
ഈ വര്‍ഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല എന്ന് നാം പലപ്പോഴും പറയുമെങ്കിലും ഈ വര്‍ഷം സംഗതി സത്യമാണ്. നമ്മള്‍ മുന്‍പ് അനുഭവിച്ചിട്ടില്ലാത്ത നമ്മൾക്ക് പരിചയമില്ലാത്തത്ര ചൂടിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരിക്കുകയാണ്. രാത്രിയില്‍ പോലും ചൂട് 25 ഡിഗ്രി സെല്‍ഷ്യസിന് താഴെ വരുന്നില്ല. പകല്‍ താപനില 35 - 36 ഡിഗ്രി സെല്‍ഷ്യസ് ആണെങ്കിലും ഹ്യൂമിഡിറ്റിയും കൂടി ചേരുമ്പോള്‍ ചൂട് 40-ന് മുകളില്‍ അനുഭവപ്പെടുന്നു. ഇത് പഴയത് പോലെ പാലക്കാടോ, ഏതെങ്കിലും നഗരത്തിലോ മാത്രം ഉള്ള കാര്യമല്ല. കേരളമൊട്ടാകെ ഇതാണ് സ്ഥിതി.
ചിലയിടങ്ങളില്‍ കുറച്ചു നേരത്തേക്കെങ്കിലും ചെറിയ വേനല്‍ മഴകള്‍ കിട്ടുന്നുണ്ടെങ്കിലും ഉടനെയൊന്നും മൊത്തത്തില്‍ ചൂട് കുറയുന്ന ലക്ഷണമില്ല. ആഗോളമായിത്തന്നെ ഓരോ വര്‍ഷവും മുന്‍ വര്‍ഷത്തേക്കാള്‍ ചൂട് കൂടിവരുന്ന പ്രതിഭാസമാണ് കാണുന്നത്. കാലാവസ്ഥാ വ്യതിയാനരംഗത്ത് പ്രവര്‍ത്തിച്ചിരുന്നവര്‍ മുപ്പത് കൊല്ലം മുന്‍പേ പ്രവചിച്ചിരുന്ന കാര്യമാണ്. അതിനാല്‍ ഈ അവസ്ഥയെ ഒരു വര്‍ഷം മാത്രം സംഭവിക്കുന്ന, ഒറ്റപ്പെട്ട, കാര്യമായി കാണാതിരിക്കുന്നതാണ് ബുദ്ധി. ഈ സാഹചര്യത്തില്‍ ചൂടിനെ പ്രതിരോധിക്കാന്‍ നമ്മള്‍ക്ക് എന്തൊക്കെയാണ് ചെയ്യാന്‍ കഴിയുന്നത്? ചില നിര്‍ദ്ദേശങ്ങള്‍ പറയാം.
1. എല്ലാ ദിവസവും കാലാവസ്ഥ മുന്നറിയിപ്പുകള്‍ പരിശോധിക്കുന്നത് ശീലമാക്കുക. നമ്മുടെ ദൈനംദിന പരിപാടികള്‍ സാധിക്കുന്നതും അതനുസരിച്ച് പ്ലാന്‍ ചെയ്യുക. ഉദാഹരണത്തിന് നമ്മള്‍ എപ്പോള്‍ നടക്കാന്‍ പോകുന്നു, വ്യായാമം ചെയ്യാന്‍ പോകുന്നു (നടക്കാന്‍ പോകണോ/ വ്യായാമം ചെയ്യണോ), ഷോപ്പിങ്ങിനും മറ്റു പ്ലാന്‍ ചെയ്യാവുന്ന പരിപാടികള്‍ക്കും പോകുന്നു എന്നതൊക്കെ ദിനാന്തരീക്ഷ സ്ഥിതിയുമായി ബന്ധിപ്പിക്കുക. നമ്മുടെ ഫോണില്‍ തന്നെ ദിവസത്തില്‍ എങ്ങനെ ചൂട് മാറുന്നു എന്നുള്ള വിവരം ലഭ്യമാണല്ലോ.
2. വീടിന് പുറത്ത് തൊഴില്‍ സംബന്ധമായോ മറ്റു കാര്യങ്ങള്‍ക്കായോ നിര്‍ബന്ധമായും പുറത്ത് ഇറങ്ങേണ്ടി വരുന്നവര്‍ ചൂടിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ കയ്യില്‍ കരുതുക. ചൂടുകൊണ്ടുണ്ടാകുന്ന ക്ഷീണം, സൂര്യതാപം, ഇവയുടെ ലക്ഷണം മനസ്സിലാക്കി അപകടസ്ഥിതിയിലേക്ക് പോകുന്നതിന് മുന്‍പ് തന്നെ കത്തുന്ന ചൂടില്‍ നിന്നും മാറുക. ജോലി സമയം ചൂടു കുറവുള്ള സമയം നോക്കി ക്രമീകരിക്കുന്നതും തുടര്‍ച്ചയായി ചൂടില്‍ നില്‍ക്കുന്നത് ഒഴിവാക്കുന്നതും നല്ലതാണ്. സര്‍ക്കാരിനും തൊഴില്‍ ഉടമകള്‍ക്കും ഇക്കാര്യത്തില്‍ പലതും ചെയ്യാനുണ്ട്.
