1981 മാര്‍ച്ചിലെ ഒരു ഞായറാഴ്ചയാണ്. ഉരുകുന്ന വേനല്‍ച്ചൂട് അല്‍പ്പം ശമിച്ച വൈകുന്നേരം. കപ്പയൊക്കെ പറിച്ച് വിശാലമായി കിടക്കുന്ന കാലായില്‍ ഓരോരോ കുസൃതികളുമായി സമയം കളയുകയാണ് അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കഥാനായകന്‍. കിളിച്ചുണ്ടന്‍ മാവിലിരുന്ന കാക്കയ്ക്ക് കല്ലെറിയുക , മൂപ്പെത്താത്ത മാങ്ങ എറിഞ്ഞിട്ട് ചുന (മാങ്ങുടെ കറ) നിക്കറില്‍ തൂക്കുക തുടങ്ങിയ കലാപരിപാടികള്‍. ഒരാഴ്ച കഴിഞ്ഞു നടക്കാനിരിക്കുന്ന  വര്‍ഷാവസാന  പരീക്ഷയെക്കുറിച്ചുള്ള യാതൊരു ആശങ്കകളും പുള്ളിക്കില്ല. പഠനത്തില്‍  ആള്‍ ശരാശരിക്കു മുകളിലാണെങ്കിലും കണക്കില്‍ പാസ് മാര്‍ക്കേ പലപ്പോഴും കിട്ടാറുള്ളൂ. കണക്കില്‍ ആളു കണക്കാണെന്നു സാരം.

To advertise here,

അടുത്ത കാക്കയ്ക്കിട്ട് എറിയാന്‍ കല്ലെടുക്കുമ്പോഴാണ്  പുറത്തെങ്ങോ പോയ അച്ചാച്ചന്‍ അടുത്ത പറമ്പിലൂടെ ഇറങ്ങി വീട്ടീലേക്കു വരുന്നതു കണ്ടത്. അതു ഗൗനിക്കാതെ കാര്യപരിപാടികളില്‍ മുഴുകിയിരിക്കുകയാണ് ഞാന്‍. അച്ചാച്ചന്‍ വീട്ടില്‍ കയറിയതിനു പിന്നാലെ  അമ്മയുടെ വിളി വന്നു... ' എടാ ഇങ്ങോട്ടു വന്നേ ...അച്ചാച്ചന്‍ വിളിക്കുന്നു'. അതു കേട്ടതോടെ വയറ്റില്‍ ഒരു ആന്തല്‍ . എന്തോ പുകിലുണ്ട്. വെറുതെ അച്ചാച്ചന്‍ വിളിക്കില്ല... വീട്ടിലെ നാലുമക്കളില്‍ കുരുത്തക്കേടിന്റെ ചക്രവര്‍ത്തിപ്പട്ടം എനിക്കാണ്.

'പരീക്ഷയായിട്ടു കളിച്ചു നടക്കുകയാണോ'?  എന്നാടാ നിന്റെ കണക്കു പരീക്ഷ'?. കണക്കില്‍ എന്റെ അവസ്ഥ അറിയാവുന്ന അച്ചാച്ചന്‍ ആ വീക്ക് പോയന്റില്‍ തന്നെ പിടി മുറുക്കി. ' അടുത്തയാഴ്ചയാ പരീക്ഷ' ആശങ്കയോടെ എന്റെ മറുപടി.' നിന്റെ കണക്കു പുസ്തകവും ഒരു ബുക്കും എടുത്തുകൊണ്ടു വാ. നീ എന്തൊക്കെ പഠിച്ചെന്നു ഞാനൊന്നു ഞാനൊന്നു നോക്കട്ടെ' - അച്ചാച്ചന്‍ വിടാനുള്ള ഭാവമില്ല.

