളില്‍ പിടിച്ച് ഒരുവിധം ജീപ്പിന്റെ ബോണറ്റിലേക്ക് ഉമ കയറി. പിന്നെ ജീപ്പിന്റെ മുകളില്‍നിന്ന് കൈവിരലുകള്‍ കൊണ്ട് അക്കങ്ങളുടെ മുദ്ര കാണിച്ച് ഉമ വരച്ചിട്ടു... രണ്ട്, അഞ്ച്, പൂജ്യം, ഒന്ന്, ആറ്...25016 വോട്ടിന്റെ ഭൂരിപക്ഷം നേടിയതിന്റെ പ്രഖ്യാപനമായി ഉമയുടെ കൈകള്‍ വായുവില്‍ ചലിക്കുമ്പോള്‍ ആയിരക്കണക്കിനു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൊണ്ടപൊട്ടുമാറുച്ചത്തില്‍ ആര്‍ത്തുവിളിച്ചു... ഉമ, പ്രിയപ്പെട്ട പി.ടി.യുടെ പിന്‍ഗാമി.
തിരഞ്ഞെടുപ്പില്‍ സംസ്ഥാന ഭരണം പിടിച്ചതിനെക്കാള്‍ വലിയ ആഘോഷത്തിലായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
രാവിലെ ആറു മണിയോടെ പാലാരിവട്ടത്തെ വീട്ടില്‍ നിന്നിറങ്ങിയ ഉമ ഡി.സി.സി. ഓഫീസിലെത്തിയ ശേഷം നേരെ വോട്ടെണ്ണല്‍ കേന്ദ്രമായ മഹാരാജാസ് കോളേജിലെത്തി. പോസ്റ്റല്‍ ബാലറ്റ് എണ്ണിയപ്പോള്‍ കിട്ടിയ ഒരു വോട്ടിന്റെ ലീഡ് ഓരോ റൗണ്ടിലും ആയിരങ്ങളിലേക്കു വര്‍ധിപ്പിച്ചതോടെ വിജയം ഉറപ്പിച്ചു.
ഒരു മണിയോടെ വിജയത്തിന്റെ കിരീടവുമായി ഉമ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ പുറത്തേക്കു വരുമ്പോള്‍ ഹോളി ആഘോഷത്തില്‍ നിറങ്ങള്‍ വാരിപ്പൂശിയതുപോലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വര്‍ണക്കടലാണ് വരവേറ്റത്. ജീപ്പിന്റെ ബോണറ്റില്‍ കയറിനിന്നു സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ ടി.വി. ചാനലുകളുടെ മൈക്കുകള്‍ വാങ്ങി ഷാഫി പറമ്പില്‍ ഉമയുടെ നേര്‍ക്കു നീട്ടി.
''ഈ വിജയം ഞാന്‍ പി.ടി.ക്കു സമര്‍പ്പിക്കുകയാണ്. എനിക്കിത് ഉമാ തോമസും ജോ ജോസഫും തമ്മിലുള്ള പോരാട്ടമായിരുന്നില്ല. ഇതു പിണറായിക്കും കൂട്ടര്‍ക്കുമെതിരേ യു.ഡി.എഫിന്റെ പോരാട്ടമായിരുന്നു. നമ്മള്‍ ചരിത്രവിജയം കാണിച്ചു. ഇതു കേരളത്തിന്റെ താക്കീതാണ്...'' ആവേശത്തോടെ സംസാരിക്കുമ്പോള്‍ പലപ്പോഴും ശബ്ദം കൂടി ഉമയുടെ തൊണ്ടയിടറുന്നുണ്ടായിരുന്നു.
പിന്നീട് ഡി.സി.സി. ഓഫീസിലേക്കായിരുന്നു യാത്ര. അവിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസുമൊക്കെ മധുരവുമായി കാത്തിരിക്കുന്നുണ്ടായിരുന്നു. മധുരം പങ്കിടുമ്പോഴും ഒരുപാടു കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും അഭിവാദ്യമര്‍പ്പിച്ച് തിക്കിത്തിരക്കുന്നുണ്ടായിരുന്നു.
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തിരിച്ചെത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ശേഷം ഉമ ജനങ്ങള്‍ക്കു നന്ദി പറയാനുള്ള റോഡ് ഷോയില്‍ ചേര്‍ന്നു. വൈറ്റിലയും പാലാരിവട്ടവും ഇടപ്പള്ളിയും കാക്കനാടുമൊക്കെ ചുറ്റിക്കറങ്ങി റോഡ് ഷോ കലൂര്‍ സ്റ്റേഡിയത്തില്‍ സമാപിക്കുമ്പോള്‍ നേരം സന്ധ്യയായിരുന്നു. വിജയത്തിന്റെ ത്രിവര്‍ണ പതാകകള്‍ പാറുന്ന അസ്തമയ നേരത്ത് ഉമ പറഞ്ഞു, ''രാത്രി ഉപ്പുതോടിലേക്കു തിരിക്കണം. അവിടെ പി.ടി. ഉറങ്ങുന്ന മണ്ണിലെത്തി എനിക്കു പ്രിയപ്പെട്ടവനെ കാണണം''.
Content Highlights: thrikkakara election result-maharajas college-uma thomas
Published: 04 Jun 2022, 08:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented