മഞ്ജു പിള്ള| ഫോട്ടോ: രാഹുൽ ജി ആർ | മാതൃഭൂമി
ആദ്യം വേണ്ടെന്ന് വെക്കുകയും പിന്നീട് ഏറ്റെടുക്കുകയും ചെയ്ത കഥാപാത്രമാണ് ടീച്ചർ എന്ന സിനിമയിലെ 'കല്യാണി'എന്ന കഥാപാത്രമെന്ന് പറയുകയാണ് നടി മഞ്ജു പിള്ള. നായികയോടൊപ്പം അല്ലെങ്കിൽ നായികയെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നതാണ് കല്യാണി. തിയേറ്ററുകളിൽ കല്യാണി എന്ന കഥാപാത്രം മികച്ച അഭിപ്രായം നേടുമ്പോൾ വിശേഷങ്ങൾ മാതൃഭൂമി ഡോട്ട് കോമിനൊപ്പം പങ്കുവെക്കുകയാണ് മഞ്ജുപിള്ള.
എട്ട് സിഗരറ്റും ശ്വാസകോശവും
നക്സലൈറ്റ് ആയിരുന്ന സ്ത്രീയാണ് ടീച്ചറിലെ കല്യാണിയെന്ന കഥാപാത്രം. കഴിഞ്ഞ കാലത്തിൽ അവർ ഒരുപാട് അനുഭവിച്ചത് കൊണ്ട് തന്നെ എന്തും തരണം ചെയ്യാൻ കഴിവുള്ളൊരു സ്ത്രീയാണ് കല്യാണി. നായിക അമലാ പോളിന്റെ കഥാപാത്രത്തെ ബോൾഡാക്കി നിർത്തുകയാണ് കല്യാണി. പണ്ട് തറവാട്ടിൽ കല്യാണത്തിനൊക്കെ ഒരു പാത്രത്തിൽ വെറ്റില, അടക്ക, ബീഡിയൊക്കെ വെച്ചിട്ടുണ്ടാകും. അതിൽ നിന്ന് അടിച്ചുമാറ്റി ഞാനും ചേച്ചിയും കൂടി ബീഡി വലിച്ചിട്ടുണ്ടായിരുന്നു. ഒരു തവണ പുക എടുത്തപ്പോൾ തന്നെ ശ്വാസം മുട്ടി, ചുമച്ച് ആകെ കുളമായി. അത് മാത്രമാണ് മുൻപ് സിഗരറ്റ് വലിച്ചുള്ള എക്സ്പീരിയൻസ്. എന്റെ ശ്വാസകോശം സ്പോഞ്ച് പോലെയാണ്. സിനിമക്ക് വേണ്ടി എട്ട് സിഗരറ്റ് വലിക്കേണ്ടി വന്നു. വെറുതേ അഭിനയിച്ചാൽ പോര പകരം ശരിക്കും സിഗരറ്റ് വലിക്കുന്നതായി തന്നെ വേണമെന്ന് വിവേകിന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഒരു തവണ വലിക്കും ഞാൻ ചുമക്കും അങ്ങനെയായിരുന്നു. പിന്നെ ഇതിന്റെ രീതി പഠിച്ച് ശരിയാക്കി. പ്രാക്ടീസിനും ഷോട്ട്സിനുമായി അങ്ങനെ കുറേ സിഗരറ്റ് വലിച്ചു. സിഗരറ്റ് വലിച്ച് കുടുങ്ങിയെങ്കിലും എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട സീനുമായിരുന്നു അത്. അമലയുടെ കഥാപാത്രത്തെ മോട്ടിവേറ്റ് ചെയ്യുന്ന സീനായിരുന്നു അത്.
വിവേകിനോട് ചോദിച്ചു, ഒരു കുഞ്ഞ് തോർത്ത് തരുമോ എന്ന്
സാബുവിന്റെ മകളുടെ പിറന്നാൾ പരിപാടിക്കിടൊയാണ് സംവിധായകൻ വിവേക് എന്നെ വിളിക്കുന്നത്. അതിരന്റെ സംവിധായകനെന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്. ഇങ്ങനെയൊരു ബോൾഡായ കഥാപാത്രമാണെന്ന് പറഞ്ഞു. വിവേക് ഉദ്ദേശിച്ചത് ഈ സ്ത്രീയെ നോക്കുന്നവർ അമ്മോ എന്ന് പറയുന്ന തരത്തിലുള്ളതാണ്. ആ കഥാപാത്രത്തെ കണ്ടാൽ അവരോട് പറയാൻ പറ്റാത്തൊരു വികാരം തോന്നും, അവരുടെ സൗന്ദര്യമോ വസ്ത്രധാരണമോ അല്ല, അവരുടെ ഒരു പ്രൗഢിയാണ് പ്രത്യേകത. ഇത്രയൊക്കെ പറഞ്ഞപ്പോൾ അങ്ങനെയൊരു ലുക്ക് എനിക്ക് ഉണ്ടോയെന്ന് ഞാൻ വിവേകിനോട് ചോദിക്കുകയായിരുന്നു.
പിന്നീട് കോസ്റ്റ്യൂമിനെക്കുറിച്ച് പറഞ്ഞു. ബ്ലൗസും മുണ്ടും മാത്രമേയുള്ളൂ. മേൽമുണ്ടില്ല. പക്ഷേ ഞാൻ അങ്ങനെ ചെയ്യാൻ ഒട്ടും കംഫർട്ടബിൾ അല്ലായിരുന്നു. എന്റെ തീരുമാനം ഞാൻ നാളെ പറയാം എന്നാണ് വിവേകിനോട് പറഞ്ഞത്. താത്പര്യമില്ലെങ്കിൽ എല്ലാ ആർട്ടിസ്റ്റുകളും പറയുന്നതാണ് ഇങ്ങനെ. അപ്പോൾ വിവേക് വിചാരിച്ചു ഞാൻ ഒഴിവാക്കിയതാണെന്ന്. പിന്നീട് രാത്രി ഞാൻ വിചാരിച്ചു, ഇന്ന് വരുന്നൊരു കഥാപാത്രം നാളെ നമുക്ക് കിട്ടില്ല. ഇവിടെ ആർക്കും ആരേയും ആവശ്യമില്ല. മഞ്ജുപിള്ളയേ ഇവിടെ ആർക്കും ആവശ്യമില്ല. ഇഷ്ടം പോലെ ആൾക്കാർ വരുന്നുണ്ട്. അങ്ങനെ ആലോചിച്ചതിന് ശേഷം വിവേകിനോട് അങ്ങോട്ട് റിക്വസ്റ്റ് ചെയ്യുകയായിരുന്നു. വിവേകേ...ഞാൻ ആ കഥാപാത്രം ചെയ്യാം. എനിക്കൊരു കുഞ്ഞ് തോർത്ത് തരുമോ എന്ന്. ഞാൻ ഇതുവരെ അങ്ങനെയൊരു ക്യാരക്ടർ ചെയ്തിട്ടില്ല, അതുകൊണ്ട് തന്നെ എന്റെ ഫുൾ കോൺസൻട്രേഷൻ വസ്ത്രത്തിലേക്ക് പോകും എന്ന് വിവേകിനോട് പറഞ്ഞു. അങ്ങനെയൊരു കഥാപാത്രത്തെ വിവേക് കണ്ടിട്ടുണ്ട്. അവർ തോർത്ത് ഇടില്ല. ആ ലുക്കും ആ കഥാപാത്രത്തേയും മേൽമുണ്ട് ഇട്ട് ഞാൻ തരാം, എന്നെ വിശ്വാസമുണ്ടെങ്കിൽ കല്യാണിയെന്ന കഥാപാത്രത്തെ എന്നെ ഏല്പിക്കണമെന്ന് പറയുകയായിരുന്നു.
'കല്യാണിക്ക് ചുറ്റും ഒരു ഓറയുണ്ട് '- വിവേക് പറഞ്ഞ രഹസ്യം
നട്ടെല്ല് നിവർത്തി, ഘനഗാംഭീര്യത്തോടെ സംസാരിക്കുന്ന സ്ത്രീയാണ് കല്യാണി. അധികം ചലനങ്ങൾ ഇല്ലാത്തതാണ് കഥാപാത്രം. ഓരോ ഷോട്ടിന് മുൻപും കല്യാണിയെക്കുറിച്ച് പറയുമായിരുന്നു. കല്യാണിയാണ് ദ ബെസ്റ്റ്, കല്യാണിക്ക് ചുറ്റും ഒരു ഓറയുണ്ട് എന്നൊക്കെ വിവേക് ചെവിയിൽ വന്ന് പറയുകയായിരുന്നു. അപ്പോൾ കല്യാണി ഇങ്ങനെ ശരീരത്തിലേക്ക് ഇരച്ചു കയറുകയാണ് ചെയ്യുക. ഹോം സിനിമയിൽ ചെയ്ത കുട്ടിയമ്മ നമ്മുടെ വീട്ടിലെ അമ്മയാണ്. പക്ഷേ കല്യാണി വേറെ ഒരു തരം അമ്മയാണ്.
ലളിതാമ്മ- ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തി
ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തിയാണ് ലളിതാമ്മ. വളരെ ചെറുപ്പം മുതലേയുള്ള അടുപ്പമുണ്ട്. ആദ്യമായി കാണുമ്പോൾ എന്റെ താടിയിൽ പിടിച്ചിട്ട് എന്റെ ശ്രീക്കുട്ടിയെപ്പോലെ ഇരിക്കുന്നുവെന്ന് പറഞ്ഞു. അന്നുമുതൽ തുടങ്ങിയ ബന്ധമാണ് ഞങ്ങൾ തമ്മിൽ. വളരെ ബോൾഡായിട്ടുള്ള സ്ത്രീയായിരുന്നു. ഫെമിനസമൊക്കെ പറയുമ്പോൾ ലളിതാമ്മയൊക്കെയാണ്. ഒരുപാട് സ്ട്രഗിളിലൂടെ കടന്ന് വന്ന് ജീവിതം കെട്ടിപ്പടുത്ത് ഉയർത്തിയ സ്ത്രീയായിരുന്നു ലളിതാമ്മ.
Content Highlights: manju pillai interview, manju pillai about her character in teacher movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..