3. നമ്മുടെ വസ്ത്രങ്ങള്‍ കാലാവസ്ഥയ്ക്കനുസരിച്ച് ക്രമീകരിക്കുക. ഇറുകിയ വസ്ത്രങ്ങള്‍, കട്ടിയുള്ള വസ്ത്രങ്ങള്‍, പല ലെയറുകളുള്ള വസ്ത്രങ്ങള്‍, കടും നിറങ്ങള്‍, വായു സഞ്ചാരം കുറയ്ക്കുന്ന വസ്ത്രങ്ങള്‍ ഇവ ഒഴിവാക്കുക. ഇളം നിറങ്ങളുള്ള കോട്ടണ്‍ വസ്ത്രങ്ങളാണ് ഉത്തമം.
4. വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ കയ്യില്‍/ബാഗില്‍ ഒരു ബോട്ടില്‍ വെള്ളം ഉറപ്പായും കരുതുക. ഇടക്കിടെ വെള്ളം കുടിക്കുന്നത് ശീലമാക്കുക. ഒപ്പം കുടിക്കുന്ന വെള്ളം/പാനീയങ്ങള്‍ ശുദ്ധമാണെന്ന് ഉറപ്പാക്കേണ്ടതും പ്രാധാനമാണ്. റോഡ് സൈഡില്‍ കിട്ടുന്ന ജ്യൂസുകളും മറ്റും കുടിക്കുമ്പോള്‍ ഐസ് ഒഴിവാക്കുക എന്നത് ഞാന്‍ നാല്‍പ്പത് വര്‍ഷം മുന്‍പ് കാണ്‍പൂരില്‍ നിന്നേ ശീലിച്ചതാണ്. കാരണം അതിന്റെ ശുദ്ധത ഉറപ്പിക്കാന്‍ പറ്റില്ല എന്നത് തന്നെ.
5. പുറത്തിറങ്ങുമ്പോള്‍ നേരിട്ട് ചൂടേല്‍ക്കുന്നത് കുറയ്ക്കാന്‍ കുടയോ തൊപ്പിയോ എപ്പോഴും കൈയില്‍ കരുതണം. പ്രത്യേകിച്ചും പുറത്ത് ജോലി ചെയ്യുന്നവര്‍ സണ്‍ ഹാറ്റ് വക്കുന്നത് ശീലമാക്കണം.
6. സണ്‍ ഹാറ്റ്, കൂളിംഗ് ഗ്ലാസ്, സണ്‍ സ്‌ക്രീന്‍ ലോഷനുകള്‍ ഒന്നുംതന്നെ മലയാളികളുടെ ശീലമല്ല. ടൂറിസ്റ്റുകള്‍ ചെയ്യുന്നതോ, ഗള്‍ഫില്‍ നിന്നും അമേരിക്കയില്‍ നിന്നും വരുന്ന പൊങ്ങച്ചക്കാര്‍ ചെയ്യുന്നതോ ഒക്കെയായി ഇതിനെ ഇപ്പോഴും കാണുന്നവരുണ്ട്. എന്നാല്‍ അതാത് നാട്ടിലെ കാലാവസ്ഥക്കനുസരിച്ച് അവര്‍ പരിശീലിച്ച ആരോഗ്യകരമായ ശീലങ്ങളാണ് ഇതൊക്കെ. പുറത്തിറങ്ങുമ്പോള്‍ സണ്‍ സ്‌ക്രീന്‍ ലോഷനുകള്‍ പുരട്ടുന്നതും കൂളിംഗ് ഗ്ലാസ് വെക്കുന്നതും ശീലമാക്കുക.
