കൊച്ചി: പി.സി. ജോര്‍ജിനുവേണ്ടി ഒഴുക്കിയ വിയര്‍പ്പെല്ലാം വെറുതെയായെന്നാണ് ബി.ജെ.പി. ക്യാമ്പിലെ വിലയിരുത്തല്‍. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ പാര്‍ട്ടി നേതൃത്വംമുഴുവന്‍ പി.സി. ജോര്‍ജിന്റെ പിന്നാലെയായിരുന്നു. ജോര്‍ജിനെ മുന്നില്‍നിര്‍ത്തി സംസ്ഥാനസര്‍ക്കാരിനെതിരേ ആഞ്ഞടിക്കുകയും അതുവഴി ക്രൈസ്തവസഭാ വോട്ടുകള്‍ നേടുകയുമായിരുന്നു നേതാക്കളുടെ ലക്ഷ്യം. എന്നാല്‍, ഉള്ള വോട്ടുകൂടി കളയാനേ അതു സഹായിച്ചുള്ളൂ എന്നാണ് ഒരുവിഭാഗം നേതാക്കള്‍ പറയുന്നത്.

To advertise here,

സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും കേന്ദ്രമന്ത്രി വി. മുരളീധരനും മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനുമെല്ലാം പി.സി. ജോര്‍ജിനൊപ്പം രംഗത്തിറങ്ങി. ജോര്‍ജിനുവേണ്ടി വിയര്‍ത്തത് ബി.ജെ.പി.യാണെങ്കിലും കൂലികിട്ടിയത് യു.ഡി.എഫിനാണെന്ന തിരിച്ചറിവിലാണ് ഇപ്പോള്‍ നേതാക്കള്‍.

ബി.ജെ.പി. പി.സി. ജോര്‍ജിനെ കൊണ്ടുവന്നത് ഒട്ടും ശരിയായില്ലെന്നാണ് സിറോമലബാര്‍ സഭ മുന്‍ വക്താവ് ഫാ. പോള്‍ തേലേക്കാട് പ്രതികരിച്ചത്. ജനങ്ങള്‍ക്ക് ബോധമുണ്ടെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്തവമതമേലധ്യക്ഷന്മാരെയെല്ലാം കാണാന്‍ സ്ഥാനാര്‍ഥിയും മുതിര്‍ന്ന നേതാക്കളുമെല്ലാം സമയം കണ്ടെത്തിയെങ്കിലും ക്രൈസ്തവമേഖലകളിലൊന്നും ബി.ജെ.പി.ക്ക് വോട്ടുവര്‍ധന ഉണ്ടായില്ല. നിലവിലുള്ള 15,000 വോട്ടിനുപിന്നാലെ 5000 ന്യൂനപക്ഷവോട്ടുകൂടി ചേര്‍ത്തുകൊണ്ട് 20,000-ത്തിന്റെ കണക്കുമായിരിക്കുകയായിരുന്നു നേതാക്കള്‍.

നേതാക്കള്‍ ഗ്രൂപ്പ് ഭേദമില്ലാതെ ഒന്നിച്ചുനിന്നാണ് ജോര്‍ജിനെ രംഗത്തിറക്കിയത്. എല്ലാവരും ഇറങ്ങിയിട്ടും കെട്ടിവെച്ച കാശുകിട്ടിയില്ലെന്നതാണ് നേതൃത്വത്തിന്റെ ഉള്ളുലയ്ക്കുന്നത്.