പണി പാളി....ഇടറുന്ന ചുവടുകളോടെ  പുസ്തകവും ബുക്കുമിരിക്കുന്ന പ്ലാസ്റ്റിക് സഞ്ചി (അന്നത്തെ കുട്ടികള്‍ പ്ലാസ്റ്റിക്ക് വള്ളികള്‍കൊണ്ട് നെയ്ത സഞ്ചികളിലായിരുന്നു സ്‌കൂളില്‍ പുസ്തകവും ബുക്കും കൊണ്ടുപോയിരുന്നത്) എടുക്കാനായി അകത്തേക്ക്. കണക്കു പുസ്തകം കിട്ടിയതിനു പിന്നാലെ അച്ചാച്ചന്‍ ചോദ്യത്തിലേക്ക് കടന്നു. കൂട്ടലും കുറയ്ക്കലും ഗുണനവുമൊക്കെ ഒരു വിധം ചെയ്യും . പക്ഷേ വഴിക്കണക്കും(സ്റ്റെപ്പ് സ്റ്റെപ്പായി ചെയ്യുന്ന കണക്കുകള്‍ക്ക് ഞങ്ങള്‍ മലയാളം മീഡിയംകാര്‍ പറഞ്ഞിരുന്ന പേര്) ഹരിക്കലും ഉസാഗയും ലസാഗുവുമൊക്കെ വരുമ്പോള്‍ ആകെ കിളി പോയ അവസ്ഥയാണ് .

'അഞ്ച് ആപ്പിള്‍ കടക്കാരന്‍ 40 രൂപയ്ക്കാണ് വില്‍ക്കുന്നത്. എങ്കില്‍ ഒരു ആപ്പിളിന്റെ വിലയെത്ര?' അച്ചാച്ചന്റെ ആദ്യത്തെ ചോദ്യം .
ആപ്പിള്‍ തിന്നാന്‍ ഇഷ്ടമാണ് .   അക്കാലത്തെ കിട്ടാക്കനിയുമാണ്. അതു വച്ച് കണക്കു ചെയ്യുകയെന്നാല്‍ ?  ഒരു പിടിയും കിട്ടുന്നില്ല. ഞാന്‍ ബുക്കില്‍ കുത്തി വരച്ചു കൊണ്ടിരിക്കുകയാണ്. സമയം പത്ത് മിനിറ്റു കഴിഞ്ഞു.'കണക്കു ചെയ്തോടാ?' ക്ഷമകെട്ട് അച്ചാച്ചന്‍ ചോദിച്ചു. ബുക്കു പിടിച്ചുവാങ്ങിച്ചു നോക്കുമ്പോള്‍ ബുക്കില്‍ ഒന്നു രണ്ട് ആപ്പിളിന്റെ പടം വരച്ചു വച്ചിട്ടുണ്ട്. കണക്കിന്റെ പൊടിപോലുമില്ല. സാധാരണ വാ പൊളിച്ചു പോകുന്ന പിച്ചിലാണ് (കിഴുക്ക് ) അച്ചാച്ചന്റെ ശിക്ഷണ നടപടികള്‍ തുടങ്ങുന്നത്. പക്ഷേ ഇക്കുറി പുള്ളിയുടെ കണ്‍ട്രോളുപോയി. ആദ്യമെടുത്തത് പേരവടിയാണ്. തുടയ്ക്കു തന്നെ  അടിപൊട്ടി . കണ്ണിലൂടെ പൊന്നീച്ച പറന്നു.
'ആകെ എത്ര ആപ്പിളുണ്ടെടാ എഴുതെടാ '
'അഞ്ച്' , കരച്ചിലിനിടയില്‍ ഞാന്‍ പറയുകയും എഴുതുകയും ഒരു പോലെ ചെയ്തു. അതിനു പിന്നാലെ അടി വീണ്ടും  തുടയില്‍ തന്നെ വീണു.
' ഇത്രയും ആപ്പിളിന്റെ വിലയെത്രയാടാ'
 'നാല്‍പ്പത്' കരിച്ചിലിനിടയില്‍ എഴുത്തും പറച്ചിലും ഒരു പോലെ . പിന്നാലെ തുടയില്‍ തന്നെ വീണ്ടും അടി.
'എങ്കില്‍ ഒരാപ്പിളിന്റെ വിലയെത്രയാടാ മണ്ടന്‍ കിണാപ്പാ?
'ആപ്പി...ള്‍ ...ആപ്പി..ള്‍' ... ഹരിക്കുകയാണോ ഗുണിക്കുകയാണോ ചെയ്യണ്ടതെന്നറിയാതെ ഞാന്‍ നിന്നു വിങ്ങി.
' എടാ അഞ്ച് ആപ്പിളിന്റെ വില 40. അപ്പോള്‍ ഒരാപ്പിളിന്റെ വില കാണാന്‍ നാല്‍പ്പതിനെ അഞ്ചു കൊണ്ട് ഹരിക്കണം. കേട്ടോടാ ' അടി പിന്നെയും വീണു . അതിനിടയില്‍ നാല്‍പ്പതിനെ അഞ്ചുകൊണ്ടു ഹരിച്ചാല്‍ എട്ടാണെന്ന കാര്യം കൂടി ഞാന്‍ മറന്നിരുന്നു.

ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്നു വിശ്വസിക്കുന്ന ചാക്കോ മാഷും കണക്കില്‍ മാത്രം മണ്ടനായ മകന്‍ തോമസ് ചാക്കോയും

പതിനാലു വര്‍ഷത്തിനു ശേഷമുള്ള ഒരു ഏപ്രില്‍ മാസം. ചങ്ങനാശ്ശേരി അഭിനയയില്‍ 'സ്ഫടികം' എത്തിയതിന്റെ ആവേശത്തിലായിരുന്നു. മോഹന്‍ലാലിന്റെ സിനിമ. പോരാത്തതിന് സ്വന്തം നാടായ ചങ്ങനാശ്ശേരിയിലാണ് ചിത്രീകരിച്ചത്. ചങ്ങനാശ്ശേരി ചന്തയും മാമ്മൂടും പാറേല്‍പള്ളിയുമൊക്കെ കടന്നുവരുന്ന സിനിമ. ചിത്രീകരണ സമയത്തെ വാര്‍ത്തകളും ചന്തയില്‍ ഷൂട്ടിങ് കണ്ടകൂട്ടുകാരുടെ വിവരണവുമൊക്കെ കാരണം സ്ഫടികം റിലീസ് ആകാന്‍  കാത്തിരിക്കുകയായിരുന്നു. ഹൈസ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ 'പൂമുഖപ്പടിയില്‍ നിന്നെയും കാത്തും' 'ഇടനാഴിയില്‍ ഒരു കാലൊച്ചയും' കോളേജ് കാലത്ത് 'അയ്യര്‍ ദ ഗ്രേറ്റും' 'അങ്കിള്‍ ബണ്ണു'മൊക്കെ കണ്ട് ഇഷ്ട സംവിധായകരിലൊരാളാണ് ഭദ്രന്‍. ആ പാറ്റേണിലുള്ളൊരു സിനിമയല്ലെന്നു തുടക്കത്തിലെ മനസിലായി. ആവേശത്തോടെ സിനിമകണ്ടുകൊണ്ടിരിക്കെയാണ് ആത്മാംശം പോലയുള്ള ഭാഗങ്ങള്‍  സ്‌ക്രീനില്‍ വരുന്നത്. ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്നു വിശ്വസിക്കുന്ന ചാക്കോ മാഷും കണക്കില്‍ മാത്രം മണ്ടനായ മകന്‍ തോമസ് ചാക്കോയും. എ പ്ലസ് ബി ദ ഓള്‍ സക്വയറിന്റെ പൂര്‍ണ രൂപം ചോദിക്കുമ്പോള്‍ ഉത്തരം പറയാനാകാതെ അടികൊളളുന്ന തോമസ് ചാക്കോയെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ ആദ്യം കണ്ണു നിറഞ്ഞു. പിന്നെ ഓരോ അടിക്കും കണ്ണു നീരൊഴുകി(സ്ഫടികം കണ്ടിരിക്കുമ്പോള്‍ ഇതേ അനുഭവത്തിലൂടെ കടന്നു പോയ എത്രപേരുടെ ഹൃദയം വിങ്ങിക്കാണും). കയ്യില്‍ കെട്ടിയിരുന്ന വാച്ചിലും കണ്ണീര്‍ വീണു. തോമസ് ചാക്കോയില്‍ നിന്നും ആടു തോമായിലേക്കുള്ള മോഹന്‍ലാലിന്റെ പരിണാമം വേദനയോടെയാണ് കണ്ടു തീര്‍ത്തത്.