7. ചൂട് കൂടിയതിനാല്‍ അംഗന്‍വാടികള്‍ ഒരാഴ്ചത്തേക്ക് അടച്ചു എന്ന് വായിച്ചു. ഈ നിയന്ത്രണം സ്‌കൂളുകളിലേക്കും എന്‍ട്രന്‍സ് കോച്ചിങ്ങിലേക്കും വ്യാപിപ്പിക്കുന്നതും നല്ല കാര്യമാണ്. വീട്ടിലും അധികം ചൂടുള്ള സമയത്ത് കുട്ടികള്‍ പുറത്തിറങ്ങി കളിക്കുന്നത് നിയന്ത്രിക്കുക. സമയാസമയം ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ട് എന്ന് മുതിര്‍ന്നവര്‍ ഉറപ്പാക്കുക. ചൂടിനെ പ്രതിരോധിക്കുന്ന മുന്‍പറഞ്ഞ കാര്യങ്ങള്‍ കുട്ടികളെ പറഞ്ഞു പഠിപ്പിക്കുക, അവര്‍ക്ക് ഇനിയങ്ങോട്ട് ഇതൊക്കെ ശീലമായേ പറ്റൂ.
8. വീട്ടിലുള്ള പ്രായമായവരെ പ്രത്യേകം ശ്രദ്ധിക്കുക. പുറത്തിറങ്ങി ചൂടുകൂടി സൂര്യാഘാതം കൊണ്ട് സംഭവിക്കുന്ന മരണങ്ങളെക്കാള്‍ കൂടുതല്‍ സംഭവിക്കുന്നത് വീടിനുള്ളില്‍ പ്രായമായവര്‍ക്ക് ചൂടുള്ള സമയത്ത് വേണ്ടത്ര സംരക്ഷണം ലഭിക്കാത്തത് കൊണ്ടാണ്. 2003-ല്‍ ആഗസ്റ്റില്‍ യൂറോപ്പിലുണ്ടായ ഉഷ്ണതരംഗം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് ആ വര്‍ഷം സാധാരണ വര്‍ഷങ്ങളേക്കാള്‍ ഇരുപതിനായിരം മരണങ്ങള്‍ കൂടുതലായുണ്ടായി എന്ന് ആരോഗ്യവിദഗ്ദ്ധരും സര്‍ക്കാരും മനസ്സിലാക്കിയത്. വേനല്‍ക്കാലത്ത് പ്രായമായവരെ സംരക്ഷിക്കാന്‍ യൂറോപ്പില്‍ ഇപ്പോള്‍ പ്രത്യേക സംവിധാനങ്ങളുണ്ട്. വീട്ടില്‍ ഏറ്റവും ചൂട് കുറഞ്ഞ മുറി പ്രായമായവര്‍ക്ക് നല്‍കുക, അവര്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നു എന്നും ഉഷ്ണപാനീയങ്ങളോ മദ്യമോ കുടിക്കുന്നില്ല എന്നും ഉറപ്പു വരുത്തുക. മുറിയില്‍ ചൂട് കുറക്കാനായി സാധ്യമായതെല്ലാം ചെയ്യുക. ചൂടിനോട് അനുബന്ധമായതല്ലാത്ത മറ്റു രോഗമോ ക്ഷീണമോ കണ്ടാലും ഉടന്‍ ഡോക്ടറുടെ ഉപദേശം തേടുക.
9. നമ്മുടെ ഭക്ഷണ ശീലങ്ങളില്‍ കാലാവസ്ഥയ്ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. മലയാളികളുടെ സമകാലീന ശീലങ്ങളില്‍ ഒഴിവാക്കാന്‍ പറ്റാത്തവയാണ് ചായയും കാപ്പിയും. ഈ ചൂടുകാലം അവസാനിക്കുന്നത് വരെ ചായയും കാപ്പിയും ചൂടുള്ള മറ്റു പാനീയങ്ങളും ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇനിയും മഴക്കാലം വരുമല്ലോ, അപ്പോള്‍ ക്ലാരയോടൊത്ത് ചൂടന്‍ കട്ടന്‍കാപ്പി കുടിക്കണമെങ്കില്‍ ഇപ്പോള്‍ അവ ഒഴിവാക്കുന്നതാണ് ബുദ്ധി. ചൂട് കൂടുന്നതിനാല്‍ ബിവറേജസിലോ ബാറിലോ പോയി അല്‍പ്പം മദ്യപിച്ചേക്കാം എന്ന് കരുതുന്നതും റിസ്‌ക് ആണ്. മലയാളികള്‍ ശീലമാക്കിയിരിക്കുന്ന തരം മദ്യങ്ങള്‍ ചൂടുകാലത്ത് റിസ്‌ക് കൂട്ടുന്നവയാണ്. (ഈ ചൂടുകാലത്തും ബിവറേജസില്‍ ആളുകള്‍ ക്യൂ നില്‍ക്കേണ്ടി വരുന്നു എന്നത് എന്നത്തേയും പോലെ കഷ്ടവുമാണ്).