ചാക്കോ മാഷിനെപ്പോലയായിരുന്നില്ല അച്ചാച്ചന്‍. അഞ്ചാം ക്ലാസിലെ വേനലവധിക്കു തന്നെ കണക്കിന് ഒരു ട്യൂഷന്‍ സാറിനെ  ഏര്‍പ്പാടാക്കി. നാട്ടുകാരനായ വര്‍ഗീസ് സാര്‍. കണക്കിലെ ഉസ്താദായിരുന്നു വറീച്ചന്‍ എന്നറിയപ്പെടുന്ന വര്‍ഗീസ് സാര്‍. സാറിന്റെ ഇടപെടലിലൂടെ  കണക്കിനോടുള്ള പേടി മാറി (മാമ്മൂട്, മാന്നില,കുറുമ്പനാടം തുടങ്ങിയ ഞങ്ങളുടെ സമീപ പ്രദേശങ്ങളിലെ കണക്ക് ബാലികേറാമലയായിരുന്നു പല കുട്ടികളുടെയും രക്ഷകന്‍ വറീച്ചന്‍ സാറായിരുന്നു) . ആറാം ക്ലാസ് മുതല്‍ എഴുപത് ശതമാനത്തിനടുത്ത് മാര്‍ക്ക് വാങ്ങാന്‍ തുടങ്ങി. പത്താം ക്ലാസ് വരെ അത് തുടരുകയും ചെയ്തു. പിന്നീട് കണക്ക്, കണക്കിന്റെ വഴിക്കും ഞാന്‍ എന്റെ  വഴിക്കും പോയി. പ്രീ ഡിഗ്രി മുതല്‍   ഇഷ്ടമുള്ള കോഴ്സുകളിലൊക്കെ പഠിക്കാന്‍ അച്ചാച്ചന്‍ അനുവദിച്ചു. പലതും എന്റെ ഇഷ്ടത്തിനു തന്നെ പഠിച്ചു. ഒരു ഇടപെടലും അച്ചാച്ചന്റെ ഭാഗത്തു നിന്നുണ്ടായില്ല. അന്ന് അഭിനയയില്‍ സ്ഫടികം കണ്ടു കരഞ്ഞപ്പോള്‍ കയ്യില്‍ കെട്ടിയിരുന്ന വാച്ച് അച്ചാച്ചന്‍ ഗള്‍ഫില്‍ നിന്ന് സമ്മാനമായി കൊടുത്തയച്ചതായിരുന്നു. ഡിഗ്രി ഫ്സ്റ്റ് ക്ലാസില്‍ ജയിച്ചതിനുള്ള സമ്മാനമായി.

സ്ഫടികം ഇറങ്ങിയതിനു പിന്നാലെ വന്ന അഭിമുഖങ്ങളില്‍ സംവിധായകന്‍ ഭദ്രന്‍ പറഞ്ഞ ഒരു കാര്യം വായിച്ചത് ഇന്നും ഓര്‍മയുണ്ട്. സിനിമ കണ്ട ശേഷം പല എന്‍ജിനീയര്‍മാരും ഡോക്ടര്‍മാരും  അദ്ദേഹത്തെ വിളിച്ചു, ഇഷ്ടമുള്ളതു കൊണ്ടല്ല, വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്  ഞങ്ങള്‍ ഈ പ്രൊഫഷനു ചേര്‍ന്നതെന്നായിരുന്നു അവര്‍ പറഞ്ഞത്. സ്ഫടികം വീണ്ടുമെത്തുമ്പോള്‍ തിയറ്ററില്‍ തന്നെ പോയി കാണണം. തിലകന്റെ ചാക്കോ മാഷിനെയും മോഹന്‍ലാലിന്റെ ആടുതോമയെയും സ്ഫടികം ജോര്‍ജിന്റെ എസ്.ഐ.കുറ്റിക്കാടനെയും കെ.പി.എ.സി ലളിതയുടെ പൊന്നമ്മച്ചിയെയും ഉര്‍വശിയുടെ തുളസിയെയും നെടുമുടിയുടെ രാവുണ്ണി മാഷിനെയും കരമനയുടെ ഒറ്റപ്ലാക്കലച്ചനെയും എന്‍.എഫ് വര്‍ഗീസിന്റെ കോണ്‍സ്റ്റബിള്‍ പാച്ചുപിള്ളയെയും സില്‍ക്ക് സ്മിതയുടെ ലൈലയെയുമൊക്കെ കണ്ട് 'ഓര്‍മകളുടെ ഓടക്കുഴലൂതണം'. എ പ്ലസ് ബി ഓള്‍ സക്വയറിന്റെ പൂര്‍ണരൂപം പറയാതെ തോമസ് ചാക്കോ അടികൊണ്ടു കരയുമ്പോള്‍ ഇരുപത്തെട്ടു വര്‍ഷങ്ങള്‍ക്കിപ്പുറവും  കണ്ണു നിറയുമോ? നിറയുമെന്നു തന്നെയാണ് വിശ്വാസം.