10. ഇപ്പോള്‍ കേരളത്തിലെ മിക്ക വീടുകളും തന്നെ വിശാലമായ വാതിലുകളും ജനലുകളും ഉള്ളവയാണ്. ജനലുകള്‍ മിക്കതും ഗ്ലാസ്സ് ഇട്ടവയും. പുതിയ കെട്ടിടങ്ങള്‍ക്ക് കൂളിംഗ് ഗ്ലാസ്സുകള്‍ ഉണ്ടെങ്കിലും പൊതുവില്‍ മുഴുവന്‍ വെളിച്ചവും (ചൂടും) അകത്തേക്ക് കടത്തിവിടുന്ന രീതിയിലാണ് നമ്മുടെ ജനാലകള്‍. നമ്മുടെ കര്‍ട്ടനുകളും വീടിനകത്താണ്. ഇത്തരത്തിലുള്ള സംവിധാനം പുറത്തുള്ള ചൂടിനെ അകത്തു കയറ്റിയതിന് ശേഷം വെളിച്ചത്തെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. വീട്ടില്‍ എ.സി.യും ഫാനും ഉണ്ടെങ്കില്‍ പോലും അത് ചൂടിന്റെ നിയന്ത്രണത്തെ പ്രതികൂലമായി ബാധിക്കുന്നു. ജനാലകള്‍ക്ക് പുറത്തു തന്നെ ചൂടിനേയും വെയിലിനേയും പ്രതിരോധിക്കുന്ന തരത്തില്‍ ഔട്ട് ഡോര്‍ കര്‍ട്ടനോ ചുരുങ്ങിയത് ഒരു തുണിയോ കെട്ടിയിടുന്നത് ചൂട് കുറക്കാനും എ.സി.യെ കൂടുതല്‍ ഫലപ്രദമാക്കാനും സഹായിക്കും. പ്രളയകാലത്തും കോവിഡ് കാലത്തും നമ്മുടെ മുഖ്യമന്ത്രി നേരിട്ട് ഇത്തരം വിഷയങ്ങള്‍ ജനങ്ങളോട് പറയുന്ന ഒരു രീതി ഉണ്ടായിരുന്നു. ഇത്തരത്തില്‍ മുഖ്യമന്ത്രി ഒരു പത്രസമ്മേളനം നടത്തിയാല്‍ ഈ ചൂടുകാലത്തെ നേരിടാന്‍ സര്‍ക്കാര്‍ എടുക്കുന്ന നടപടികളെപ്പറ്റിയും നാട്ടുകാര്‍ ചെയ്യേണ്ട കാര്യങ്ങളെ പറ്റിയും ആളുകളെ ബോധവത്ക്കരിക്കാന്‍ സഹായിക്കും. ചൂട് കൂടുന്ന സമയത്ത് 'ഇപ്പോള്‍ ശരിയാക്കിത്തരാം' എന്ന തരത്തിലുള്ള ചൂട് കുറയ്ക്കുന്ന പെയിന്റുകളുടെയും മറ്റും പരസ്യങ്ങള്‍ എപ്പോഴും കാണാം. 'ഇപ്പോള്‍ ശരിയാക്കുന്നതൊന്നും' ശരിയാകാറില്ല എന്നതാണ് സത്യം. ഇവിടെ ചൂട് കുറഞ്ഞുവെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രം പണം എന്ന തരത്തില്‍ ഇടപെടുന്നതാണ് ബുദ്ധി.
ഈ ചൂട് എത്ര കാലം നില്‍ക്കും, എല്ലാ വര്‍ഷവും ചൂട് ഉണ്ടാകുമോ എന്നൊക്കെ എന്നോട് പലരും ചോദിക്കുന്നുണ്ട്. ഉയരുന്ന താപനിലയും അതിസാന്ദ്രതയില്‍ പെയ്യുന്ന മഴയും ഇനി നമ്മുടെ ജീവിതത്തിന്റെ ഭാഗമാകാന്‍ പോകുകയാണ്. മാറുന്ന കാലാവസ്ഥയ്ക്കനുസരിച്ച് നമ്മുടെ ജീവിതത്തിന്റെ സമഗ്ര മേഖലകളും (കെട്ടിടം എവിടെ നിര്‍മ്മിക്കുന്നു, നിര്‍മ്മാണ വസ്തുക്കള്‍, രീതികള്‍, തൊഴില്‍ സമയം, വസ്ത്രം, ഭക്ഷണം, ആരോഗ്യശീലങ്ങള്‍) പുനഃക്രമീകരിക്കേണ്ടി വരും. സുരക്ഷിതരായിരിക്കുക.
Content Highlights: summer changes around the globe by muralee thummarukudy
Published: 29 Apr 2024, 12:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented